ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത്|മനു ഷെല്ലി
കേരളത്തിന് വിപ്ലവ നായികയാണ്. എനിക്ക് വ്യക്തിപരമായി എന്റെ പുരസ്‌കാര ചിത്രത്തിലെ നായികയാണ്.
ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ ഭദ്രകാളീ ഭാവത്തിലുള്ള നായികയെ ഏറെ ഞെട്ടലോടെയാണ് അന്നു ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍. ആലപ്പുഴയിലായിരുന്നു ആഘോഷ വേദി. സ്നേഹത്തോടെ തനിക്ക് പനിനീർ പൂവിന്റെ പൂച്ചെണ്ട് സമ്മാനിക്കാൻ വന്ന കുട്ടിയെ വാത്സല്യത്തോടെ മടിയിലിരുത്തി ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗൗരിയമ്മ. ആ സമയത്തായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ ഗൗരിയമ്മയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത്.
ആദ്യം ഗൗരിയമ്മ സെൽഫിക്ക് ചിരിച്ച് പോസ് ചെയ്തെങ്കിലും, എടുക്കുന്നയാൾ കുറെ സമയമായിട്ടും തൻറെ ഫോട്ടോയെടുക്കൽ പരിപാടി തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. സെൽഫി എടുക്കുന്നതിൻറെ മൂർധന്യത്തിൽ, അയാളുടെ പിൻഭാഗം ഗൗരിയമ്മയുടെ മുഖത്തിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിലെത്തി. ദേഷ്യം കൊണ്ട് പിടിവിട്ട ഗൗരിയമ്മയ്ക്ക് ചുള്ളിക്കാടിൻറെ കവിതയിലെ ഭദ്രകാളിയായി മാറാൻ ഒട്ടുംതന്നെ സമയം വേണ്ടി വന്നില്ല .
ലാളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ നിമിഷനേരംകൊണ്ട് സൈഡിലേക്ക് മാറ്റിയിരുത്തിയിട്ട് , പെട്ടെന്ന് തന്നെ കാലിലെ ചെരുപ്പെടുത്ത് സെൽഫിക്കാരനെ ഒറ്റയടി. ഒന്നും രണ്ടുമല്ല …ഊരിയ ചെരിപ്പുകൊണ്ട് നാലഞ്ച് അടിയെങ്കിലും ഇരുന്നിടത്ത് നിന്ന് അടിച്ചുകാണും. തൊട്ടടുത്തുണ്ടായിരുന്ന ചില പ്രവർത്തകർ ഓടിവന്നാണ് ഗൗരിയമ്മയിൽനിന്നും ചെരിപ്പ് പിടിച്ചുവാങ്ങി സ്ഥിതി ശാന്തമാക്കിയത്.
ഇതാണ് കേരളത്തിൻറെ ധീരവനിത സഖാവ് ഗൗരിയമ്മ. ഇഷ്ടപ്പെടാത്ത പ്രവർത്തി ആരിൽ നിന്നുണ്ടായാലും, 102 വയസായെന്നൊന്നും ഗൗരിയമ്മ ഓർക്കില്ല.. പ്രതികരിച്ചിരിക്കും.. അതിന് ഗൗരിയമയ്ക്ക് വാരിക്കുന്തമൊന്നും വേണ്ട. കാലിലെ ചെരുപ്പ് തന്നെ ധാരാളം.
കേരളത്തിന്റെ സ്വന്തം വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മയ്ക്ക് പ്രണാമം.
(ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത് )
മനു ഷെല്ലി