അപ്പനും-മകനും- പിന്നെ നമ്മളും

Share News

ഒരേ ഒരു പരിഭവമേ ആ യുവാവിനുണ്ടായിരുന്നുള്ളു;അപ്പൻ്റെ മദ്യപാനം.

”അച്ചാ, എങ്ങനെയെങ്കിലും ഒന്നിടപെടണം.പറ്റുമെങ്കിൽ വീട്ടിൽ വരണം. അപ്പനുമായ് സംസാരിക്കണം.മദ്യപിച്ചാൽ അപ്പൻ മറ്റൊരാളാണ്. മക്കളെന്നോ ഭാര്യയെന്നോ നോട്ടമില്ല.നാണക്കേടു കൊണ്ട് പുറത്തിറങ്ങാൻ മേലെന്നായി.

“ഒരു ദിവസം, ആ യുവാവിൻ്റെ അപ്പനെ പള്ളിയിലേക്ക് വിളിപ്പിച്ചു. കുറേനേരം സംസാരിച്ചു. അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അയാളിങ്ങനെ പറഞ്ഞു: ”തെറ്റുകളെല്ലാം എനിക്ക് മനസിലായി. എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി, ഇന്നു മുതൽ ഞാൻ മദ്യം തൊടില്ല. ഇത് ഞാൻ അച്ചന് തരുന്ന വാക്കാണ്.അച്ചൻ പ്രാർത്ഥിക്കണം.”പിറ്റേ ആഴ്ച മുതൽ അയാൾ മുടങ്ങാതെ പള്ളിയിൽ വരാൻ തുടങ്ങി. അദ്ഭുതകരമായ മാറ്റം അയാളിൽ സംഭവിച്ചു

. ഭാര്യയും മക്കളും വന്ന് പറഞ്ഞു: “ഇപ്പോഴാണച്ചാ, കുടുംബം സ്വർഗ്ഗമായത്!”മൂന്നു വർഷങ്ങൾ കഴിഞ്ഞ്ഒരുനാൾ അയാളെന്നെ കാണാൻ വന്നു.

മുഖം കണ്ടാലറിയാംഎന്തോ പ്രയാസമുണ്ടെന്ന്. കണ്ണീരോടുകൂടി അയാൾ പറഞ്ഞു:” അച്ചാ, വല്ലാത്ത വിഷമത്തിലാണ് ഞാൻ. എൻ്റെ മദ്യപാനം നിർത്താൻ വേണ്ടി അച്ചൻ്റെയടുത്ത് കരഞ്ഞുകൊണ്ടു വന്ന മകനില്ലേ? അവനിപ്പോൾ മദ്യപാനിയായി. സ്ഥിരം മദ്യപിച്ചാണ് വരവ്.എത്ര പറഞ്ഞിട്ടും ഒരു ഗുണവുമില്ല. അച്ചനൊന്ന് വിളിച്ചു സംസാരിക്കണം…

.”അന്നെനിക്ക് വല്ലാത്ത വിഷമമായിരുന്നു.അപ്പൻ്റെ ദുശ്ശീലത്തെ ഓർത്ത് നൊമ്പരപ്പെട്ട മകൻ, അതേ ദുശ്ശീലത്തിന് അടിമയായെന്നോ….?

അവിശ്വസനീയം!ഞാനവനെ വിളിച്ച് കാര്യങ്ങൾ തിരക്കി. അവനെല്ലാം സമ്മതിച്ചു. ” എന്നെങ്കിലും അച്ചനിതെല്ലാം അറിയുമെന്ന് എനിക്കുറപ്പായിരുന്നു. എല്ലാം അവസാനിപ്പിക്കണമെന്നുണ്ടച്ചാ.പറ്റുന്നില്ല. ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന, അതേ ചെളിക്കുളത്തിലാണ് ഇന്നു ഞാൻ നിപതിച്ചിരിക്കുന്നത്. എല്ലാത്തിനും പ്രശ്നം എൻ്റെ കൂട്ടുകെട്ടാണ്…. അപ്പനെപ്പോലെ, എനിക്കും വേണം ഒരു പുനർജന്മം. അച്ചൻ പ്രാർത്ഥിക്കണം.

“ഒന്നു ചിന്തിച്ചു നോക്കിക്കേ,നമ്മളും ആ യുവാവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലല്ലോ?ഒരിക്കലും ചെയ്യില്ലെന്ന് നിനച്ച എത്രയെത്ര തിന്മകൾക്കാണ് നാമിന്ന് അടിമപ്പെട്ടിരിക്കുന്നത്?

ഒരുകാലത്ത് ഏറ്റവും വെറുപ്പോടുകൂടി കണ്ട എത്രയെത്ര കാര്യങ്ങളാണ് നാമിന്ന് നിസാരവത്ക്കരിക്കുന്നത്?

നമുക്കും വേണ്ടേ ചില മാറ്റങ്ങൾ?

തിന്മയുടെ ശക്തികൾ ചുറ്റുമുണ്ടെന്ന് ഓർമപ്പെടുത്തുന്നക്രിസ്തുവിൻ്റെ ആ വാക്കുകൾമറക്കാതിരിക്കാം:

“ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍ !

”(മര്‍ക്കോ 13 :5).

ഫാദർ ജെൻസൺ ലാസലെറ്റ്ആഗസ്റ്റ് 22-2020.

Share News