
സ്വർണക്കടത്ത്:ജുഡിഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍മികത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വന്തം ഓഫീസിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സെക്രട്ടേറിയറ്റില്‍ വരെ എത്തിയെന്നും ഏത് നിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സോളാര്‍ കേസിലേതുപോലെ ജുഡീഷല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിതയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
ഇത്രയും കാലം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആള്‍ക്ക് സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചും സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ചും സി ബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എ മാരും എംപിമാരും നടത്തുന്ന സത്യഗ്രഹത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും കെപിസിസി, ഡിസിസി ഭാരവാഹികളും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.