
നമുക്ക് രോഗം വരുന്നതിലല്ല വിഷമം, നാം മൂലം മറ്റാർക്കെങ്കിലും വരുന്നതിലാണ്. അതുണ്ടാകാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.
അഞ്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാണ്. കോവിഡ് പോസിറ്റീവ്. അത്യാവശ്യം ലക്ഷണങ്ങളുണ്ടായിരുന്നു. ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തലവേദന, മൂക്കൊലിപ്പ്… അങ്ങനെ ബുധനാഴ്ച രാത്രി മെഡിക്കൽ കോളജിലേക്ക് പോന്നു. പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വെള്ളിയാഴ്ച വന്നു. ഇന്ന് വീട്ടിലേക്ക് മാറ്റുമെന്ന് കരുതിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞപ്പോൾ ശക്തമായ ചുമ. അതുകൊണ്ട് ഡിസ്ചാർജ് നീട്ടി.
ഓണാവധിക്ക് നാട്ടിൽ വരെ ഒന്നു പോയിരുന്നു. അതായിരുന്നു കാണിച്ച ഏറ്റവും വലിയ അബദ്ധം. രോഗമുണ്ടെന്ന് അറിഞ്ഞല്ലല്ലോ പോകുന്നത്. പോയില്ലെങ്കിൽ, രോഗം ഉണ്ടായിരുന്നുമില്ലെങ്കിൽ പിന്നെ, അതാകും പ്രശ്‌നം. അതുകൊണ്ട് പോയി. എന്റെയും സിന്ധുവിന്റെയും വീട്ടിലാണ് പ്രധാനമായും സമ്പർക്കമുള്ളത്. നാട്ടിൽ നിന്ന് തിരികെപ്പോരാൻ തയ്യാറെടുത്ത അന്നു രാവിലെ നല്ല ചുമയും വയറിളക്കവും ഉണ്ടായി. പിന്നെ വൈകിട്ട് വരെ പ്രശ്‌നമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയതേ കടുത്ത ക്ഷീണം, ശരീരവേദന ഒക്കെക്കൂടി കീഴടക്കി.
രോഗം സംശയിച്ചപ്പോൾ തന്നെ, പകരാൻ സാധ്യത ഉള്ളവിധം പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരേയും വിളിച്ച് വിവരം പറഞ്ഞു. അവരൊക്കെ സ്വമേധയാ ഹോം ക്വാറന്റൈനിലുമാണ്. ഞായറാഴ്ച കട്ടപ്പന വരെ പോയിരുന്നു. അവിടെ ഒപ്പമുണ്ടായിരുന്നവർ ഇന്നലെ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവാണ്. കാറിൽ ഒരുമിച്ചുണ്ടായിരുന്ന സിന്ധുവിനും അച്ചുവിനുമൊന്നും നിലവിൽ പ്രശ്‌നമില്ല. വീട്ടിൽ അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവർക്കും ഇതുവരെ എന്തായാലും രോഗലക്ഷണങ്ങളൊന്നുമില്ല. രണ്ടുമൂന്നു ദിവസംകൂടി കഴിയാതെ ഒന്നും പറയാനുമാകില്ല.
രോഗം ലഭിച്ചത് എവിടെനിന്നാണെന്ന് യാതൊരു പിടിയുമില്ല. കഴിയുന്നത്ര സമ്പർക്കങ്ങൾ കുറയ്ക്കാനും പതിവുള്ള പലരുമായും കൂടിക്കാഴ്ചകൾ ഒഴിവാക്കാനും സാധിച്ചതിൽ ആശ്വാസം. ഒഴിവാക്കാമായിരുന്ന ചിലതൊക്കെ ഒഴിവാക്കാനാകാതെ പോയി എന്നതിൽ ദുഃഖവും..
നമുക്ക് രോഗം വരുന്നതിലല്ല വിഷമം, നാം മൂലം മറ്റാർക്കെങ്കിലും വരുന്നതിലാണ്. അതുണ്ടാകാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.
TC Rajesh Sindhu