സ്മൃതി പഥങ്ങളിലെ ഗാന്ധി|ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല.

Share News

” ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പങ്കുവെച്ച വികാര നിർഭരമായ വാക്കുകൾ കാലതിവർദ്ധിയായി നിലനിൽക്കുന്നു.

കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല.

“നേരാണു നമ്മൾക്കുണ്ടായിരുന്നു

സൂര്യനെപ്പോലെയോരപ്പൂപ്പൻ മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞകണ്ണും

മുൻ വരി പല്ലില്ലാപ്പുഞ്ചിരിയും വെൺനുരചൂടും വിരിഞ്ഞ മാറും”

സുഗതകുമാരി ടീച്ചർ വാക്കുകൾ കൊണ്ട് തീർത്ത ഗാന്ധിചിത്രം എത്ര മനോഹരമാണെന്ന് നോക്കൂ

“മറന്നുവോ മനുജരെ മറന്നുവോ മക്കളെ നിങ്ങളിന്നെന്നെ മറന്നുവോ” എന്നു വിലപിക്കുന്ന ഗാന്ധിയെക്കുറിച്ചു പണ്ട് ഞാൻ എഴുതിയിട്ടുണ്ട്.അതെ

ദിശതെറ്റിയ,അക്ഷരത്തെറ്റുകൾ ശീലമാക്കിയ ഒരു കാലത്തു സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോടു സംവദിക്കാൻ ഗാന്ധിയെക്കാൾ മികച്ചൊരാൾ ഇല്ല.അദ്ദേഹം നമ്മെ ഓർമ്മ പെടുത്തുന്നു.

“നിങ്ങള്‍ മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്”

ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകൾ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.

ലക്ഷ്യം മാത്രമല്ല അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ സമകാലിക ഇൻഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്‌.

ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗ തടസ്സമായി പലർക്കും അനുഭവപ്പെട്ടെക്കാം.

സ്ത്രീപുരുഷ ഭേദമന്യേ എല്ലാ മഹദ് വ്യക്തി കൾക്കും സംഭവിക്കാറുള്ള ദുര്യോഗം ഗാന്ധിജി യുടെ കാര്യത്തിലും സംഭവിച്ചു. ഗാന്ധി നമ്മുടെ കറൻസിയിലുണ്ട്. വിദേശത്തെ വി.ഐ.പി. അതിഥികൾ വരുമ്പോൾ അവരെ നമ്മൾ ഗാന്ധിസമാധിയിലും ആശ്രമത്തിലും എത്തിക്കുന്നു. പ്രസംഗങ്ങളിൽ ഗാന്ധിയെ ഉദ്ധരിക്കുന്നു. അല്ലാതെ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരാൻ ആരും തയ്യാറാകുന്നില്ല. അധികാരവും സംവിധാനങ്ങളും കൈയിലെത്തിയപ്പോഴേക്കും ഇന്ത്യക്കാർ ഗാന്ധിയെ മറക്കാൻ ഇഷ്ടപ്പെട്ടു എന്നതല്ലേ വാസ്തവം.

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സമര മാർഗമായ സത്യാഗ്രഹത്തെ കുറിച്ച് ഗാന്ധി പറയുന്നത് ഇപ്രകാരമാണ്.

“സത്യഗ്രഹം കൊണ്ട് ഞാൻ അർഥമാക്കുന്നത് സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം സത്യഗ്രഹി മറക്കാൻ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവർക്കെതിരെ വിദ്വേഷമോ പകയോ വെച്ചുപുലർത്തരുത്. സത്യഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്നേഹംകൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുക. അതുകൊണ്ട് സത്യഗ്രഹ സമരത്തിനിരിക്കുന്ന ഒരാൾ കോപം, വിദ്വേഷം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളിൽനിന്ന് താൻതന്നെ പൂർണമായും വിമുക്തനാണെന്നും തെൻറ സത്യഗ്രഹം കൊണ്ട് ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകൾ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സത്യഗ്രഹി ശ്രദ്ധാപൂർവം ആത്മപരിശോധന നടത്തുകയും ചെയ്യണം”. സത്യവും അഹിംസയും സമരായുധങ്ങളാക്കി ലോകത്തിനു മുമ്പിൽ സമാനതകളില്ലാത്ത പുതിയൊരു മാതൃക സൃഷ്ടിച്ച മഹാത്മാവിന്റെ പിൻ തലമുറക്ക് വാസ്തവത്തിൽ ഈ മൂല്യങ്ങൾ ഇന്ന് ബാധ്യത യായി മാറിയിരിക്കുന്നു.

യുവ ചരിത്രകാരനായ മനു എസ് പിള്ളയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

“ഗാന്ധിയുടെ നിലനിൽക്കുന്ന വലിയ സംഭാവനയായി ഞാൻ കരുതുന്നത്, നെല്ലും പതിരും തിരിച്ചറിയാൻ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ നമ്മളെ ഇപ്പോഴും സഹായിക്കുന്നു എന്നതാണ്. ആ വാക്കുകൾ പ്രസംഗങ്ങളിൽ നിറയ്ക്കുന്നവരെയും അത് ഗൗരവമായി കണക്കാക്കി പ്രവർത്തിക്കുന്നവരെയും തമ്മിൽ തിരിച്ചറിയാൻ അവ വഴിയൊരുക്കുന്നു. അദ്ദേഹം ഉദ്ദേശിച്ചിരിക്കാനിടയില്ലെങ്കിലും മനുഷ്യരുടെ യഥാർഥ മുഖം കാണിച്ചുതരുന്ന ഒരു കണ്ണാടിയായി അത് വർത്തിക്കുന്നു. അസത്യത്തിന്റെ കാലത്ത് സത്യത്തിന്റെ ധാർമികശക്തിയെപ്പറ്റി ഗാന്ധി നമ്മെ ഓർമിപ്പിച്ചുകെണ്ടേയിരിക്കുന്നു.”

സ്വാതന്ത്ര്യം, ബഹുസ്വരത, മതേതരത്വം, സമത്വം, അക്രമരാഹിത്യം തുടങ്ങി ഗാന്ധി നെഞ്ചോട് ചേർത്തുപിടിച്ച പല ആശയങ്ങളും വലിയ വെല്ലുവിളി നേരിടുകയാണെന്നതിൽ സംശയമില്ല അതിനാൽ തന്നെ പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ ഗാന്ധിയും അദ്ദേഹത്തിൻറെ ആദർശങ്ങളും എന്നും ശ്രദ്ധേയമായി നിലനിൽക്കും.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഗാന്ധിജിയെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.

“ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു ലോകത്തിലേയ്ക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സിൽ കണ്ട് അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും, ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക.”

( സാമൂഹ്യ പ്രവർത്തകനും പരീശിലകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹ സ്ഥാപകനുമാണ് ലേഖകൻ)

Share News