നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം

Share News

ഷൊർണൂരുനിന്ന് മുണ്ടായയ്ക്കുള്ള കുട്ടിബസ്സിൽ കയറി പത്തുപതിനഞ്ചു മിനിട്ട് നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം.

ബസ്സ് ഇടതോട്ടു തിരിഞ്ഞ് കുന്നിറങ്ങി അപ്രത്യക്ഷമാകും. അവിടെനിന്ന് വലതോട്ടു തിരിഞ്ഞ്, ഇരുവശവും വലിയ മുളങ്കൂട്ടങ്ങൾ വളർന്നു നിൽക്കുന്ന ഒറ്റയടിപ്പാത. മഴ പെയ്യാത്ത മാസങ്ങൾ പിന്നിട്ട പാലക്കാടൻചൂട് സഹിക്കാനാകാതെ പാമ്പുകൾ ഇപ്പോൾ പുറത്തേക്കിറങ്ങിവരും എന്നു തോന്നിക്കുന്ന കൽക്കൂട്ടങ്ങൾക്കിടയിലെ പൊത്തുകൾ. ഇലകളെല്ലാം കരിഞ്ഞ് ഇളംതവിട്ടു നിറംപൂണ്ട് തീപിടിക്കാൻ വെമ്പിനിൽക്കുന്ന പ്രകൃതി. കുന്നു കയറി, ഇടതോട്ടിറങ്ങി, പിന്നെയും വലിയൊരു കയറ്റം കയറിച്ചെല്ലുമ്പോൾ വഴി ചോദിക്കാൻ ഒരു മനുഷ്യജീവിയെപ്പോലും കാണാൻ കിട്ടാത്ത ഒരു നാൽക്കവല കാണാം. മറ്റേതോ ലോകത്തെത്തിയതുപോലെ തോന്നും. വിജനമായ പാതയിലൂടെ പിന്നെയും ഇടതു തിരിഞ്ഞ് നേരേനടന്നാൽ കുറെച്ചെല്ലുമ്പോൾ ഒന്നുരണ്ടു വീടുകൾ. ആശ്വാസം! വഴി ചോദിക്കാമെന്നു കരുതുമ്പോൾ വലതു വശത്ത് ചെറിയൊരു ബോർഡ് – തേടിയ ഇടംതന്നെ…

ഖസാക്കിലെ മൈമുനയെയും നൈജാമലിയെയും അള്ളാപ്പിച്ച മൊല്ലാക്കയെയും അവരുടെ സ്രഷ്ടാവായ തസ്രാക്കിലെ വിജയനെയും ഓർമിപ്പിച്ച ഈ നട്ടുച്ചനടത്തത്തിൻ്റെ കാരണക്കാരനു നന്ദി പറയണം – ഇന്ന് രാവിലെ എന്നെ “വഴിതെറ്റിച്ച” മറ്റൊരു സഞ്ചാരി.Arumayil Joseph James .

ഇതാണു Farmer’s Share: കൊച്ചി വൈപ്പിൻകരക്കാരൻ അംബ്രോസിൻ്റെയും കൂട്ടരുടെയും സൃഷ്ടി. കേരളത്തിൻ്റെ മൊത്തം ശ്രദ്ധയാകർഷിച്ച “സ്വാശ്രയ വൈപ്പിൻ” പ്രസ്ഥാനത്തിലൂടെ ബദൽ ജീവിതപദ്ധതികളിലെത്തി, പുൽച്ചാടി Grasshopper എന്ന സ്ഥാപനത്തിലൂടെ എറണാകുളം നഗരത്തിൽ ഇക്കോഷോപ്പ് തരംഗത്തിന് വഴി തെളിച്ചവരിലൊരാളായ അംബ്രോസ് കൂളിയിൽ. ബംഗളൂരുവിലും മറ്റും ഈ പ്രസ്ഥാനവുമായി കറങ്ങി അഞ്ചാറു വർഷം മുൻപ് എത്തിച്ചേർന്നതാണിവിടെ…

പ്രൊഫഷണലുകളും ചെറുപ്പക്കാരുടെ ചെറുകൂട്ടായ്മകളും കലാസാഹിത്യ പ്രവർത്തകരും ബദൽ ജീവിതമാർഗക്കാരും വന്ന് ദിവസങ്ങളോളം തമ്പടിക്കുന്ന ഇടമായി ഇതിനകം ഇതു മാറിക്കഴിഞ്ഞു. ഇടയ്ക്ക് ചില പുസ്തകപ്രകാശനച്ചടങ്ങുകൾ, ചർച്ചായോഗങ്ങൾ…

കൈത്തറി നെയ്ത്തും കളിമൺപാത്ര നിർമാണവും പഠിക്കാം, ശംഖുപുഷ്പച്ചാറിൽനിന്നുണ്ടാക്കിയ ഗുളികകൊണ്ട് ചായയുണ്ടാക്കിയും ചെമ്പരത്തി നീരിൻ്റെ പാനീയം കുടിച്ചും നേരംപോക്കാം. കത്തുന്ന വേനലിൽ മലയാകെ വരണ്ടുനിൽക്കുമ്പോഴും വറ്റാത്ത വിസ്തൃതവും അഗാധവുമായ പടുതാക്കുളത്തിൽനിന്ന് കൂറ്റൻ വരാലിനെയും തിലോപ്പിയയെയും പിടിച്ച് ചുട്ടോ പൊരിച്ചോ വെച്ചോ കഴിക്കാം…

റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, ഡി സി ബുക്സ് എന്നിവയിൽ ജനറൽ മാനേജരായിരുന്ന ജെയിംസ് സാറിനും എനിക്കും ഇത്തരം ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതിനാൽ ഞങ്ങളുടെ ചെറിയൊരു പുസ്തകക്കാര്യം സംസാരിച്ച്, അംബ്രോസിൻ്റെ പഴയ പുൽച്ചാടിക്കടയിലെ കുത്തരിക്കഞ്ഞിയുടെ ഓർമയിൽ നല്ലൊരു ഊണും കഴിച്ച്, ഒരു ശംഖുപുഷ്പ ഗുളിക ഡപ്പിയും വാങ്ങി സ്ഥലം കാലിയാക്കി.

NB: എന്നെപ്പോലെ നല്ല നടപ്പുകാരല്ലാത്തവർക്ക് ഷൊർണൂർനിന്ന് നൂറു രൂപ കൊടുത്താൽ ഓട്ടോയ്ക്കും പിന്നെ, സ്വന്തം അവസ്ഥയനുസരിച്ച് സ്കൂട്ടറിനോ കാറിനോ ഒക്കെ വരാം എന്ന് അംബ്രോസ് ചേട്ടൻ പറയുന്നു.

P. V. Alby 

Share News