ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്ക് ആയിരം രൂപ വീതം അടുത്തയാഴ്ച വിതരണം ചെയ്യും

Share News

തിരുവനന്തപുരം;സംസ്ഥാനത്ത് ക്ഷേമപെൻഷനുകളും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അർഹരായ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.ലിസ്റ്റ് തയ്യാറാക്കാനായി എൻ. ഐ. സിയുടെ സഹായം തേടിയിരുന്നു. എന്നാൽ ചില ജില്ലകളിലെ ലിസ്റ്റിൽ പാകപ്പിഴയുണ്ടായതിനാൽ ഇത് പരിശോധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയ്യാറാകും.ഇവർക്കെല്ലാം ആയിരം രൂപ വീതം നൽകിക്കഴിഞ്ഞാൽ കൂടുതൽ ധനസഹായം തുടർന്ന് നൽകാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാറ്റിയ 500 കോടി രൂപയുണ്ട്. അടുത്ത മാസം മറ്റൊരു 500 കോടി രൂപ കൂടി ലഭിക്കും. ജനങ്ങളെ സഹായിക്കുകയാണ് സർക്കാരിന്റെ നയം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ ഊർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാൻ വേണ്ട നിർദ്ദേശങ്ങളില്ല. കോർപറേറ്റുകളെ സഹായിക്കുന്ന നടപടികളാണുള്ളത്. സ്വകാര്യവത്ക്കരണത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.ആരോഗ്യമേഖലയിൽ പോലും കോർപറേറ്റ് ആശുപത്രി ശൃംഖലയ്ക്ക് പിന്തുണ നൽകിയിരിക്കുകയാണ്. പ്രതിരോധ മേഖല, ആണവോർജം, കൽക്കരി, ബഹിരാകാശ മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടക്കാൻ പോവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു