
മരണക്കിടക്കയിൽ ആദ്യ കുർബാന സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞ് ഗ്യാബി യാത്രയായി, പുഞ്ചിരിയോടെ
ജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപ്പാലത്തിൽവെച്ച് ദിവ്യകാരുണ്യ നാഥനെ നാവിൽ രുചിച്ചറിഞ്ഞതിന്റെ ആനന്ദത്തോടെ 10 വയസുകാരി ഗ്യാബി ദൈവസന്നിധിയിലേക്ക് യാത്രയായി.

ഈശോയുടെ തിരുമുഖം കാണാനാകുമെന്ന സന്തോഷത്തിൽ പുഞ്ചിരിച്ച മുഖവുമായിട്ടായിരുന്നു ഗ്യാബി എന്ന ഗബ്രിയേല റൊമാനോസ്‌കിയുടെ അന്ത്യയാത്ര. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിതയായിരുന്നു ബ്രസീലിലെ ഗ്യാബിയുടെ ആദ്യ കുർബാന സ്വീകരണത്തിനും സ്‌ഥൈര്യലേപനത്തിനും ആശുപത്രിമുറിതന്നെ വേദിയായത്.

ഹൃദയപേശികളുടെ തകരാർമൂലം ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന കാർഡിയോമയോപ്പതി രോഗിയായിരുന്നു ഗ്യാബി.

ആദ്യകുർബാന സ്വീകരണത്തിന് തയാറെടുക്കവെയാണ് രോഗാവസ്ഥ കൂടുതൽ ഗുരുതരമായത്. അതേ തുടർന്ന് ഒക്ടോബർ അഞ്ചിന് ബ്രസീലിലെ കുരുറ്റിബ സിറ്റിയിലുള്ള ലിറ്റിൽ പ്രിൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗ്യാബി ജീവിതത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ ഹൃദയം മാറ്റിവെക്കൽ അടിയന്തിരമായി നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്.

ഒക്‌ടോബർ 25നായിരുന്നു ആ സുദിനം. കുരുറ്റിബ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഹോസെ അന്തോണിയോ പെറുസോ അർപ്പിച്ച ദിവ്യബലിക്കിടയിൽ വെച്ചായിരുന്നു ഗ്യാബിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വീൽചെയറിലിരുന്ന് ദിവ്യകാരുണ്യം സ്വീകരിച്ചശേഷം ആർച്ച്ബിഷപ്പിൽനിന്നുതന്നെ സ്‌ഥൈര്യലേപനവും സ്വീകരിച്ചു.

ആർച്ച്ബിഷപ്പ് തന്നെ അവൾക്ക് ജ്ഞാനസ്‌നാന പിതാവായി എന്നതും മറ്റൊരു സവിശേഷത.
നവംബർ എട്ടിനായിരുന്നു അവളുടെ വിയോഗം, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുമുമ്പേ ഗബ്രിയേല ദൈവസന്നിധിയിലേക്ക് യാത്രയായി. അവളുടെ ഇടവകയായ സേക്രഡ് ഹാർട്ട് ഓഫ് മേരി ദൈവാലയാധികാരികളാണ് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഈ ദിവ്യകാരുണ്യ ഭക്തയുടെ മരണവിവരം അറിയിച്ചത്.
‘ദിവ്യകാരുണ്യത്തിലൂടെ യേശുവിനെ സ്വീകരിക്കാൻ ആഗ്രഹിച്ച ഗ്യാബി നല്ല ഇടയനായ ദൈവത്തിന്റെ കരങ്ങളിലാണിന്ന്.ഗ്യാബിയുടെ വിശ്വാസവും സ്‌നേഹവും പ്രത്യാശയും ബ്രസീലിലും ലോകം മുഴുവനിലും എത്തിയിരിക്കുന്നു,’ അവർ ഫേസ്ബുക്കിൽ കുറിച്ചു
.ക്രെസ്‌ലിൻ നെറ്റോകടപ്പാട്: സൺഡേ ശാലോം

Soniya Kuruvila (Sr Sonia Teres)