“കുറഞ്ഞത് ആറു കുഞ്ഞുങ്ങളുടെ എങ്കിലും അമ്മയാകണമെന്ന നിയോഗം വച്ച് പ്രാർത്ഥിച്ച എനിക്ക് ഇന്ന് ആറല്ല, ആറായിരമോ അതിലധികമോ മക്കളാണ്. “

Share News

ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ച് കർത്താവിൻ്റെ സ്വന്തമാകാൻ തീരുമാനിച്ചവൾ.

മലബാറിലെ മലപ്പുറം ജില്ലയിലെ മേനാച്ചേരിൽ വീട് അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുകളൊക്കെ ഉള്ള ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണ്. അവിടെ ഏഴുമക്കളിൽ മൂന്നാമത്തെ കുട്ടിയായി എൽസി ജനിച്ചു (കൃത്യമായി പറഞ്ഞാൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും). വീട്ടിലുള്ള എല്ലാവരും പള്ളിയിൽ പോകുന്നതിലും കുടുംബ പ്രാർത്ഥനയിലും ഏറെ താൽപര്യമുള്ളവരാണ്. എന്നാൽ എൽസി മാത്രം അങ്ങനെ ആയിരുന്നില്ല. അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ഉണ്ടെങ്കിൽ അത് കുടുംബ പ്രാർത്ഥന ആയിരുന്നു. മാത്രമല്ല ഞായറാഴ്ച പള്ളിയിൽ പോകുന്നതിൽ പോലും താല്പര്യമുണ്ടായിരുന്നില്ല. കഴിവതും താമസിച്ചു പള്ളിയിൽ എത്താൻ ശ്രമിക്കും. അപ്പോൾ പിന്നെ ശനിയാഴ്ചത്തെയോ ഇട ദിവസങ്ങളിലേയോ കാര്യം പറയേണ്ടല്ലോ. ആ ദിവസങ്ങളിൽ പള്ളിയുടെ പരിസരത്ത് പോലും കാണാൻ കിട്ടില്ല എൽസിയെ. അങ്ങനെ കാലം കടന്നു പോയി. എൽസി പത്താം ക്ലാസ്സ്‌ പാസ് ആയി, പ്രീഡിഗ്രിയ്ക്ക് ചേർന്നു. എന്നാലും എൽസിയുടെ സ്വഭാവത്തിൽ മാറ്റമൊന്നും വന്നില്ല. മുതിർന്ന സഹോദന്റെയും സഹോദരിയുടെയും വിവാഹം നേരത്തെ കഴിഞ്ഞതിനാൽ അടുത്ത ഊഴം എൽസിയുടേതായിരുന്നു. അങ്ങനെ പതിനെട്ടാം വയസിൽ തന്റെ ഊഴവും കാത്തിരുന്ന എൽസിയെക്കുറിച്ചു അമ്മയ്ക്ക് അല്പം വിഷമം ഉണ്ടായിരുന്നു. വിവാഹ ആലോചനകൾ വന്നു കൊണ്ടിരിക്കുന്നു. കെട്ടിച്ചയക്കണം, എന്നാലും ഇവളുടെ പ്രാർത്ഥനയോടുള്ള വിരക്തി ഒന്ന് മാറ്റി എടുക്കണമല്ലോ. കാരണം, വേറെ ഒരു വീട്ടിൽ കയറി ചെല്ലേണ്ട പെൺകുട്ടി അല്ലേ…..

അങ്ങനെ ഇരിക്കെ അവരുടെ ഇടവകയിൽ അച്ചന്മാർ നയിക്കുന്ന പോപ്പുലർ മിഷൻ ധ്യാനം വന്നു. ഒട്ടും താല്പര്യമില്ലാത്ത കാര്യമായതു കൊണ്ട് എൽസി മുൻകൂട്ടി തന്നെ വീട്‌ കാവൽ ജോലി ഏറ്റെടുത്തു. അങ്ങനെ എല്ലാവരും ധ്യാനത്തിന് പോകുമ്പോൾ എൽസി വീട്ടിൽ ഇരിക്കും. എൽ സിയുടെ അമ്മയ്ക്ക് ഇതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അങ്ങനെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവസാന ദിവസം ധ്യാനത്തിനും കൗൺസിലിംഗിനും എൽസി പോയി. പ്രത്യേകിച്ച് മാറ്റമൊന്നും എൽസിയിൽ ഉണ്ടായില്ല. അവധിക്കാലത്ത് അമ്മവീട്ടിൽ പോകുന്നത് എൽസിക്കു വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. വിഹാഹ ആലോചനകൾ തകൃതിയായി നടക്കുന്നതിനിടെ കോളേജ് അവധിക്കാലത്തു എൽസി അമ്മവീട്ടിൽ എത്തി. അവിടെയുള്ള തന്റെ സമപ്രായക്കാരോട് കൂട്ട് കൂടി അവിടെ നടന്നിരുന്ന ഒരു ധ്യാനത്തിന് വെറുതെ പോയി. അവിടെനിന്നും പ്രത്യേകിച്ച് വലിയ അനുഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും, ആഴ്ചപ്പതിപ്പും മാസികകളും ഒന്നു പോലും വിടാതെ വായിച്ചു കൊണ്ടിരുന്ന എൽസിക്ക് പിന്നീട് എന്തോ അതിനോട് വലിയ താൽപര്യം ഉണ്ടായില്ല. അതേസമയം, ബൈബിൾ വായിക്കാൻ അതിയായ ഒരു താല്പര്യം എൽസിയിൽ ഉണ്ടായി. അവധി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോളും ബൈബിൾ വായന ഒരു ഹരമായി തുടർന്നു കൊണ്ടിരുന്നു. വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്തു. ധ്യാനമൊക്കെ കൂടിയ ശേഷം ഒരാഗ്രഹം എൽസിയിൽ രൂപംകൊണ്ടു, വിവാഹ ശേഷം ഒരു ആറ് മക്കളുടെയെങ്കിലും അമ്മയാകണം തനിക്ക്. ആ നിയോഗം വച്ച് എൽസി പ്രാർത്ഥിച്ചു തുടങ്ങി. തുടർച്ചയായി രണ്ടു വർഷത്തോളം ശനിയാഴ്ച്ച മാതാവിന്റെ നൊവേന കൂടി ഈ നിയോഗത്തിനു വേണ്ടി എൽസി പ്രാർത്ഥിച്ചു. അതായത്, വിവാഹ ശേഷം ചുരുങ്ങിയത് ഒരു ആറ് മക്കളുടെയെങ്കിലും അമ്മയാകണമെന്നുള്ള നിയോഗം. അതേ ഇടവകയിൽ നിന്നു തന്നെ ഒരു ആലോചന വന്നു. അത് ഏതാണ്ട് ഉറപ്പിച്ച മട്ടായി.

ആയിടയ്ക്കാണ് സിസ്റ്റേഴ്സ് ഇല്ലാതിരുന്ന എൽസിയുടെ ഇടവകയിൽ ഹോം മിഷന്റെ ഭാഗമായി ‘ക്രിസ്തു ദാസി’ സമൂഹത്തിലെ രണ്ടു സഹോദരിമാർ വീടുകളിൽ സന്ദർശനം നടത്തിയത്. അങ്ങനെ അവർ എൽസിയുടെ വീട്ടിലും എത്തി. ചാച്ചൻ എൽസിയുടെ വിവാഹം ഉറപ്പിച്ച കാര്യവും മറ്റും സിസ്റ്റേഴ്‌സുമായി പങ്കു വച്ചുകൊണ്ടിരുന്നപ്പോൾ എൽസി ഈ സിസ്റ്റേഴ്സിനെ ശ്രദ്ധിച്ചു. അവർക്കു എന്തോ ഒരു പ്രത്യേകമായ സന്തോഷം, അവരുടെ സന്തോഷം ഉള്ളിൽ നിന്നും വരുന്ന ഒന്ന് പോലെ തോന്നി. അതിൽ വല്ലാതെ ആകൃഷ്ടയായി എൽസി. അടുത്ത വീട്ടിലേക്കു സിസ്റ്റേഴ്സിനു വഴി കാണിക്കാൻ എൽസി കൂടെ പോയി. വഴിക്ക് വച്ച് മഠത്തിലെ പരിശീലന കാലഘട്ടത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. സിസ്റ്റേഴ്സ് കരുതിയത് പത്താം ക്ലാസ് കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന, മഠത്തിൽ പോകാൻ താല്പര്യവും ചെറുതായി ഉണ്ടായിരുന്ന എൽസിയുടെ അനിയത്തിക്ക് വേണ്ടി ആയിരിക്കും അവൾ ഈ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞത് എന്നായിരുന്നു. എന്നാൽ അത് എൽസിക്കു വേണ്ടി തന്നെ ആയിരുന്നു. ആ നിമിഷം മുതൽ ഒരു സമർപ്പിത ആകണം എന്ന അതിയായ ആഗ്രഹം എൽസിയിൽ ഉണ്ടായി . ആ സമർപ്പിത സഹോദരിമാരുടെ സന്തോഷം തനിക്കും സ്വന്തമാക്കണം എന്ന തീവ്രമായ ആഗ്രഹം ഉള്ളിലുരുവായി. അന്ന് രാത്രി തന്നെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചു. ഇത് കേട്ട ചാച്ചന് വലിയ ഷോക്ക് ആയിപ്പോയി. കാരണം തമാശയായിട്ടല്ല വളരെ ഉറച്ച തീരുമാനം ആയിട്ടാണ് എൽസി കാര്യം അവതരിപ്പിച്ചത്. ചാച്ചൻ പറഞ്ഞു നമുക്ക് നാളെ രാവിലെ അതിനെ കുറിച്ച് ആലോചിക്കാം എന്ന്. നേരം വെളുത്തപ്പോൾ ചാച്ചനും ആങ്ങളമാരും ഒട്ടും തന്നെ എൽസിയുടെ ഈ തീരുമാനത്തോട് യോജിക്കാൻ താല്പര്യം കാണിച്ചില്ല. എന്നാൽ എൽസി ഒട്ടും പിന്നോട്ട് പോകാൻ തയ്യാറായതുമില്ല. അത്രമാത്രം എന്തോ ഒരു ഉൾവിളി പോലെ തോന്നി അവൾക്ക്. അവസാനം എൽസിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു ക്യാമ്പിന് അവളെ വയനാട്ടിലുള്ള ‘ക്രിസ്തു ദാസി’ സഹോദരിമാരുടെ പരിശീലന മഠത്തിൽ കൊണ്ട് ചെന്നാക്കാൻ തീരുമാനിച്ചു. അതിനു ശേഷം അവളെ തിരികെ കൊണ്ട് വരാനും, അപ്പോൾ അവളുടെ ഈ വാശിയൊക്കെ മാറിക്കോളും, തിരിച്ചു പിന്നെ മഠത്തിൽ പോകാൻ കൂട്ടാക്കില്ല എന്നൊക്കെ ചാച്ചനും ആങ്ങളമാരും ചിന്തിച്ചു. എന്നാൽ ക്യാമ്പ് കഴിഞ്ഞു വന്ന എൽസി കൂടുതൽ തീക്ഷ്ണവതി ആയിരുന്നു. ഇനി അവൾക്കു വിവാഹത്തെക്കുറിച്ചു ആലോചിക്കാനേ വയ്യ. എന്നാൽ വീട്ടുകാരുടെയൊപ്പം നാട്ടുകാരും ചോദ്യമുന്നയിക്കാൻ തുടങ്ങി. എന്താണ് പെട്ടെന്നു ഇങ്ങനെ? വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന കുട്ടിയല്ലേ ഇവൾ? ഇനി ഈ ചെറുക്കനെ വേണ്ടെങ്കിൽ വേറെ ആലോചന നോക്കാം, എന്നൊക്കെ ആയി എല്ലാവരും. എന്നാൽ എൽസിയിൽ ഇതൊന്നും മാറ്റം വരുത്തിയില്ല. ചെറുക്കനെ ഇഷ്ടമില്ലാഞ്ഞിട്ടോ, വിവാഹ ജീവിതത്തോട് താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ല, ഉള്ളിന്റെ ഉള്ളിൽ ഇരുന്നു ആരോ തറപ്പിച്ചു പറയുന്ന പോലെ ഒരു സമർപ്പിത ആകണം എന്ന്, തൻ്റെ ജീവിത നിയോഗം അതാണെന്ന്. ഓരോ ദിവസം കഴിയുന്തോറും അത് കൂടി കൂടി വന്നു. വീട്ടുകാർ സമ്മതിക്കുന്നുമില്ല. മാത്രവുമല്ല വീട്ടിൽ സമാധാനം ഏതാണ്ട് നഷ്ടപ്പെട്ടതു പോലെ ആയി. ഇനി പോയിട്ട് തിരിച്ചു വരേണ്ടി വന്നാൽ കൂടുതൽ പ്രശ്നം ആയാലോ എന്നും കൂടി കരുതി എൽസി വീട്ടുകാരോട് പറഞ്ഞു ഞാൻ തൽകാലം മഠത്തിൽ പോകുന്നില്ല. അത് പൊതുവെ വീട്ടിലും നാട്ടിലും ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടാകാൻ സഹായകമായി. എന്നാലും എൽസിയുടെ ഉള്ളിലെ ആഗ്രഹത്തിനു തീവ്രത കൂടിക്കൊണ്ടേ ഇരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം എൽസി വീട്ടിലെ കാര്യങ്ങളൊക്കെ സഹായിച്ചു നിന്നു. വിവാഹത്തെ കുറിച്ച് ചിന്തിച്ചതേ ഇല്ല. ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല അവൾക്ക്. മഠത്തിൽ ചേരണമെന്നുള്ള തീവ്രമായ ആഗ്രഹം പ്രതി ദിനം കൂടി കൊണ്ടേ ഇരുന്നു. എന്നാൽ വീട്ടുകാരോട് പറയാനും പറ്റുന്നില്ല. മനസിന്റെ ഈ മൽപ്പിടുത്തം എൽസിയുടെ ശരീരത്തെ സാരമായി ബാധിച്ചു. എൽസിയുടെ ആരോഗ്യം പെട്ടെന്ന് കുറഞ്ഞു. ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടു, കിടപ്പിലായി. കാര്യങ്ങൾ മനസിലാക്കിയ എൽസിയുടെ ആങ്ങളയുടെ ഭാര്യ വീട്ടുകാരോട് പറഞ്ഞു. അവളുടെ ആഗ്രഹത്തിന് നമ്മൾ സമ്മതിച്ചില്ലെങ്കിൽ അവളുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യത ഉണ്ട്. അങ്ങനെ ഒരു ജൂൺ 25 ന് എൽസിയെ അവളുടെ ആഗ്രഹപ്രകാരം വീട്ടുകാർ മഠത്തിൽ കൊണ്ട് ചെന്നാക്കി.

സന്യാസ പരിശീലന കാലം പൂർത്തിയാക്കി എൽസി, സിസ്റ്റർ എൽസി പോൾ SKD ആയി കർത്താവിൻ്റെ സ്വന്തമായിത്തീർന്നു. രണ്ടു വർഷത്തിനു ശേഷം സമൂഹാധികാരികൾ മലബാറിലുള്ള ഒരു ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷണ ശുശ്രൂഷയ്ക്കായി നിയോഗിച്ചു. അതിൽ ദൈവഹിതം തിരിച്ചറിഞ്ഞ സിസ്റ്റർ എൽസി പോൾ പറയുന്നതിങ്ങനെ:

“കുറഞ്ഞത് ആറു കുഞ്ഞുങ്ങളുടെ എങ്കിലും അമ്മയാകണമെന്ന നിയോഗം വച്ച് പ്രാർത്ഥിച്ച എനിക്ക് ഇന്ന് ആറല്ല, ആറായിരമോ അതിലധികമോ മക്കളാണ്. എല്ലാവരും അമ്മയെന്നാണ് വിളിക്കുന്നത്, എൽസിയമ്മയെന്നോ, പോളമ്മയെന്നോ. തന്നെ സ്വന്തമാക്കാനാഗ്രഹിച്ചവൻ്റെ സ്വരം തിരിച്ചറിഞ്ഞതിൻ്റെ ഫലമാണത്.”

വചനപ്രഘോഷണ മേഖലയിൽ ശുശ്രൂഷ ചെയ്തു വരുന്ന സിസ്റ്റർ എൽസി പോൾ SKD ഇന്ന് ജൂബിലിയുടെ നിറവിലാണ്. സന്യാസ വ്രതവാഗ്ദാനത്തിൻ്റെ 25-ാം വാർഷികം. അതിനുള്ള ഒരുക്കത്തിലാണ് കൂട്ടുകാരോടൊപ്പം സിസ്റ്റർ എൽസിയും

കർത്താവിൻ്റെ സമർപ്പിതയായതിൻ്റെ സന്തോഷത്തിന് അതിരുകളില്ലെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ് ഈ ജീവിത സാക്ഷ്യത്തിലൂടെ. അതിമാനുഷികമായ എന്തെങ്കിലുമോ, അത്ഭുതമോ ആയിരുന്നില്ല ഇവിടെ സംഭവിച്ചത്, ഉൾവിളി തിരിച്ചറിഞ്ഞ് കർത്താവിൻ്റെ സ്വന്തമായതാണ്. എന്നാൽ ഇത് എല്ലാവർക്കും ലഭിക്കണമെന്നുമില്ല, “എന്തെന്നാൽ, വിളിക്കപ്പെട്ടവർ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. “

(മത്തായി 22 : 14 ).

Voice of Nuns – നു വേണ്ടി

Sr. Savitha SKD

Share News