
രണ്ടില ചിഹ്നത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നല്‍കി വിജയിപ്പിക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു|ജോസ് കെ. മാണി
പ്രിയമുള്ളവരേ,
2026 ഏപ്രില്‍ 9ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ ജനവിധി തേടുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹവും എനിക്കുണ്ടാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.
പാലാ ട്രിപ്പിള്‍ ഐടി, സയന്‍സ് സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങി നമ്മുടെ നാടിനെ രാജ്യത്തിന്റെ വികസനഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേന്ദ്രസ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

പാലാ ഗവണ്‍മെന്റ് ആശുപത്രിയോട് ചേര്‍ന്ന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബ്, ക്യാന്‍സര്‍ ബ്ലോക്ക് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാനും സാധിച്ചു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യവികസനവും ഇലവീഴാപ്പൂഞ്ചിറ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയുടെ വളര്‍ച്ചയും ഉറപ്പാക്കാന്‍ കഴിഞ്ഞത് നിങ്ങള്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്.
എന്റെ പിതാവ് ശ്രീ കെ. എം. മാണിയുടെ നേതൃത്വത്തില്‍ 1965 മുതല്‍ 50 വര്‍ഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. വികസന ക്ഷേമ മേഖലകളില്‍ മുന്നേറാന്‍ നിങ്ങളോടൊപ്പം ഞാനുണ്ടാകും. പാലായിലെ എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും വിശ്വാസവും സ്‌നേഹവുമാണ് എന്നും എക്കാലത്തും എന്റെ കരുത്ത്.

2026 ഏപ്രില്‍ 9 ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എനിക്ക് രണ്ടില ചിഹ്നത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നല്‍കി വിജയിപ്പിക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം,
നിങ്ങളുടെ സ്വന്തം
ജോസ് കെ. മാണി
