
എനിക്ക് ഒരാഗ്രഹം കൂടി ഉണ്ട് ഇഗ്നെഷ്യസ് സാർ, ഒരിക്കൽ അങ്ങയുടെ ജേർണലിസം ക്ലാസ്സിൽ എനിക്ക് ഇരിക്കണം.
വിദ്യാർത്ഥി ദിനത്തിൽ, വിനയം നിറഞ്ഞ, വിപ്ലവകാരിയായ, മികച്ച വാഗ്മിയായ, പത്രപ്രവർത്തനം സിരകളിൽ നിറഞ്ഞ, അപ്പനെ പോലെ അധ്യാപകൻ ഇഗ്നെഷ്യസ് ഗോൺസാൽവസിനെ ഓർത്തു വിദ്യാർത്ഥികൾ ഒരുക്കിയ മഴവിൽ നിന്നും അല്പം നിറങ്ങൾ കടമെടുത്തു ഞാൻ എഴുതുന്നു.

കുറച്ച് നാളായി, ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കാരണം സപ്‌തതി നിറവിലുള്ള ഇഗ്നേഷ്യസ് ഗോൺസാൽവസ് (ഐജി) സാറിന് ആശംസ നൽകാനായി ആണിത്. അദ്ദേഹത്തെ കണ്ടു പരിചയപ്പെടാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. ഡോ. അബ്ദുൾ കലാമിന് ശേഷം, ഇത്രയധികം ശിഷ്യർ സ്നേഹിക്കുന്ന, ആദരിക്കുന്ന അതുല്യ ഗുരുവും, അഞ്ച് പതിറ്റാണ്ടുകൾ പത്രങ്ങളിൽ പൊള്ളുന്ന, ത്രസിപ്പിക്കുന്ന വാർത്തകൾ നിറച്ച പച്ച മനുഷ്യനായ പത്ര പ്രവർത്തകൻ, വാഗ്മി, ഉത്തമനായ കാതോലിക്കാ വിശ്വാസി യുമായ ഇഗ്നെഷ്യസ് സാറിനെ ഞാൻ ഇക്കഴിഞ്ഞ മാസത്തിൽ ആണ് നേരിൽ അറിഞ്ഞത്. എത്ര വൈകി… എങ്കിലും തീരെ വൈകിയില്ല…പൂനായിൽ വച്ച് ICPA മീറ്റിംഗിൽ ഫോട്ടോ എടുക്കാൻ ചാർജ് എനിക്ക് ആയിരുന്നു. ഒരു കുഞ്ഞു സമ്മാനമായി അദ്ദേഹം എനിക്ക് സമ്മാനിച്ചത് ഒരു മഴവില്ലാണ്- ‘The Rainbow’ – അദ്ദേഹത്തിന്റെ ശിഷ്യർ സമ്മാനിച്ച IG സാറിന്റെ തന്നെ ജീവനുള്ള ജീവ ചരിത്ര പുസ്തകം.

400 പേജുകളിൽ വിടർന്ന ജീവിതനുഭവങ്ങൾ വാക്കുകളുടെ വർണ്ണങ്ങളിൽ ചാലിച്ച ജീവനുള്ള മഴവില്ല്. അനേകരുടെ ജീവിതത്തിനു നിറം പകർന്ന മഴവില്ലാണ് ഐ ജി സാർ. വാക്കുകളുടെ പോരാളിക്കു ഗുരുദക്ഷിണയായി വാക്കുകൾകൊണ്ടൊരു സ്നേഹോപഹാരം. ഐജി സാറിന്റെ ശിഷ്യർ ഓർമ്മകളും അനുഭവങ്ങളും പാഠങ്ങളും ഒപ്പം ഒരു അധ്യാപകന് എത്രമാത്രം വിദ്യാർഥികളെ സ്വാധീനിക്കാൻ കഴിയുമെന്ന് ഉദാഹരണം സഹിതം ഇതിൽ വിവരിക്കുകയാണ്. ഇത്രമാത്രം സിസ്റ്റമാറ്റിക്കായി, ഇത്രമാത്രം മനോഹരമായ പദം പ്രയോഗങ്ങളോടെ… കുറച്ച് പുസ്തക താളുകൾ… അത്രമാത്രം കഴിവുകളുടെ ഭണ്ഡാരമായി ഞാൻ ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ല.

രഞ്ജിത്ത് ലീൻ സാറും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് സ്നേഹത്തോടെയും അൽഭുതത്തോടെയും ഓർക്കുന്നു. മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു പോകും മുൻപേ സാർ എനിക്കും ഒരു പുസ്തകം തന്നിരുന്നു പുസ്തകത്താളിലൂടെ കണ്ണുകൾ പായച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ആഹ്ലാദത്തോടെയും, അത്ഭുതത്തോടെയുമാണ് ഞാൻ ഓരോ പേജിലൂടെയും കടന്നു പോയയത്. കാരണം എനിക്ക് “മാധ്യമപ്രവർത്തനം” അത്രമേൽ ഇഷ്ടമായതും ഞാനും ഒരു അധ്യാപിക ആയതിനാലും ആവും. ജോർണലിസം എത്രമാത്രം പ്രിയമാണോ, അതിലേറെ ഇഷ്ടം എനിക്ക് ഈ പത്രപ്രവർത്തനത്തോട് തോന്നുകയും, ഏറെ ബഹുമാനത്തോടെ, അതിലേറെ അത്ഭുതത്തോടെ എനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകാൻ ഈ പുസ്തകത്തിലൂടെ സാധിച്ചു. ഒരു മാധ്യമപ്രവർത്തകൻ ആരായിരിക്കണം? എന്തായിരിക്കണം? എങ്ങനെയായിരിക്കണം? എന്നതിനുള്ള ഏറ്റവും വലിയ ഒരു ഉത്തരമാണ് ഐജി സാർ.
*മറ്റുള്ളവർ ഐജിയെ നോക്കി കാണുന്നത് ഇങ്ങനെ*
” ബഹുനിറങ്ങളിൽ ഉള്ള കോട്ടണിഞ്ഞ വ്യക്തിയാണ് ഐജി” എന്നാണ് The Week ന്റെ സീനിയർ എഡിറ്റർ ശ്രീ. മാത്യു T ജോർജ് വിളിക്കുന്നത്.
“നിങ്ങ ശരിയെന്നു തോന്നുന്നത് ചെയ്യെടാ…” എഴുത്ത് മഷി കടലാസിൽ പടരുന്നത് പോലെ തനിക്കു ചുറ്റും ഉള്ളവരിലേക്ക് പടർന്നിറങ്ങും അദ്ദേഹം… ഏറ്റവും വലിയ പ്രചോദനം ഏകിയ മോട്ടിവേഷൻ തന്നെ പ്രിയപ്പെട്ട സാർആണ് ഇഗ്നെഷ്യസ് സാർ”.- ജോബിൻ ജോസ്, CEO ജോബിൻ & ജിസ്മി IT co.
“ശരിയായ ഡോസ് ശരിയായ പാതയിലൂടെ നടക്കാൻ, ശരിയായ നേരം കൊടുത്ത അപ്പനായും, ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ച അധ്യാപകനായും, വാക്കുകൾക്കതീതം പ്രഗത്ഭനായ മാധ്യമ പ്രവർത്തകനും, സംഘടകനുമാണ് ഐജി.” – സീനിയർ മാധ്യമ പ്രവർത്തകനായ ശ്രീ. രഞ്ജിത് ലീൻ സാർ ഐജിയെ കുറിച്ച് വാക്കുകളുടെ പുഴയിൽ മനസ്സിൽ തട്ടിയ അല്പം കാര്യങ്ങൾ നന്ദിയോടെ എഴുതുന്നു.
“പച്ചവെള്ളം പോലെ പത്ര പ്രവർത്തനം പറയുന്ന ആളായിരുന്നു, തിരിച്ചടികളെ അടിച്ചോടിച്ച മനുഷ്യനാണ് ഇഗ്നെഷ്യസ് ഗോൻസൽവേസ്”. – മലയാള മനോരമ സ്പോർട്സ് ജേർണലിസ്റ്റ് ആന്റണി ജോൺ
“ക്യാപ്റ്റൻ! ഒരു കാലുഷ്യവും ഇല്ലാത്ത മനുഷ്യൻ ഇഗ്നെഷ്യസ് ഗോൻസൽവേസ്. മറ്റുള്ളവരുടെ വളർച്ചയിലും, ഉയർച്ചയിലും സാറിനെ പോലെ സന്തോഷിക്കുന്ന മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല”. സുജിത് നായർബ്യൂറോ ചീഫ് മലയാള മനോരമ TVM
“മനുഷ്യ സ്നേഹത്തിന്റെ ഗുരു മഴക്കാട്”.” മാധ്യമ പ്രവർത്തനം ജോലിയല്ല, ജീവിതം ആക്കിയ വ്യക്തി… ബേബി അരുൺ UNICEF കോൺസൾറ്റന്റ്
“ധാരാളം അവാർഡുകൾ നേടിയെങ്കിലും, എല്ലാവരിലും ഒരുവനായി ഇടപെടുന്ന വ്യക്തിത്വം “- Fr ഡോമിനിക് പത്യാല OFM
“സഭയിൽ വിശ്വാസത്തിനും, സത്യത്തിനും വേണ്ടി എന്ത് നഷ്ടം സഹിച്ചും നിലകൊള്ളാൻ ആർജ്ജവത്വമുള്ളവൻ, ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ അപഗ്രഹിച്ചു പഠിക്കാനും, തീരുമാനം എടുക്കാനും കഴിവുള്ള, ഏത് കാര്യം ചെയ്യുമ്പോഴും അതിന്റെ സ്വാഭാവിക തലം ഗ്രഹിക്കാൻ കഴിവുള്ള വ്യക്തിത്വം…”. Sr സൂസി CTC
“കണ്മുന്നിലെ സെലിബ്രിറ്റി ആരുന്നു… ഇത് പോയെങ്കിൽ പോട്ടെ… നിനക്ക് ലോകം കീഴടക്കാനാവും എന്ന് പറഞ്ഞ് ചേർത്തു നിർത്തിയ സാർ…”
– ദിജ്ജു ശിവദാസ്,നാഷണൽ പബ്ലിക് ബ്രോഡ്കാസ്റ്റർ ഓസ്‌ട്രേലിയ
ഇന്ന് ഭാരതം ഡോ എപിജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 15 ന് ലോക വിദ്യാർത്ഥി ദിനമായി ആചാരിക്കുമ്പോൾ, ഇഗ്നെഷ്യസ് സാർ എന്ന അതുല്യനായ ഗുരുവിനെ ആണ് നിങ്ങൾക്കും പ്രചോദനമായി, മുന്നിൽ വക്കുന്നു.
വാക്കുകൾ സത്യസന്ധമായി അര പതിറ്റാണ്ട് ജനഹൃദയങ്ങളിൽ പകർത്തിയ പത്ര പ്രവർത്തകനെ നിങ്ങളെ കുറിച്ച് പൂർണ്ണമായും എഴുതാൻ 400 പേജുള്ള മഴവില്ലിന് സാധിച്ചില്ല… അതിനാൽ ഈ കുറിച്ചവയും എത്രയോ അല്പം മാത്രമാണെന്ന് ഞാൻ അറിയുന്നു.
എനിക്ക് ഒരാഗ്രഹം കൂടി ഉണ്ട് ഇഗ്നെഷ്യസ് സാർ, ഒരിക്കൽ അങ്ങയുടെ ജേർണലിസം ക്ലാസ്സിൽ എനിക്ക് ഇരിക്കണം. സാറിനെയും, കുടുംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,

Sr സോണിയ K ചാക്കോ DC
