
സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി.വിവിധ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും.
ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. അവശ്യസേവന വകുപ്പുകളിലെ ജീവനക്കാര്‍ എല്ലാ ദിവസവും ഹാജരാകണം.
മറ്റ് ജില്ലകളില്‍ അകപ്പെട്ട ജീവനക്കാര്‍ക്ക് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാന്‍ കെഎസ്ആര്‍ടിസി ബസ് സൗകര്യം അതത് ജില്ലാ കളക്ടര്‍മാര്‍ ഒരുക്കണം. ഇതിനായി വരുന്ന ഡീസല്‍ ചെലവ് എസ്ഡിആര്എഫില് നിന്ന് കണ്ടെത്തുകയും യാത്രക്കാരില്‍ നിന്ന് ഒരു നിശ്ചിത യാത്രാക്കൂലി ഈടാക്കുകയും വേണം.
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍, ഭിന്നശേഷിക്കാരും- അംഗപരിമിതരുമായ കുട്ടികളുടെ രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം.
മറ്റു ജില്ലകളില്‍നിന്ന് മടങ്ങിയെത്താന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് മുമ്ബില്‍ റിപ്പോര്‍ട്ടുചെയ്യുകയും ആ ജില്ലയില്‍തന്നെ തുടരുകയും വേണം. കോവിഡ് നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ജില്ലാ കളക്ടര്‍മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.