
കുരുന്നുകളെ കുരുതികൊടുക്കുന്ന കൊടുംക്രൂരതയ്ക്ക് അംഗീകാരമോ?|സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
കുരുന്നുകളെ കുരുതികൊടുക്കുന്ന
കൊടുംക്രൂരതയ്ക്ക് അംഗീകാരമോ?

ഗര്‍ഭസ്ഥശിശുവിനെ ബോധപൂര്‍വ്വം കുരുതി കൊടുക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യയിലെ ഉന്നതനീതിന്യായപീഠം അംഗീകാരം നല്‍കിയോ? 2022 സെപ്തംബര്‍ 29 ലെ സുപ്രീം കോടതിയുടെ അതിദാരുണമായ വിധിപ്രഖ്യാപനം ആ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടതിമുമ്പാകെ വരുന്ന കേസിന്റെ പശ്ചാത്തലത്തിലുള്ള വിധിവാക്യങ്ങളാണെങ്കിലും പൊതുസമൂഹത്തില്‍ ഇതു സൃഷ്ടിക്കുന്ന ആശങ്കകളും വ്യാഖ്യാനങ്ങളും മനുഷ്യജീവനെ നശിപ്പിക്കുവാനുള്ള കോടതി അംഗീകാരമായി മാത്രമേ കാണാനാവൂ.
സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഗര്‍ഭസ്ഥശിശു സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണെന്നും അത് മുറിച്ചുമാറ്റണമോ, നശിപ്പിക്കണമോ, തുടരണമോ എന്ന് തീരുമാനിക്കുന്നത് ആ ശരീരത്തിന്റെ ഉടമസ്ഥയാണെന്നും വാദിച്ച് ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കുവാന്‍ പുരോഗമനവാദികള്‍ രംഗത്തു വന്നിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിനായുള്ള ചരിത്രവിധിയെന്നും ഇക്കൂട്ടര്‍ വിളിച്ചുകൂവുന്നു.

ഒരു മനുഷ്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പരാശ്രയത്വത്തിലും നിസ്സഹായാവസ്ഥയിലും കഴിയുന്ന ജീവന്റെ തുടിപ്പിനെ നിഷ്‌കരുണം കൊലചെയ്യാന്‍ നിയമം തന്നെ കൂട്ടുനില്‍ക്കുന്ന ക്രൂരത മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവുമോ?
ചില വിദേശരാജ്യങ്ങളുടെ ചുവടുപിടിച്ച് ഗര്‍ഭഛിദ്രത്തിന് ഉന്നതനീതിപീഠം പച്ചപ്പരവതാനി വിരിക്കുന്നത് മാനിഷാദ വിളിച്ചുപറഞ്ഞ മഹര്‍ഷിമാരുടെ നാട്ടിലാണെന്നോര്‍ക്കണം. സ്‌നേഹസംസ്‌കാരം പങ്കുവയ്ക്കുന്ന ആര്‍ഷഭാരതസംസ്‌കാരത്തെ പുല്‍കുന്ന ഭരണനേതൃത്വങ്ങള്‍ രാജ്യഭരണം നടത്തുമ്പോള്‍ കൊലക്കത്തിയുടെ മുമ്പില്‍ നിസ്സഹായതയോടെ നിലവിളിക്കാന്‍പോലും സാധിക്കാതെ പിടഞ്ഞുമരിക്കാന്‍ മനുഷ്യശിശുവിനെ കൊലയ്ക്കു കൊടുക്കുവാനും ഈ കൊടുംപാതകത്തിന് നിയമപരിരക്ഷ ചാര്‍ത്തിക്കൊടുക്കുവാനും ഭീകരര്‍ക്കുമാത്രമേ സാധിക്കൂ.
സുപ്രീം കോടതി വിധിയെന്ത്?

ഗര്‍ഭഛിദ്രം സ്ത്രീയുടെ മാത്രം അവകാശമാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. വിവാഹിതരായ സ്ത്രീകള്‍ക്കുമാത്രമല്ല അവിവാഹിതര്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അര്‍ഹതയുണ്ടെന്നും വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ബലമായും പീഡിപ്പിച്ചും നടത്തുന്ന ലൈംഗികവേഴ്ചയെ ലൈംഗിക പീഡനമായി കണക്കാക്കും. നിയമപരമായി ഗര്‍ഭഛിദ്രത്തിന് സ്ത്രീക്ക് കോടതിയെ സമീപിക്കാന്‍ കുടുംബത്തിന്റെ അനുമതി ആവശ്യമില്ല. പ്രായപൂര്‍ത്തിയാകാത്ത ആളോ, മാനസികവെല്ലുവിളികള്‍ നേരിടുന്നയാളോ അല്ലെങ്കില്‍ ഗര്‍ഭഛിദ്രം സ്ത്രീയുടെ മാത്രം തീരുമാനമായിരിക്കും. അവിവാഹിതയാണെങ്കിലും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കില്‍ പോലും സ്ത്രീക്ക് ഗര്‍ഭഛിദ്രം അനുവദനീയമാണെന്ന സുപ്രീം കോടതി വിധി മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന കിരാതത്വത്തിലേയ്ക്ക് നാടിനെ നയിക്കുവാനുള്ള സാധ്യതകള്‍ തുറന്നിടുന്നു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) നിയമത്തിന്റെ ഒട്ടേറെ നിയമപഴുതുകള്‍ സുപ്രീം കോടതിയുടെ വിധിന്യായ നിരീക്ഷണങ്ങളിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഗര്‍ഭിണിക്ക് എപ്പോള്‍ വേണമെങ്കിലും ഗര്‍ഭം അലസിപ്പിക്കുവാന്‍ നിരവധി വാദങ്ങള്‍ ഉയര്‍ത്താമെന്നും ന്യായങ്ങള്‍ അവതരിപ്പിക്കാമെന്നും കോടതിതന്നെ വ്യക്തമാക്കുന്നു. ഗര്‍ഭത്തിന് കാരണം ലൈംഗികാതിക്രമവും പീഡനവുമാണെന്നും പീഡനമേല്‍പ്പിക്കുന്നയാളില്‍ നിന്ന് ലഭിച്ച കുട്ടിയെ വളര്‍ത്താന്‍ സ്ത്രീയെ നിര്‍ബന്ധിക്കരുതെന്നും കോടതി പറയുമ്പോള്‍ ഉള്ളില്‍ പിടയുന്ന മനുഷ്യജീവന്‍ എന്തുതെറ്റുചെയ്തുവെന്ന് മറുചോദ്യം ചോദിക്കുവാന്‍ നമ്മുടെ നിയമസംവിധാനങ്ങളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സാംസ്‌കാരിക നേതൃത്വങ്ങളും പരാജയപ്പെട്ടു.
സ്ത്രീക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമോ?

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിയുടെ 3 ബി വകുപ്പ് 24 ആഴ്ചവരെയുള്ള ഗര്‍ഭം ഒഴിവാക്കാന്‍ അനുമതി ആര്‍ക്കെല്ലാമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതില്‍ ബലമായ ലൈംഗികവേഴ്ചയെ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. പക്ഷേ സുപ്രീം കോടതി പുതിയ വിധിയിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നു. ഭ്രൂണഹത്യക്ക് ഗര്‍ഭിണിയുടെ മാത്രം വാക്കുകള്‍ മതിയെന്നും ലൈംഗികാതിക്രമമോ പീഡനമോ ഉണ്ടായതായി സ്ത്രീ തെളിയിക്കേണ്ടതില്ലെന്നുംവരെ സുപ്രീംകോടതി സൂചിപ്പിക്കുമ്പോള്‍ സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്യമാണ് നല്‍കപ്പെടുന്നത്. ഇത് ഭാവിയില്‍ വലിയ സാമൂഹ്യവെല്ലുവിളിയായി മാറുമെന്നുറപ്പാണ്.
മനുഷ്യജീവന് പുല്ലുവിലയോ?

സുപ്രീം കോടതിയുടെ 2022 സെപ്തംബര്‍ 29ന് പുറപ്പെടുവിച്ച വിധിവാക്യങ്ങളില്‍ പൊതുസമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ ഒട്ടേറെയാണ്. സ്ത്രീപുരുഷ ലൈംഗികബന്ധത്തെത്തുടര്‍ന്ന് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊള്ളുന്ന ഭ്രൂണം ഒരു മനുഷ്യജീവനല്ലേ?
ഗര്‍ഭാവസ്ഥയിലുള്ള മനുഷ്യവ്യക്തിക്കും ജീവിക്കാന്‍ അവകാശമില്ലേ?
മനുഷ്യജീവന്റെ സംരക്ഷണത്തിന് രാജ്യത്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ നിയമവ്യവസ്ഥകള്‍ ഗര്‍ഭപാത്രത്തിലായിരിക്കുന്ന മനുഷ്യജീവനും ബാധകമാക്കാത്തതെന്ത്?
1971 വരെ ഗര്‍ഭഛിദ്രം കുറ്റകരവും ശിക്ഷാര്‍ഹവുമായിരുന്നു. 1971 നു ശേഷം ഗര്‍ഭഛിദ്രത്തെ വെള്ളപൂശുവാന്‍ നിയമവ്യവസ്ഥകള്‍തന്നെ അട്ടിമറിച്ച് രൂപപ്പെടുത്തുന്ന കൊടുംക്രൂരത അംഗീകരിച്ചുകൊടുക്കാനാവുമോ?
മനുഷ്യജീവനെ ബോധപൂര്‍വ്വം കൊല്ലുന്ന അധാര്‍മ്മികതയ്ക്ക് നിയമസംരക്ഷണം നല്‍കുന്ന വ്യവസ്ഥിതി അരാജകത്വം ക്ഷണിച്ചുവരുത്തുന്നതാണ്. ദൈവികദാനമായ ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ നിന്ന് നിയമസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് പുരോഗമന കാഴ്ചപ്പാടുകളുടെ ഭാഗമെന്ന ന്യായവാദം തലമുറകളില്‍ സൃഷ്ടിക്കുന്ന തകര്‍ച്ചയുടെയും സാമൂഹ്യാധഃപതനത്തിന്റെയും ആഴം വളരെ വലുതാണ്.
ഗര്‍ഭഛിദ്രത്തെ പവിത്രമാക്കിയതാര്?

1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ മാത്രമല്ല തുടര്‍ന്നിങ്ങോട്ട് രണ്ടരപ്പതിറ്റാണ്ടോളം ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായിരുന്നു. 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം 312-ാം വകുപ്പുപ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന സ്തീക്ക് കുറഞ്ഞത് 3 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു.
രാജ്യത്ത് ഗര്‍ഭഛിദ്രനിയമം ആവശ്യമുണ്ടോയെന്ന് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശാന്തിലാല്‍ കമ്മീഷനെ വെച്ചു. 1967 ല്‍ ശാന്തിലാല്‍ ഷാ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യഭരണകാലത്ത്, അതായത് 1971ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നു. രഹസ്യമായും പ്രാകൃതരീതിയിലും നടത്തുന്ന ഗര്‍ഭഛിദ്രം സ്ത്രീയുടെ ജീവന് വെല്ലുവിളിയുയര്‍ത്തുമെന്ന ശാന്തിലാല്‍ കമ്മീഷന്റെ കണ്ടെത്തലാണ് വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കംചെയ്യല്‍ ചട്ടത്തിന് പിന്നിലുള്ളത്.
ഈ നിയമപ്രകാരം ഗര്‍ഭധാരണം 12 ആഴ്ച പൂര്‍ത്തിയാകുന്നതുവരെ ഗര്‍ഭഛിദ്രത്തിന് ഒരു ഡോക്ടറിന്റെ നിര്‍ദ്ദേശമുണ്ടായിരിക്കണം. ഡോക്ടറാകട്ടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ള ആളായിരിക്കണം. 12 ആഴ്ചയ്ക്കും 20 ആഴ്ചയ്ക്കും ഇടയിലാണ് ഗര്‍ഭം അലസിപ്പിക്കലെങ്കില്‍ മേല്‍പറഞ്ഞ രീതിയിലുള്ള രണ്ടു ഡോക്ടര്‍മാരുടെ അംഗീകാരം വേണം. ഗര്‍ഭഛിദ്രം നടത്തി പണസമ്പാദനത്തിനായി മെഡിക്കല്‍ എത്തിക്‌സിനുപോലും പുല്ലുവില കല്പിക്കുന്ന ക്രൂരതയും ഓരോ ദിവസവും ഈ രാജ്യം കാണുന്നു. 1971 ലെ നിയമപ്രകാരം ഡോക്ടര്‍മാര്‍ നല്‍കുന്ന ഗര്‍ഭഛിദ്ര കാരണം കാണിക്കല്‍ മെഡിക്കല്‍ റിക്കാര്‍ഡില്‍ കുറിക്കപ്പെടുന്ന രണ്ടുകാരണങ്ങളാണ്. ഈ ഗര്‍ഭം അമ്മയുടെ ജീവനു ഭീഷണി, അല്ലെങ്കില്‍ കുഞ്ഞിന് ബുദ്ധിമാന്ദ്യം , അംഗവൈകല്യം. ആധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യയുടെ കാലത്തും ഈ വാദഗതി ഇന്നും നിലനില്‍ക്കുന്നുവെന്നതാണ് അതിശയകരം.
2020 ലെ നിയമഭേദഗതി

ഗര്‍ഭഛിദ്രം ഇന്ത്യയില്‍ നിരോധിച്ച 1971 ഓഗസ്റ്റ് 10 വരെയുള്ള കാലത്തിനുശേഷം 20 ആഴ്ചവരെയായ ഗര്‍ഭസ്ഥശിശുവിനെ കൊലചെയ്യുന്നതിന് നിയമസാധുത നിലനില്‍ക്കെയാണ് 2020 ല്‍ 1971 ലെ ഗര്‍ഭഛിദ്രനിയമത്തിന് ഭേഗദതി വരുത്തിയുള്ള ബില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത്. 2020 മാര്‍ച്ച് 17ന് ലോകസഭയും 2020 മാര്‍ച്ച് 16ന് രാജ്യസഭയും ബില്‍ പാസ്സാക്കി. തുടര്‍ന്ന് 2021 മാര്‍ച്ച് 25ന് രാഷ്ട്രപതിയുടെ അംഗീകാരവും നേടി. 2021 സെപ്തംബര്‍ 24 മുതല്‍ ഭേദഗതികള്‍ പ്രാബല്യത്തില്‍വന്നു. കോടിക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളെ നിഷ്‌കരുണം കൊലചെയ്യുവാനുള്ള ലൈസന്‍സ് കൂടുതല്‍ ഉദാരമാക്കിയുള്ളതാണ് പുതിയ നിയമഭേദഗതികള്‍.
2021 സെപ്തംബര്‍ 24ന് പ്രാബല്യത്തില്‍വന്ന പുതിയ നിയമഭേദഗതി 24 ആഴ്ചവരെയെത്തിയ ഗര്‍ഭസ്ഥശിശുവിനെയും നശിപ്പിക്കാം. രണ്ടു ഡോക്ടര്‍മാരുടെ തീരുമാനം മാത്രം മതി. അതുപോലെതന്നെ ഗൈനക്കോളജിസ്റ്റ്, റോഡിയോളജിസ്റ്റ് എന്നിവരുള്‍പ്പെടെ ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമുണ്ടെങ്കിലും സമയപരിധി നോക്കാതെ നശിപ്പിക്കാം. അതിനായി ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും. ഈ നിയമഭേദഗതി സാഹചര്യങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്ന വിധിയാണ്, കഴിഞ്ഞ 2022 സെപ്തംബര്‍ 29ന് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. നിയമങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഗര്‍ഭസ്ഥകുരുന്നിനെ കുരുതികൊടുത്ത് സ്ത്രീയുടെ സംരക്ഷണത്തിന് മാത്രമാകുന്നത് ഭാവിയില്‍ ആധുനിക സമൂഹത്തില്‍ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യമൊരുക്കും.
ഞെട്ടിക്കുന്ന കണക്കുകള്‍

ഓരോ വര്‍ഷവും ഗര്‍ഭഛിദ്രത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. നിയമങ്ങള്‍ ലഘൂകരിക്കുമ്പോഴും കൂടുതല്‍ സുതാര്യമാക്കുമ്പോഴും കണക്കുകള്‍ ഉയരുന്ന കാഴ്ച വലിയ തകര്‍ച്ചയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.6 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളുണ്ട്. രേഖകളില്ലാത്തവ അതിലെത്ര മടങ്ങുണ്ടാവുമെന്ന് ഊഹിക്കുക. ഗര്‍ഭഛിദ്രം മൂലം ഗര്‍ഭസ്ഥശിശുവിനോടൊപ്പം മരണപ്പെടുന്ന അമ്മമാരുടെ അഥവാ ഗര്‍ഭിണികളുടെ എണ്ണവും കൂടി. ഇപ്പോഴിത് വര്‍ഷം 70,000 വരുമെന്നറിയുന്നു. ശാരീരിക വൈകല്യവും മാനസിക പിരിമുറുക്കത്തിന്റെ അനന്തരഫലവുമായി സുബോധം നഷ്ടപ്പെട്ട് ജീവിതം തകര്‍ന്നവരും ഏറെയുണ്ട്. ലോകമെമ്പാടും ഏകദേശം 5.6 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായും രാജ്യാന്തര ഏജന്‍സികള്‍ നല്‍കുന്ന കണക്കുകളും രേഖകളും വ്യക്തമാക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് നിയമംമൂലം അംഗീകാരം നല്‍കിയ പലരാജ്യങ്ങളും ഇപ്പോള്‍ മാറി ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ജനനനിയന്ത്രണവും ഗര്‍ഭഛിദ്രവും മൂലമുണ്ടായ സാമൂഹ്യതകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഗര്‍ഭഛിദ്രം നിരോധിക്കുവാന്‍ വികസിതരാജ്യങ്ങള്‍ മുന്നോട്ടുവരുമ്പോഴാണ് സാംസ്‌കാരിക പൈതൃകത്തിന് പുകള്‍പെറ്റെ ഇന്ത്യ ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ നിയമപരിരക്ഷ നല്‍കി സുരാത്യമാക്കുന്നതെന്നോര്‍ക്കണം.
കുഞ്ഞിനെ കൊല്ലാം; പട്ടിയെ കൊല്ലരുത്

ഉന്നത നീതിന്യായ കോടതിയുടെ 2022 സെപ്തംബര്‍ 29 ലേതുപോലെയുള്ള ഗര്‍ഭഛിദ്രസുതാര്യ വിധിന്യായങ്ങള്‍ കേള്‍ക്കുമ്പോള്‍ കോടതിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു സൂചിപ്പിക്കട്ടെ ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തെ നിയമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മനുഷ്യമൃഗങ്ങളാണോയെന്ന് തോന്നിപ്പോകുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നിയമങ്ങളുണ്ടാക്കുന്ന നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും മനുഷ്യജീവനോടുള്ള വിദ്വേഷവും സമീപനവും സകല അതിര്‍വരമ്പുകളും കടക്കുന്നു. മനുഷ്യനെ സംരക്ഷിക്കാന്‍ നിയമമില്ല.
ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാന്‍ 1971 നു ശേഷം ഇന്ത്യയില്‍ നിയമമുണ്ട്. മനുഷ്യരെ കടന്നാക്രമിച്ച് കടിച്ചുകീറി കൊലയ്ക്കു കൊടുക്കുന്ന പേപ്പട്ടിയേയും കാട്ടുപന്നിയേയും കാട്ടാനയേയും കടുവയുള്‍പ്പെടെ വന്യമൃഗങ്ങളെയും സംരക്ഷിക്കുവാന്‍ കൈപൊക്കി നിയമം സൃഷ്ടിക്കുന്നവരെ പൊതുനിരത്തില്‍ നിരത്തിനിര്‍ത്തി ചാട്ടവാറടിക്കേണ്ട കാലംകഴിഞ്ഞു.

ഭ്രൂണഹത്യയെന്ന ക്രൂരതയെ നിലവിലുള്ള നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പഴുതുകള്‍ കണ്ടെത്തി പര്‍വ്വതീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മരവിച്ച മനസാക്ഷിയുമായി ആധുനിക ഭാരതസമൂഹം നീങ്ങുന്നത് വലിയ അപകടത്തിലേയ്ക്കാണെന്ന് മറക്കരുത്.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍