
“എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…”
കണ്മണിക്ക് എന്തിനാണ് കൈകൾ?
കൺമണിയെ ഇന്നലെയാണ് ഞാൻ ആദ്യമായി കൺ നിറയെ കാണുന്നത്. ഡിഫറൻറ് ആർട് സെന്ററിലെ എന്റെ മക്കളെ കാണാനും റുക്‌സാന മോളുടെ വയലിൻ ആൽബം റിലീസ് ചെയ്യാനും വന്നതായിരുന്നു കണ്മണി. വാക്കിലും നോക്കിലും നടത്തത്തിലുമൊക്കെ എന്തൊരു പോസിറ്റീവ് എനർജിയാണ്!!മുന്നിലിരിക്കുന്ന ഭിന്നശേഷികുട്ടികളോട്, അവരുടെ അമ്മമാരോട് അവൾ പറഞ്ഞു .
“എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…”
പരിമിതികളെ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തി അനേകം മേഖലകളിൽ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന അതുല്യ കലാകാരിക്ക് തന്റെ കൂട്ടുകാരുടെ നിറഞ്ഞ കൈയടി..
. ജന്മനാ രണ്ട് കൈകളും ഇല്ലാത്ത കണ്മണി കാലുകൾ കൊണ്ട് എണ്ണഛായ ചിത്രങ്ങൾ വരച്ചും പിയാനോ വായിച്ചും മ്യൂറൽ പെയിന്റ് ചെയ്തും നെറ്റിപ്പട്ടം ഉണ്ടാക്കിയും വിസ്മയം തീർക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ ചിത്രരചനക്കും ശാസ്ത്രീയ സംഗീതത്തിനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുള്ള കണ്മണി ഇന്നും നേട്ടങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം കേരള സർവകലാ ശാല ബി എ മ്യൂസിക് (വോക്കൽ )ന് ഒന്നാം റാങ്ക് നേടി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു കണ്മണി.
കാറിന്റെ ഡോർ കാലുകൾ കൊണ്ട് വലിച്ചടച്ച് യാത്രയാകും മുമ്പ് കണ്മണി ഒന്നുകൂടി ചിരിച്ചു. ഒന്നും അസാധ്യമല്ലെന്ന് പറയാതെ പറയുന്ന നിറഞ്ഞ ചിരി….

Gopinath Muthukad