ആറാം നിലയിലെ ഫ്ലാറ്റില്‍ ആന കയറില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബാധിക്കാത്ത വിഷയത്തില്‍ കവിത എഴുതി വിടാന്‍ നല്ല രസമാണ്.

Share News

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പറ്റുമോ..?

ഒറ്റ വാക്കില്‍ ഇല്ല എന്നാണ് ഉത്തരം.

പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിച്ച അധിക ജീവ വംശങ്ങളും ഇന്ന് ഫോസിലുകളാണ്,ദിനോസറിനെയും മാമത്തിനെയും പോലെ വലിയ ജീവികളെ എല്ലാം ഇന്ന് കാണണമെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമ കാണണം,അല്ലെങ്കില്‍ മ്യൂസിയത്തില്‍.

ഇപ്പോള്‍ അവശേഷിക്കുന്ന പ്രകൃതിയുടെ രീതിയില്‍ മാത്രം വളരാന്‍ ശ്രമിച്ച ജീവികളും ഇന്ന് എണ്ണത്തില്‍ കുറഞ്ഞ് ഇന്നോ നാളയോ തീരും എന്ന അവസ്ഥയിലാണ്, സിംഹത്തെയൊക്കെ കണ്ട് കിട്ടണേല്‍ മ്യൂസിയത്തിലോ മറ്റ് സംരക്ഷിത മേഖലയിലോ പോവണം,ആള്‍ രാജാവൊക്കെ തന്നെയാണ് പക്ഷെ ജീവിച്ചിരിപ്പുള്ളത് ആകെ കുറച്ചെണ്ണമേ ഉള്ളൂ.

എന്നാല്‍ പ്രകൃതിയുടെ രീതിയില്‍ നിന്ന് മാറി നടത്തപ്പെട്ട മൃഗങ്ങളോ..?

ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ളത് പശുവും ആടും പൂച്ചയും പട്ടിയും കോഴിയുമൊക്കെയാണ്,ഇവരൊക്കെ പ്രകൃതിയുടെ ജനന സമ്പ്രദായത്തില്‍ നിന്ന് മാറി കൃതൃമമായ രീതിയില്‍ പെറ്റ് പെരുകിയവരാണ്,അത് കൊണ്ട് അതിജീവിച്ചു. അല്ലാത്ത ‘പ്രകൃതി സ്നേഹികള്‍ ‘ ഫോസിലുകളും ആയി.

മനുഷ്യന്‍ ഇന്നീ കാണുന്ന ആധുനിക മനുഷ്യനായത് പ്രകൃതിയോട് ഇണങ്ങിയത് കൊണ്ടല്ല,പട വെട്ടിയത് കൊണ്ട് മാത്രമാണ്. അവന്‍റെ ആദ്യ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനം കൃഷി ആയിരുന്നു.

അവിടുന്ന് ഇങ്ങോട്ട് മനുഷ്യന്‍ പ്രകൃതിയോട് യുദ്ധം ചെയ്താണ് വളര്‍ന്നത്. പ്രകൃതിയിലെ സകലതും നമ്മള്‍ കയ്യിലൊതുക്കി,പലതിനെയും അതിജീവിക്കാന്‍ പഠിച്ചു. അതില്‍ ബാക്റ്റീരിയ മുതല്‍ കൊടുങ്കാറ്റ് വരെ ഉണ്ട്.

വര്‍ഷം നാലോ അഞ്ചോ പുതിയ ആന്‍റി ബയോട്ടിക്കുകള്‍ ഇറക്കുന്നുണ്ട് നമ്മള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍. ഒരു കാലത്ത് കേവലം 35 വര്‍ഷം വരെ ഏറിയാല്‍ ജീവിച്ചിരുന്ന നമ്മളിന്ന് എണ്‍പതില്‍ എത്തിയിരിക്കുന്നു ശരാശരി ആയുസ്സ്. കൊടുങ്കാറ്റ് വരുന്നതിനെ തടുക്കാന്‍ പറ്റാത്തതിനാല്‍ മുന്‍കൂട്ടി മനസ്സിലാക്കി ജീവന്‍ രക്ഷിച്ചെടുക്കും. പ്രകൃതി ശക്തികളെ പലതും മനസ്സിലാക്കി അതിനെപ്രകൃതി വിരൂദ്ധമായ രീതിയില്‍ മറികടക്കാന്‍ കഴിഞ്ഞു.എണ്ണിയാല്‍ ഒടങ്ങാത്ത “പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്” ആധുനിക മനുഷ്യന്‍ ചെയ്ത് കൂട്ടുന്നത്,അത് കൊണ്ട് മാത്രമാണ് നമ്മള്‍ അതിജീവിക്കുന്നതും.

പ്രകൃതിയില്‍ ഇണങ്ങി ജീവിച്ച മനുഷ്യരും ഉണ്ടായിരുന്നു,അവരുടെ അവസ്ഥ എന്താണ്..?

ഏതാണ്ട് മുഴുവന്‍ ആമസോണ്‍ ആദിവാസികളും ഇല്ലാതായി,കൂടുതല്‍ പ്രകൃതി വിരുദ്ധരായ യൂറോപ്പ്യന്‍മാരുടെ വരവില്‍ അത്ര കണ്ട് പ്രകൃതി വിരുദ്ധരല്ലായിരുന്ന ഏതാണ്ട് മുഴുവന്‍ ലാറ്റിനമേരിക്കന്‍ ജനതയും മരിച്ച് വീണു,അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും റെഡ്ഇന്ത്യന്‍സും അബോറിഗന്‍സുമെല്ലാം പൂര്‍ണമായും മരിച്ച് വീണു,അധികവും തുടച്ച് നീക്കപ്പെട്ടത് വസൂരിയും പ്ലാഗുമൊക്കെ വന്നാണ്.

പ്രകൃതിയോട് ഇണങ്ങി ഒരു ജീവിതം മനുഷ്യന് സാധ്യമല്ല,മലയോരത്ത് അവന് കൃഷി ഇറക്കണം,ഇല്ലേല്‍ കുടുംബം പട്ടിണി ആവും. അപ്പോള്‍ പിന്നെ ഒരു വഴിയേ ഉള്ളൂ കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടു പന്നിയെയും ആനയെയും അകറ്റി നിര്‍ത്തണം.

കൃഷിക്ക് ശല്ല്യമാവുന്ന മൃഗങ്ങളെ നിയമപരമായ രീതിയില്‍ കൊല്ലാന്‍ അനുമതിയും ലെെസന്‍സുള്ള തോക്കും കൊടുക്കലേ പരിഹാരമുള്ളൂ. കാട്ടു പന്നിയെ വെടി വെച്ച് കൊല്ലാന്‍ അനുമതി കൊടുക്കണം,അല്ലെങ്കില്‍ ഹെെറേഞ്ചിലെ കര്‍ഷകര്‍ തോട്ടയും പന്നി പടക്കവും വെക്കും.അതിന്‍റെ പ്രശ്നം മൃഗങ്ങള്‍ പാതി ചിതറിയ ശരീരവുമായി ജീവിക്കേണ്ടിവരും എന്നതാണ്,അതിന് നില്‍ക്കാതെ ശല്ല്യക്കാരായ പന്നിയെ കൊല്ലാന്‍ അനുമതി കൊടുക്കുകയാണ് വേണ്ടത്.

കാട് അതിര്‍ത്തി കടന്ന് കൃഷി സ്ഥലത്ത് കയറി ഒരു കുടുംബത്തിന്‍റെ വര്‍ഷങ്ങളായുള്ള അധ്വാനം ഒറ്റയടിക്ക് നശിപ്പിക്കുമ്പോള്‍ ആരും ചുമ്മാ നോക്കി നില്‍ക്കുകയൊന്നുമില്ല. മലയോര കര്‍ഷകരെ എല്ലാവരെയും പ്രകൃതി വിരുദ്ധ കുറ്റിയില്‍ കെട്ടുന്ന പരിപാടിയെയൊന്നും അംഗീകരിക്കാന്‍ പറ്റുകയും ഇല്ല. പട്ടിണിക്കാലത്ത് മല കയറി രണ്ട് മൂന് തലമുറയായി പ്രകൃതിയോടും മലമ്പനിയോടും പട വെട്ടി ജീവിതം കരക്കടുപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരാണത്.

“അവരുടെ ആവാസ സ്ഥലത്ത് കയറി കൃഷി ഇറക്കിയിട്ട്” എന്ന് തുടങ്ങുന്ന ഡയലോഗ് അടിക്കുന്ന പ്രകൃതി/മൃഗ സ്നേഹികള്‍ അധികവും നഗരങ്ങളില്‍ താമസിച്ച് ഇടക്കങ്ങാന്‍ ഹെെറേഞ്ചിന്‍റെ ഹരിതാഭയും പച്ചപ്പും കാണാന്‍ വരുന്നവര്‍ ആയിയിരിക്കും.

അവര്‍ക്ക് ഒരിക്കലും മലയോരത്ത് പ്രകൃതിയോടും മൃഗങ്ങളോടും പട വെട്ടി അതിജീവനത്തിന് പൊരുതുന്ന മനുഷ്യന്‍റെ പ്രശ്നങ്ങളെ പറ്റി അറിയാന്‍ സാധ്യതയില്ല.

ആറാം നിലയിലെ ഫ്ലാറ്റില്‍ ആന കയറില്ലെന്ന് അവന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബാധിക്കാത്ത വിഷയത്തില്‍ കവിത എഴുതി വിടാന്‍ നല്ല രസമാണ്.
മനുഷ്യനെയും പ്രകൃതിയെയും പരസ്പ്പരം ശത്രുതയില്‍ വെച്ചുകൊണ്ടുള്ളൊരു പരിഹാരം ഇവിടെ സാധ്യമല്ല,മനുഷ്യന്‍ കൂടി ഉള്‍പ്പെടുന്നതാണ് പ്രകൃതി.

ഹെെറേഞ്ചില്‍ താമസിച്ച് കൃഷി ചെയ്യുന്നവരെല്ലാം പ്രകൃതി വിരുദ്ധരാണെന്നാണ് വാദമെങ്കില്‍ ഒരു ഒപ്ഷനുള്ളത് നിങ്ങടെ ഫ്ലാറ്റുകള്‍ അവര്‍ക്ക് കൊടുത്ത് മല കയറി പ്രകൃതിയെ അങ്ങട് സംരക്ഷിച്ചോളൂ.

അലക്സ് ഒഴുകയിൽ ,കോഴിക്കോട്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു