
അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു
കൊച്ചി: കോവിഡ് ബാധിച്ച യുവതിക്കുനേരെ ആംബുലന്‍സില്‍ വെച്ചുണ്ടായ പീഡനത്തിനെതിരെ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ഉല്‍ക്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങളും സെമിനാറുകളും ബോധവല്‍ക്കരണവും നിരന്തരം നടത്തപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഇതാണോ എന്ന് മാതൃവേദി സംശയം പ്രകടിപ്പിച്ചു. പശ്ചാത്തലം അറിയാത്ത ഒരാള്‍ സര്‍ക്കാര്‍ ആംബുലന്‍സില്‍ ഡ്രൈവറായി എന്നതും സംശയാസ്പദമാണെന്ന് യോഗം വിലയിരുത്തി. ഉത്തരവാദിക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇനി ഒരു സ്ത്രീയ്ക്കുപോലും ഇത്തരം ദുരന്ത അനുഭവങ്ങള്‍ ഉണ്ടാകരുതെന്നും മാതൃവേദി ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിച്ചു. മാതൃവേദി പ്രസിഡണ്ട് ഡോ. കെ. വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ വില്‍സണ്‍ എലവുത്തിങ്കല്‍കൂനന്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ടെസി സെബാസ്റ്റ്യന്‍, ബീന ബിറ്റി, മേഴ്സി ജോസഫ്, ബിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയാ കമ്മീഷന്‍