..വോട്ടിന്റെ വില എനിക്ക് നന്നായി അറിയാം. ഞാൻ വോട്ട് ചെയ്യുന്ന ആൾ വിജയിച്ചു വന്നാൽ എനിക്ക് കൂടി അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരാളാകണം എന്നൊരാഗ്രഹം ഒരു വോട്ടർ എന്ന നിലയിൽ എനിക്ക് അഭിപ്രായമുണ്ട്
എനിക്ക് എന്റെ രാജ്യത്തെ ഭരണഘടന അനുവദിച്ചു തന്ന എന്റെ ഏറ്റവും വലിയ മൗലികാവകാശമാണ് ജനാധിപത്യ സംവിധാനത്തിൽ എനിക്കുള്ള പങ്കാളിത്തം. അത് ഞാൻ നിർവ്വഹിക്കുന്നത് എന്റെ സമ്മതിദാനാവകാശത്തിലൂടെയാണ്. ആരെ തെരഞ്ഞെടുക്കണം , എന്റെ സമ്മതിദാനാവകാശം ആർക്ക് വിനിയോഗിക്കണമെന്നത് എന്റെ മാത്രം സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ്.
ആ സ്വാതന്ത്ര്യം എനിക്ക് നല്കിയ എന്റെ രാജ്യത്തെ ഭരണഘടനയ്ക്കും ഭരണഘടനാ ശില്പികൾക്കും അതിന്റെ നെടുംതൂണായ മഹാനായ ഡോക്ടർ ബി.ആർ. അംബേദ്കറിനും എന്റെ കൂപ്പുകൈ…!
- 1. പ്രധാനമായുംവിദ്യാഭ്യാസ യോഗ്യത.ഒപ്പം സാംസ്‌കാരിക യോഗ്യതയും ..! തീർച്ചയായും ഇന്നത്തെ കാലത്ത് അത് ഏറ്റവും പ്രസക്തമായ വിഷയമാണ്.
- 2. ഏതെങ്കിലും കർമ്മരംഗത്ത് നിങ്ങളുടെ പ്രവർത്തന മികവ് , അംഗീകാരങ്ങൾ പരിശോധിക്കും.
- 3 സ്ഥാനാർത്ഥി ആകുന്നതിന് മുമ്പ് വരെയുള്ള നിങ്ങളുടെ കരിയർ എന്തായിരുന്നുവെന്ന് തീർച്ചയായും പരിശോധിക്കും.
- 4 . സ്ഥാനാർത്ഥി ആകുന്നതിന് മുമ്പ് നിങ്ങളുടെ ജീവിതപരിസരങ്ങളിൽ നാടിനും നാട്ടുകാർക്കും നാടിന്റെ വികസനത്തിനും പുരോഗതിക്കും നിങ്ങളുടെ ഇടപെടലുകളുകൾ എത്രത്തോളമുണ്ടായിരുന്നു എന്ന് തീർച്ചയായും ഞാൻ പരിശോധിക്കും.
- 5 . നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ച ( അത് സ്വന്തം ജീവിതത്തിലും പൊതുസമൂഹത്തിലും ) ചെറുതും വലുതുമായ ചുമതലകളും ഉത്തരവാദിത്തങ്ങളും കടമകളും സാമുഹിക സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക ഇടപെടലുകളും തീർച്ചയായും ഞാൻ പരിശോധിക്കും.
- 6 . നിങ്ങളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സാന്നിധ്യവും ഇടപെടലുകളും അത് സമൂഹത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കും
- .7 . ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മതേതരത്വം , സാഹോദര്യം എന്ന ഏറ്റവും പ്രധാനപ്പെട്ട നിലയിലുള്ള ജീവിതമാണോ ഇതുവരെ നിങ്ങൾ നയീച്ചു വന്നത് എന്ന് പ്രത്യേകം പരിശോധിക്കും.
- 8. ഏതെങ്കിലും ജാതിമത സാമുദായിക വിധേയ പ്രതിനിധിയാണോ അതോ അത്തരം നിലപാടുകളെ തള്ളിക്കളയുന്ന ആളാണോ എന്നും പ്രത്യേകം പരിശോധിക്കും.
- 9. ലിംഗസമത്വം അംഗീകരിക്കുന്നവരാണോയെന്നും നിങ്ങളുടെ ജീവിതത്തിൽ വിദ്യാഭ്യാസ – തൊഴിൽ – കലാ – കായിക – സാംസ്കാരിക രംഗത്ത് ഇതിന് മുമ്പുള്ള നിങ്ങളുടെ , ഒരു വ്യക്തി എന്ന നിലയിലുള്ള സംഭാവനകൾ പ്രത്യേകം പരിശോധിക്കും.
- 10. ഭരണഘടന ലംഘനം നടത്തിയതായി ഇതിന് മുമ്പ് ഏതെങ്കിലും സമയത്ത് ഉണ്ടായിട്ടുണ്ടോ എന്നും നിങ്ങളുടെ മേൽ നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.
- 11. അഴിമതി നടത്തിയതായി ഇതിന് മുമ്പ് ഏതെങ്കിലും ആരോപണം ഉണ്ടായിട്ടുണ്ടോ, അതിൽ വാസ്തവം ഉണ്ടോ എന്നും നിങ്ങളുടെ മേൽ നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.
ഒരു വോട്ടർ എന്ന നിലയിൽ എന്റെ സ്ഥാനാർത്ഥി സൂക്ഷ്മ പരിശോധന തല്ക്കാലം ഇത്രേയുള്ളൂ.
ഞാൻ ഒരു വോട്ടറാണ്. എന്റെ വോട്ടിന്റെ വില എനിക്ക് നന്നായി അറിയാം. ഞാൻ വോട്ട് ചെയ്യുന്ന ആൾ വിജയിച്ചു വന്നാൽ എനിക്ക് കൂടി അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരാളാകണം എന്നൊരാഗ്രഹം ഒരു വോട്ടർ എന്ന നിലയിൽ എനിക്ക് അഭിപ്രായമുണ്ട്. അത് നാടിന്റെ വികസനത്തിനും പുരോഗതിക്കും വിദ്യാഭ്യാസ – തൊഴിൽ ഉൾപ്പെടെയുള്ള സമസ്ത കാര്യങ്ങളിലും അറിവും തിരിച്ചറിവും സമയോചിതമായ ഇടപെടലുകളും വരും തലമുറയ്ക്ക് ഗുണകരമാകുന്ന ദീർഘവീക്ഷണവുമുള്ള ഒരാളാകണം എന്റെ പ്രതിനിധി അല്ലെങ്കിൽ ജനകീയ പ്രതിനിധി എന്നെനിക്ക് നിർബന്ധമുണ്ട്.
തീർച്ചയായും മേൽപ്പറഞ്ഞ കാര്യങ്ങൾ നന്നായി പരിശോധിച്ച് ഉറപ്പു വരുത്തി മാത്രമേ ഞാനെന്റെ സമ്മതിദാനാവകാശം വിനിയോഗിക്കൂ….!
ടോം ജോസഫ്
വോട്ടർ , വാർഡ് XIII നെടുമുടി പഞ്ചായത്ത്, ആലപ്പുഴ ജില്ല