വഴിമാറികൊടുക്കുന്നവർ വിനയമുള്ളവരാണ്. അവർ മറ്റുള്ളവർ വളരണം എന്നാഗ്രഹിക്കുന്നവരാണ്.

Share News
ഫാദർ.ജെൻസൺ ലാസലെറ്റ്

പ്ലീസ്…. ഒന്നു വഴിമാറികൊടുക്കാമോ?ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നത്; കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 11ന്,ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗം. ആ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകളേറെ വന്നു.എന്നാൽ എന്നെ അതിശയിപ്പിക്കുന്നത് അതൊന്നുമല്ല; സ്ഥാനത്യാഗത്തിനു ശേഷം പിന്നീടൊരിക്കലും അഭ്രപാളിയിലേക്ക് അദ്ദേഹം വന്നിട്ടില്ല. പുറ്റിനുള്ളിലെ ചിതല് പോലെ ഒരു Self Quarantine ലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു.

ഇന്ന് ലോകം മുഴുവനും ഫ്രാൻസിസ് പാപ്പയെ വാഴ്ത്തുമ്പോഴും അദ്ദേഹം ചെയ്യുന്നത് ശരിയാണെന്നോ തെറ്റാണെന്നോ കുറച്ചു കൂടെ നന്നായ് ചെയ്യണമെന്നോ കേമമാണെന്നോ…..തുടങ്ങിയ ഒരഭിപ്രായവും പറയാൻബെനഡിക്ട് പതിനാറാമൻ എന്ന മുനിവര്യൻ മാധ്യമങ്ങൾക്കു മുമ്പിൽ വന്നിട്ടില്ലെന്നത് തീർത്തും അതിശയകരം തന്നെ

!ഒരു കാലം കഴിഞ്ഞാൽ വഴിമാറി കൊടുക്കാനുള്ള ചങ്കൂറ്റം ഒരു കൃപയാണ്. വഴിമാറി കൊടുത്തതിനു ശേഷം വഴിമുടക്കികളാകാതിരിക്കുക എന്നത് ഒരു പുണ്യവും.സുവിശേഷത്തിലുമുണ്ട് വഴിമാറികൊടുത്ത് മാതൃകയായവർ:അവരിൽ ഏറ്റവും വലിയവൻ സ്നാപക യോഹന്നാൻ തന്നെ.ജനക്കൂട്ടം മുഴുവനും അയാൾ ക്രിസ്തുവാണെന്ന് തെറ്റിദ്ധരിച്ചപ്പോഴും അവസരം മുതലാക്കാതെ അയാൾ വിളിച്ചു പറഞ്ഞു: “ഞാൻ ക്രിസ്തുവല്ല.എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല…അവൻ വളരുകയും ഞാൻ കുറയുകയും വേണം” (യോഹ 1: 20, മത്തായി 3 : 11, യോഹ 3:30).പരിശുദ്ധ അമ്മയും സ്വയം അണിയറയിലേയ്ക്ക് ഒതുങ്ങിയവളാണ്.കാനായിലെ കല്ല്യാണനാളിൽ വെള്ളം വീഞ്ഞാക്കാനുള്ള നടപടികൾക്ക് നേതൃത്വം കൊടുത്ത അമ്മയെ പിന്നീടവിടെയൊന്നും നമ്മൾ കാണുന്നില്ലല്ലോ? (Ref: യോഹ 2).എവിടെയെല്ലാമാണ് നമ്മൾ വഴിമാറി കൊടുക്കേണ്ടത്?ഒരു കാലം കഴിഞ്ഞാൽ മക്കൾക്ക് വഴിമാറികൊടുക്കണം – അപ്പന്മാർ,മരുമക്കൾക്ക് വഴിമാറികൊടുക്കണം – അമ്മായിയമ്മമാർ,വന്നുകയറിയ പെണ്ണിന് വഴിമാറികൊടുക്കണം- നാത്തൂന്മാർ,സ്ഥലം മാറി പോയാൽ മുമ്പിരുന്ന പള്ളിയിലെ കാര്യങ്ങളിൽ ഇടപെടാതിരിക്കണം – അച്ചന്മാർ,പുതിയ ആശ്രമത്തിലേയ്ക്കും മoത്തിലേയ്ക്കും ചേക്കേറിയാൽ പഴയ സ്ഥലത്തെ കാര്യങ്ങളിൽ ഇടപെടാതിരിക്കണം – സമർപ്പിതർ,ജോലി ചെയ്യുന്ന സ്ഥാപനം ഏതായാലും അവിടെ നിന്നും സ്ഥലം മാറിയിയാലോ വിരമിച്ചാലോ ആ സ്ഥാപനത്തിലെ കാര്യങ്ങളിൽ ഇടപെടാതിരിക്കണം – ഉദ്യോഗസ്ഥർ,പ്രായമേറുന്നത് തിരിച്ചറിഞ്ഞെങ്കിലും യുവതലമുറയ്ക്ക് വഴിമാറികൊടുക്കണം – രാഷട്രീയ നേതാക്കൾ,……. യഥേഷ്ടം നിങ്ങൾക്കും കൂട്ടി ചേർക്കാം വഴി മാറേണ്ട ഇടങ്ങൾ.വഴിമാറികൊടുക്കുന്നവർ വിനയമുള്ളവരാണ്. അവർ മറ്റുള്ളവർ വളരണം എന്നാഗ്രഹിക്കുന്നവരാണ്.അങ്ങനെയുള്ള ഒരു വ്യക്തിയാണോ നിങ്ങൾ?

ഫാദർ.ജെൻസൺ ലാസലെറ്റ്

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു