ആർക്കു വേണ്ടിയാണ് ഞാനീ കഷ്ടപ്പെടുന്നത്?
ഞങ്ങളുടെ സഭയിലെ അച്ചന്മാർക്ക് ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ വന്നതായിരുന്നു കപ്പൂച്ചിൻ സഭാംഗവും എൻ്റെ ഗുരുനാഥനുമായ ജോർജ് വലിയപാടത്തച്ചൻ.
അച്ചൻ അന്ന് പറഞ്ഞ ഉദാഹരണവും സന്ദേശവും ഇന്നും എൻ്റെ ഓർമയിലുണ്ട്. അതിപ്രകാരമാണ്:
”കാറ്റത്ത് മറിഞ്ഞു കിടക്കുന്ന വാഴകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലെ?അവയിൽ ചിലത് കുലയുള്ളതും ചിലത് കുലയില്ലാത്തതവയുമായിരിക്കും.
എന്തു തന്നെയായാലും വീണു കിടക്കുന്ന വാഴ ആ അവസ്ഥയിൽപോലും ഒന്നു മാത്രമെ അഗ്രഹിക്കുന്നുള്ളു; തന്നെ നട്ട് വലുതാക്കിയ കർഷകന് ഒരു നല്ല കുലയെങ്കിലും കൊടുക്കണം എന്ന ആഗ്രഹം.അതിൻ്റെ ഫലമായി, വീണു കിടക്കുന്നവയിലെ കുലക്കാത്ത വാഴകൾ കുലക്കുന്നു.
മൂക്കാത്ത കുലകൾ മൂക്കുന്നു അതുപോലെ തന്നെ,പുഷ്പിക്കുന്ന ചെടികൾക്ക് പുഷ്പിക്കാനായി പൂന്തോട്ടം തന്നെ വേണമെന്ന് നിർബന്ധമില്ല.അതിപ്പോൾ സെമിത്തേരിയിലായാലും തെങ്ങിൻ ചുവട്ടിലാണെങ്കിലും അവ പുഷ്പിക്കുക തന്നെ ചെയ്യും.
എന്താണതിനു കാരണം?
ആ ചെടിയുടെ ശ്രദ്ധ മറ്റുള്ളവർ അതിനെ നോക്കുന്നുണ്ടോ, പരിഗണിക്കുന്നുണ്ടോ എന്നതിലല്ല, മറിച്ച് ആ ചെടിയെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റുക എന്നതിലാണ്.
മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കി ജീവിക്കുന്നവർക്ക് ഒരിക്കലും നന്മയുള്ള ജീവിതം നയിക്കാൻ സാധിക്കുകയില്ല! പ്രതിസന്ധികൾ എന്തു തന്നെയായാലും പ്രകൃതി പഠിപ്പിക്കുന്ന വലിയ പാഠം മറ്റൊന്നുമല്ല; അതിജീവിക്കുക, ഫലം നൽകുക എന്നതാണ്.”എത്രയോ അർത്ഥവത്തായ വാക്കുകൾ അല്ലെ?
ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടില്ലെ, ഞാൻ ആർക്കു വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്?
ആരും എന്നെ മനസിലാക്കുന്നില്ല. എന്തു ചെയ്താലും കൂടെയുള്ളവർ കുറ്റം മാത്രമെ കണ്ടു പിടിക്കുന്നുള്ളു. പിന്നെ എന്തിനാണിങ്ങനെ ചത്ത് കിടന്ന് പണിയെടുക്കുന്നത്….
എന്നെല്ലാം?
ഇങ്ങനെയുള്ള ചിന്തകൾ വരുമ്പോൾ ക്രിസ്തുവിൻ്റെ ഈ വാക്കുകളും ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ്: “…..ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത് ” (മത്തായി 12 : 33).
അതെ, നമ്മൾ നല്ല വൃക്ഷങ്ങളാണോ അല്ലയോഎന്ന് നമ്മുടെ ചുറ്റുമുള്ളവരും ദൈവവും വിലയിരുത്തുന്നത് നമ്മിലൂടെ ലഭിക്കുന്ന ഫലങ്ങൾ നോക്കിയാണ്.
ഫലം നൽകുന്ന ഏതു വൃക്ഷത്തിനും മുറിവേറ്റിട്ടുണ്ട്. സമയമുള്ളപ്പോൾ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങളെഒന്നു നോക്കണേ.
.മാവിൻ്റെയും പ്ലാവിൻ്റെയും തെങ്ങിൻ്റെയുമെല്ലാം ഉടലിൽ വെട്ടിമുറിവേൽപ്പിക്കപ്പെട്ടതിൻ്റെ അടയാളങ്ങൾ കാണാം.ഒന്നോർക്കുക:നിങ്ങൾ ഏത് സാഹചര്യത്തിലായാലും ഫലം നൽകുക എന്നത് നിങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതിയാണെന്നു മനസ്സിലാക്കിയാൽആർക്കു വേണ്ടിയാണ് ഞാനീ കഷ്ടപ്പെടുന്നത് എന്ന ചിന്തയെ എളുപ്പത്തിൽ അതിജീവിക്കാനാകും. ഉറപ്പാണത്.
ഫാദർ ജെൻസൺ ലാസലെറ്റ്