![](https://nammudenaadu.com/wp-content/uploads/2020/12/128127567_174374157684055_1339337291419282603_o.jpg)
ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.
അമ്മയുടെ സമ്മാനം
യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു:
“കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു.
അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.
കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള ആയുധമാണ്. നീ തനിച്ചല്ല, ഏത് പ്രതിസന്ധിയിലും അമ്മയും ഈശോയും കൂടെയുണ്ട്. അതിൻ്റെ തെളിവാണിത്.അപ്പൻ പണിയെടുക്കുന്ന ഈ ഫോട്ടോ, ഒരു ഓർമപ്പെടുത്തലാണ്. ലോണെടുത്ത് നിന്നെ പഠിപ്പിക്കാൻ വിടുമ്പോൾ, ഒരുപാട് സ്വപ്നങ്ങൾ ആ മനുഷ്യൻ സൂക്ഷിക്കുന്നുണ്ട്. അത് നീ മറക്കരുത്.”
നിറകണ്ണുകളോടെ അവൻ തുടർന്നു:”അമ്മയുടെ കത്ത് എൻ്റെ കൈകളിലിരുന്ന് വിറച്ചു. ഒപ്പമുണ്ടായിരുന്ന ജപമാല മുറുകെ പിടിച്ച് ഒരുറച്ച തീരുമാനം ഞാനെടുത്തു…..എൻ്റെ ജീവിതത്തിൽ പല പ്രലോഭനങ്ങൾ വന്നപ്പോഴും എനിക്ക് തുണയായത്, അമ്മയുടെ കത്തും അപ്പൻ്റെ ഫോട്ടോയും ആ ജപമാലയുമാണ്.”
ഏതു നേരവും എത്ര ദൂരത്തും കർത്താവ് കൂടെയുണ്ടെന്നും എൻ്റെ പ്രിയപ്പെട്ടവർ എനിക്കായ് കാത്തിരിക്കുന്നുണ്ടെന്നും ഓർത്താൽ നമുക്കെങ്ങനെ പാപവഴിയെ സഞ്ചരിക്കാനാകും?
ക്രിസ്തുവിൻ്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ:”എന്നെ അയച്ചവൻ എൻ്റെ കൂടെയുണ്ട്. അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു”(യോഹ 8 :28- 29).
തനിച്ചാണെന്ന് തോന്നുന്ന ഏതൊരവസരത്തിലും ക്രിസ്തുവിൻ്റെ ഈ വാക്കുകൾ നമുക്ക് കരുത്തേകട്ടെ.
![](https://nammudenaadu.com/wp-content/uploads/2020/12/fr.jensam-lalsalate-1018x1024.jpg)
ഫാദർ ജെൻസൺ ലാസലെറ്റ്ഡി
സംബർ 2-2020.