
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ വിനോബാ ഭാവേയുടെ ഓർമ്മദിനമാണിന്ന്..
പഴയ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-നാണ് വിനോബയുടെ ജനനം. വിനായക് നരഹാരി ഭാവെ നരഹരി ശംഭു റാവുവിന്റെയും രുക്മിണി ദേവിയുടെയും മൂത്ത മകനായിരുന്നു. അദ്ദേഹത്തിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു. അമ്മ രുക്മിണി ദേവി വളരെ വലിയ ഒരു മതവിശ്വാസിയായിരുന്നു. വിനോബയിൽ ആത്മീയതയുടെ ആഴത്തിലുള്ള ബോധം പകർന്നത് അമ്മയാണ്. മുത്തച്ഛന്റെ കീഴിൽ ഭഗവദ്ഗീത പഠിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ആത്മീയ മന ശക്തി വളർത്തിയെടുത്തിരുന്നു.
നല്ല വിദ്യാർത്ഥി ആയിരുന്നുവെങ്കിലും പരമ്പരാഗത വിദ്യാഭ്യാസം ഒരിക്കലും വിനോബയെ ആകർഷിച്ചില്ല. സാമൂഹിക ജീവിതം ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പുറപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും പ്രാദേശിക ഭാഷകൾ പഠിക്കുകയും സംസ്‌കൃതത്തിൽ ആഴത്തിലുള്ള അറിവ് നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ യാത്രകൾ വിശുദ്ധ നഗരമായ ബനാറസിൽ അവസാനിച്ചു, അവിടെ മഹാത്മാഗാന്ധിയെക്കുറിച്ച് അദ്ദേഹം ആദ്യമായ് കേട്ടു. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഗാന്ധി നടത്തിയ പ്രസംഗം വായിച്ചതിനുശേഷം അത് അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് ഹാജരാകാനായി 1916 ൽ മുംബൈയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം തന്റെ സ്കൂൾ, കോളേജ് സർട്ടിഫിക്കറ്റ് മുഴുവൻ കത്തിച്ചു. ഇരുപതുകാരനായ വിനോബ അഹമ്മദാബാദിലെ കൊച്ചറബ് ആശ്രമത്തിലെത്തി ഗാന്ധിയെ നേരിൽ കാണുകയും തുടർന്ന് ആശ്രമത്തിൽ താമസമാക്കുകയും ചെയ്തു. ആശ്രമത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു, കഠിനവും ലളിതവുമായ ജീവിതം നയിച്ചു. ഖാദി ആന്ദോളൻ, അദ്ധ്യാപനം മുതലായ ഗാന്ധി രൂപകൽപ്പന ചെയ്ത വിവിധ പരിപാടികൾക്കായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
മഹാത്മാഗാന്ധിയുടെ തത്വങ്ങളിലേക്കും പ്രത്യയശാസ്ത്രങ്ങളിലേക്കും വിനോബ ആകർഷിക്കപ്പെട്ടു. രാഷ്ട്രീയവും ആത്മീയവുമായ വീക്ഷണകോണിൽ നിന്ന് അദ്ദേഹം ഗാന്ധിയെ തന്റെ ഗുരുവായി കണക്കാക്കി. അദ്ദേഹം ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാതെ പിന്തുടർന്നു. കാലക്രമേണ, വിനോബയും ഗാന്ധിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയും സമൂഹത്തിനുവേണ്ടിയുള്ള ക്രിയാത്മക പരിപാടികളിലെ അദ്ദേഹത്തിന്റെ ഇടപെടൽ വർദ്ധിക്കുകയും ചെയ്തു. ഗാന്ധി രൂപകൽപ്പന ചെയ്ത വിവിധ പരിപാടികൾ നടത്തിക്കൊണ്ട് അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളിൽ വിനോബ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചു. 1921 ഏപ്രിൽ 8 ന് ഗാന്ധിയുടെ നിർദേശപ്രകാരം വിനോബ ഒരു ഗാന്ധി ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കാൻ വാർധയിലേക്ക് പോയി. വാർധയിലെ താമസത്തിനിടയിൽ ഭാവെ മറാത്തിയിൽ ‘മഹാരാഷ്ട്ര ധർമ്മം’ എന്ന പേരിൽ ഒരു പത്രിക മാസവും പുറത്തിറക്കി. ഉപനിഷത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾഉൾപ്പെടുന്ന പ്രതിമാസ പത്രിക ആയിരുന്നു ഇത്. വിനോബ നിസ്സഹകരണ പരിപാടികളിലും പ്രത്യേകിച്ചും സ്വദേശി പ്രസ്ഥാനത്തിലും നേതൃ പരമായ പങ്ക് വഹ്ച്ചു. 1932 ൽ വിനോബ ഭാവെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്അദ്ദേഹത്തെ ആറുമാസം ജയിലിലടച്ചു. ‘ഭഗവദ്ഗീത’യുടെ വിവിധ വിഷയങ്ങൾ അദ്ദേഹം അവിടെ തടവുകാർക്ക് വിശദീകരിച്ചു. ധൂലിയ ജയിലിൽ ഗീതയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളെല്ലാം ശേഖരിച്ച് പിന്നീട് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി 1940 ഒക്ടോബർ 5 ന് ഒരു പ്രസ്താവനയിലൂടെ ഗാന്ധി ഭാവേയെ രാജ്യത്തിന് പരിചയപ്പെടുത്തി. ആദ്യത്തെ വ്യക്തിഗത സത്യാഗ്രഹിയായി (കൂട്ടായ പ്രവർത്തനത്തിനുപകരം സത്യത്തിനുവേണ്ടി നിലകൊള്ളുന്ന വ്യക്തി) അദ്ദേഹത്തെ തിരഞ്ഞെടുത്തു. തന്റെ ആത്മീയ പിന്തുടർച്ച അവകാശിയായി പ്രഖ്യാപിക്കുകയും ചെയ്തു.
അസമത്വം പോലുള്ള സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യാൻ വിനോബ ഭാവെ അശ്രാന്തമായി പ്രവർത്തിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധി വിഭാവനം ചെയ്ത തരത്തിലുള്ള സമൂഹം സ്ഥാപിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. “എല്ലാവർക്കുമുള്ള പുരോഗതി” എന്നർത്ഥം വരുന്ന സർവോദയ ലക്ഷ്യം വെയ്ക്കുന്ന സർവോദയ പ്രസ്ഥാനത്തിനു ഗാന്ധിയുടെ മരണ ശേഷം അദ്ദേഹം രൂപം നൽകി. 1950 കളിൽ വിവിധ പരിപാടികൾ നടപ്പാക്കി, അതിൽ പ്രധാനപ്പെട്ടത് ഭൂദാൻ പ്രസ്ഥാനമാണ്.
1951 ൽ വിനോബ ഭാവെ തെലങ്കാനയിലെ അക്രമബാധിത പ്രദേശത്തിലൂടെ കാൽനടയായി സമാധാനയാത്ര ആരംഭിച്ചു. 1951 ഏപ്രിൽ 18 ന് പോച്ചാംപള്ളി ഗ്രാമത്തിൽ നടന്ന പ്രാർഥന യോഗത്തിൽ വെച്ച് ഹരിജനങ്ങൾക് ഉപജീവനത്തിനായി 80 ഏക്കറോളം സ്ഥലം നൽകണമെന്ന് ഗ്രാമത്തിലെ ഭൂവുടമകളോട് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു ഭൂവുടമ എഴുന്നേറ്റ് ആവശ്യമായ ഭൂമി വാഗ്ദാനം ചെയ്തു. ഈ സംഭവം ത്യാഗങ്ങളുടെയും അഹിംസയുടെയും ചരിത്രത്തിൽ ഒരു പുതിയ അധ്യായം ചേർത്തു. ഭൂദാൻ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. പതിമൂന്ന് വർഷത്തോളം ഈ പ്രസ്ഥാനം രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് തുടർന്നു. വിനോബ രാജ്യത്ത്മ്പാടും കാൽനടയായി പര്യടനം നടത്തി, മൊത്തം 58741 കിലോമീറ്റർ അദ്ദേഹം ഭൂദാൻ പ്രചരണത്തിനായി രാജ്യം മുഴുവൻ നടന്നു എന്നാണ് കണക്ക്. 4.4 ദശലക്ഷം ഏക്കർ ഭൂമി ഭൂദാൻ പ്രസ്ഥാനത്തിലൂടെ ശേഖരിച്ചു. അതിൽ 1.3 ദശലക്ഷം പാവപ്പെട്ട ഭൂരഹിത കർഷകർക്ക് വിതരണം ചെയ്തു.
വിനോബയെ ഭഗവദ്ഗീത വളരെയധികം സ്വാധീനിച്ചു, അദ്ദേഹത്തിന്റെ ചിന്തകളും പരിശ്രമങ്ങളും വിശുദ്ധ ഗ്രന്ഥത്തിന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചു.
1982 നവംബറിൽ വിനോബ ഭാവെയുടെ ആരോഗ്യം മോശമാകുകയും അവസാന നാളുകളിൽ ഭക്ഷണവും മരുന്നും സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. 1982 നവംബർ 15 ന് മഹത്തായ സാമൂഹിക പരിഷ്കർത്താവ് അന്തരിച്ചു.1958 ൽ റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ച ആദ്യത്തെ അന്താരാഷ്ട്ര വ്യക്തിയാണ് വിനോബ ഭാവേ. 1983 ൽ മരണാനന്തരം രാജ്യം പരമോന്നത ബഹുമതി ആയ ഭാരത രത്‌ന അവാർഡ് നൽകി ആദരിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾക്ക് വലിയ നേതൃത്വം നൽകിയ, ലളിത ജീവിതം നയിച്ച, ഭൂധാൻ പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തമായി കിടപ്പാടം നൽകിയ ഈ മഹാന്റെ സ്മരണകൾക്ക് മുൻപിൽ പ്രണാമം….

Manoj M Kandathil