
സ്വർണക്കടത്ത്: ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി
ശിവശങ്കരെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ചികിത്സാ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.
ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനു സഹായിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇഡി ആരോപിച്ചത്. ശിവശങ്കറിന് എതിരായ തെളിവുകള്‍ ഇഡി കോടതിയില്‍ നല്‍കിയിരുന്നു. അന്വേഷണ ഏജന്‍സിയുടെ വാദങ്ങള്‍ പ്രഥമദൃഷ്യാ നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.