
സംസ്ഥാനത്ത് ശക്തമായ മഴ:പലയിടത്തും മണ്ണിടിച്ചില്‍
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയാണ് വ്യാപകമായ മഴ ലഭിച്ചത്. കോട്ടയം-ചിങ്ങവനം റെയില്‍ പാതയില്‍ റെയില്‍വേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം ദിശയില്‍ മഞ്ഞിടിഞ്ഞത്.
കൊവിഡ് സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെ മാത്രമേ ഓടുകയുള്ളൂ. മണര്‍ക്കാട് മൂന്ന് വീടുകള്‍ തകര്‍ന്നു.
കോട്ടയം നഗരസഭയിലെ 49-ാം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡിന്റെ പകുതിയോളം ഭാഗം മഴയില്‍ ഇടിഞ്ഞു. ഈ ഭാഗത്ത് വന്‍മരം കടപുഴകി വീഴുകയും ചെയ്തതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈക്കത്തിനടുത്ത് ചെമ്ബില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. എറണാകുളം ജില്ലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. കൊച്ചി ഇടപ്പള്ളി വട്ടേക്കുന്നത്ത് കനത്ത മഴയില്‍ റോഡ് തകര്‍ന്നു. റോഡ് വക്കത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് വീണു. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. വൈക്കത്ത് തോട് നിറഞ്ഞ് ടൗണ്‍ഹാള്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായി.