ഒന്നും ശരിയായ വഴിയിൽ നടക്കരുത് എന്നതു മാത്രമായി രാഷ്ട്രീയ പ്രവർത്തനവും ഭരണവും മാറിയാൽ, ജനങ്ങൾക്കു നിസ്സഹായരായി നിൽക്കുകയേ നിവൃത്തിയുള്ളു!

Share News

മാസപ്പടി എപ്പടീ എപ്പടീ …?

1990 ന്റെ രണ്ടാം പകുതിയോടെ, കേരളത്തിന്റെ കടൽത്തീരത്തു വളർന്നുവന്ന ഏറ്റവും ശ്രദ്ധേയമായ വ്യവസായ സംരംഭമാണ് കരിമണൽ ഖനനവും, കരിമണലിൽനിന്നു വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ്, മോണസൈറ്റ്, ‌റൂട്ടയിൽ, സിർകോൺ തുടങ്ങിയ വിലപ്പിടിപ്പുള്ള ധാതുക്കളുടെ വിപണനവും. 1922 മുതൽ കേരള തീരത്തു കൊല്ലം കേന്ദ്രമായി സർക്കാർ മേഖലയിൽ ഖനനം നടക്കുന്നുണ്ടെങ്കിലും, ആറ്റമിക് എനർജിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ, സ്വകാര്യ സംരംഭകർക്കു കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നു ഖനന അനുമതി നേടുക എളുപ്പമായിരുന്നില്ല. 1991 നു ശേഷം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണ – ആഗോളീകരണ നയങ്ങളോടെയാണ് ഈ മേഖലയിലേക്ക് സ്വകാര്യ സംരംഭകർ കടന്നു വന്നത്.

കേരളം കുറേക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ‘മാസപ്പടി’ വിവാദവുമായി ബന്ധപ്പെട്ട കരിമണൽ വ്യവസായ സ്ഥാപനമാണ്, സ്വകാര്യ സംരംഭകർക്കു കരിമണൽ ഖനനം നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിക്കൊണ്ട് സുപ്രീം കോടതിയിൽനിന്നും ഉത്തരവു സമ്പാദിച്ചുകൊണ്ട്, 1996 ൽ ഈ രംഗത്തേക്കു കടന്നുവന്ന സ്വകാര്യ സംരംഭകരിലെ തുടക്കക്കാരനും, തുടർന്ന് കരിമണൽ വ്യവസായ രംഗത്തെ അതികായനുമായി വളർന്നു വന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

അഭൂതപൂർവ്വമായ ഈ വളർച്ചക്കും, കേരള തീരത്തു കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാഷ്ട്രീയ പിന്തുണയോടെ നടന്നുവരുന്ന കരിമണൽ ഖനന വിരുദ്ധ സമരങ്ങൾക്കും, അതിനു പിന്നിലുള്ള രാഷ്ട്രീയ നാടകങ്ങൾക്കും കൈക്കൂലിക്കും അഴിമതിക്കും ജന വഞ്ചനക്കും മുൻപിൽ, ഇപ്പോഴത്തെ ഈ മാസപ്പടി വിവാദം വെറും കൊടുങ്കാറ്റിലെ അപ്പൂപ്പൻ താടി മാത്രമാണ്! ഇതറിയാത്തവരല്ല കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയക്കാരനും!

യു ഡി എഫിലെ ശ്രീ. വി എം സുധീരൻ മുതൽ സാമൂഹ്യ പ്രവർത്തക മേധാ പട്ക്കറും ശ്രീ. പിണറായി വിജയൻ എന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി വരെയുള്ളവർ, പല കാലങ്ങളിലായി കരിമണൽ ഖനന വിരുദ്ധ സമരം നയിച്ചിട്ടുള്ളവരും സമരത്തിനു ശക്തിപകർന്നുകൊണ്ട്, കൊല്ലം മുതൽ പുന്നപ്ര വരെയുള്ള തീരദേശ ജനതയ്ക്കൊപ്പം നിന്നിട്ടുള്ളവരുമാണ്! കേരള തീരത്തെ കരിമണൽ വിരുദ്ധ സമരം കേരളത്തിലെ ജനകീയ സമരങ്ങളിൽ ഏറ്റവും വലുതും ശക്തവുമായി വളർന്നു വന്നതോടൊപ്പം, കേരള തീരത്ത് കരിമണൽ വ്യവസായവും വളർന്നുകൊണ്ടിരുന്നു! എന്നു മാത്രമല്ല, പരിധിയും നിയന്ത്രണങ്ങളും നിയമപരമായ റോയൽറ്റിയും കൃത്യമായ പരിശോധനകളുമില്ലാതെ, അതിപ്പോഴും കേരളത്തിന്റെ മണ്ണിൽ തഴച്ചു വളരുന്നു എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും മാറി മാറി വരുന്ന സർക്കാരുകളുടെയും ട്രാൻസ്പരൻസിയും, സമര രാഷ്ട്രീയത്തിന്റെ മറുപുറവും തുറന്നു കാട്ടുന്നത്! പതിറ്റാണ്ടുകളുടെ മാസപ്പടി ഡയറികൾ നിശബ്ദമായി അക്കഥ വിളിച്ചു പറയുന്നുണ്ടാവും!

എന്തുകൊണ്ട് ചില വ്യവസായികൾ കേരളത്തിൽനിന്നും കെട്ടുകെട്ടുന്നു, എന്തുകൊണ്ട് ചിലർ മാസപ്പടി ഡയറികൾക്കുപിന്നിൽ നിയന്ത്രണങ്ങളില്ലാതെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു എന്നു ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഇതിന്, മാസപ്പടി നൽകുന്ന വ്യവസായിയെ കുറ്റപ്പെടുത്തിയിട്ടോ വിചാരണ നടത്തി ശിക്ഷിച്ചിട്ടോ കാര്യമുണ്ടോ?

മുക്കാൽ നൂറ്റാണ്ടിലേറെ കേരളത്തിന്റെ വ്യവസായ വളർച്ച സമ്പൂർണ്ണമായി നിരോധിച്ചു സമരം ചെയ്തു ഭരിച്ചവർ, ഇപ്പോൾ ജനകീയ സമരങ്ങളും വ്യവസായവും ഒരുമിച്ചു ഹൈജാക്ക് ചെയ്തു ജനങ്ങളെ വിഡ്ഢികളാക്കുന്ന കുതന്ത്രമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നറിയാത്തവരല്ല, കേരളത്തിലെ മാധ്യമങ്ങളും പൊതു പ്രവർത്തകരും! അവരും ഇപ്പോൾ, ഇതെല്ലാം നന്നായി ആസ്വദിക്കുകയാണ്!

ഒന്നും ശരിയായ വഴിയിൽ നടക്കരുത് എന്നതു മാത്രമായി രാഷ്ട്രീയ പ്രവർത്തനവും ഭരണവും മാറിയാൽ, ജനങ്ങൾക്കു നിസ്സഹായരായി നിൽക്കുകയേ നിവൃത്തിയുള്ളു!

പിൻ കുറിപ്പ്: കരിമണൽ വ്യവസായം സുതാര്യമായും നിയമാനുസൃതമയും നടക്കുകയും, അതാതു വർഷത്തെ ‘മാസപ്പടി’ നികുതിയിനത്തിൽ സർക്കാരിൽ അടയ്ക്കുകയും ചെയ്തിരുന്നുവെങ്കിൽ, കേരളത്തിന്റെ തീരദേശം മാത്രമല്ല, കേരളം തന്നെയും യൂറോപ്പിനൊപ്പം എത്തുമായിരുന്നു! തീരം ഇടിഞ്ഞ് ഇല്ലാതാകുന്ന പ്രതിഭാസം ഒഴിവാകുകയും ചെയ്യുമായിരുന്നു! കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയും എന്നു കരുതുന്നില്ല. 🤭

Share News