
അഭിരുചിയറിഞ്ഞ് കോഴ്സുകള്‍ തെരഞ്ഞെടുക്കണം; മനസിനണങ്ങിയ കോഴ്‌സ് പഠിച്ചാല്‍ മനസിനിണങ്ങിയ തൊഴില്‍ നേടാം:ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി
എല്ലാ വിജയികളുടെയും അടിസ്ഥാനം മികച്ചൊരു തുടക്കമാണ്’ ‘പാബ്ലോ പിക്കാസോ(ലോകപ്രശസ്ത ചിത്രകാരന്‍)
‘പൂവും കായും മനുഷ്യക്കോലവും വരച്ച് നടന്നാല്‍ ജീവിക്കാനൊക്കുമോ?’ മകളുടെ തീരുമാനമറിഞ്ഞ് അച്ഛന്‍ കലിതുളളുകയാണ്. മകളാണെങ്കില്‍ വിടുന്ന മട്ടില്ല, എനിക്ക് ചിത്രകാരിയായാല്‍ മതി. ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ബി. എഫ്. എയ്ക്ക്‌ചേരണം. ഫൈന്‍ആര്‍ട്‌സ് പഠിച്ചാല്‍ കാര്‍ട്ടൂണിസ്റ്റ്, മള്‍ട്ടിമീഡിയ വിദഗ്ധ, വിഷ്വലൈസര്‍, അനിമേറ്റര്‍ എന്നിങ്ങനെ ഒത്തിരി ജോലികള്‍ ലഭിക്കുമല്ലോ? ഒരു ചിത്രം വരച്ച് വിദേശത്ത് വിറ്റാല്‍ ലക്ഷങ്ങള്‍ ലഭിക്കും. കഴിഞ്ഞയാഴ്ച്ചത്തെ പത്രത്തില്‍ ഇക്കാര്യം അച്ഛനും വായിച്ചതല്ലേ? ‘ അച്ഛനും മകളും തമ്മിലുളള വാഗ്വാദം അരങ്ങു തകര്‍ക്കുകയാണ്.
‘അവള്‍ക്ക് ആറ് വയസായപ്പോള്‍ വീട്ടിലെ ടേപ്പ്‌റെക്കോര്‍ഡര്‍ സ്വയം അഴിച്ച് കളിക്കുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നു. അന്നേ ഞാന്‍ വിചാരിച്ചതാണ് അവളെ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറാക്കണമെന്ന്,’ മകളെക്കുറിച്ചുളള സ്വപ്നങ്ങള്‍ എണ്ണിപ്പറയുകയാണ് അച്ഛന്‍. പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികളുള്ള പല വീടുകളിലേയും അവസ്ഥയിതാണ് – ചൂടേറിയ ചര്‍ച്ചകള്‍, അന്വേഷണങ്ങള്‍….. മകളെ/മകനെ ഏതു വഴിക്ക് തിരിച്ചു വിടണം? ഡോക്ടറോ, എഞ്ചിനീയറോ, നഴ്‌സോ, അധ്യാപകനോ, ഫാഷന്‍ ടെക്‌നോളജിസ്റ്റോ അതോ എയര്‍ഹോസ്റ്റസോ…?
വിദ്യാര്‍ത്ഥി ജീവിതത്തിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കുന്ന ‘പ്ലസ് ടു’ എന്ന കടമ്പ കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. വിജയമാണ് പ്രധാനം. മികച്ച ഗ്രേഡ് മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്ന് മാത്രം. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്.

അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് തന്‍റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം. പ്ലസ് ടു കഴിഞ്ഞുള്ള കോഴ്‌സിനെക്കുറിച്ച് മാത്രം ചിന്തിച്ച് അതു കഴിഞ്ഞാവാം അടുത്തത് എന്ന് അര്‍ത്ഥ ശൂന്യമായ ആലോചനയല്ല വേണ്ടത്. നമുക്ക് ഒരു ലക്ഷ്യം വേണം. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം കണ്ടെത്തുകയാണ് യുക്തി. നാം ആരാകണം? എന്താകണം? എന്നു നിര്‍ണ്ണയിച്ച് അതിനനുസരിച്ചുള്ള കോഴ്‌സുകളാവണം തെരഞ്ഞെടുക്കേണ്ടതെന്നര്‍ത്ഥം.
അഭിരുചി അറിയുക
പഠന മാര്‍ഗ്ഗം ആസൂത്രണം ചെയ്യുമ്പോള്‍ മകന്‍റെ /മകളുടെ അഭിരുചിയ്ക്കാണ് പ്രാധാന്യം നല്‌കേണ്ടത്. കുട്ടിയുടെ അഭിരുചി അറിഞ്ഞ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം.
നമ്മള്‍ സാധാരണ ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്- ഭാവിയില്‍ എന്താവാനാണ് നിങ്ങള്‍ക്ക് ആഗ്രഹം? ഡോക്ടര്‍, എഞ്ചിനീയര്‍, ഐ.എ.എസ്., ഐ. പി. എസ്., അധ്യാപിക, പോലിസ് ഇന്‍സ്‌പെക്ടര്‍… ഇങ്ങനെ പലതരത്തിലുളള മറുപടികളാണ് നമുക്ക് ലഭിക്കുക. എന്നാല്‍ ഉത്തരങ്ങളിലും ആഗ്രഹങ്ങളിലുമല്ലാതെ അവരുടെ വ്യക്തിത്വങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഘടകമുണ്ട് – അഭിരുചി. ഈ ആഗ്രഹങ്ങള്‍ പലതും ഒരു പക്ഷേ അവരുടെ ആഗ്രഹങ്ങളുടെ/അഭിരുചികളുടെ ബഹിര്‍സ്ഫുരണങ്ങളാവാം. എന്നാല്‍, അത് അഭിരുചിയായിയിക്കൊള്ളണമെന്നില്ല. പക്ഷെ ഇവ തൊഴിലുകളോടുളള ആഭിമുഖ്യത്തെയോ താത്പര്യത്തെയോ കുറിയ്ക്കുന്നു. ഈ ആഭിമുഖ്യമാണ് വിലയിരുത്തപ്പെടേണ്ടത്. ഇതിന്, കരിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ പക്കല്‍ തൊഴില്‍ അഭിരുചി പരീക്ഷകള്‍ ലഭ്യമാണ്.

ഒരു പ്രത്യേക വിഷയത്തിലുളള താല്പര്യം, അറിവ് അല്ലെങ്കില്‍ കഴിവാര്‍ജ്ജിക്കാനുളള ഒരാളുടെ പ്രത്യേക സ്വഭാവവിശേഷത്തെയാണ് ‘അഭിരുചി’ എന്നു പറയുന്നത്. ഈ അഭിരുചി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കഴിവും അഭിരുചിയും വ്യത്യസ്തമായതിനാല്‍ അവനവന്റെ അഭിരുചിയ്ക്കനുസൃതം കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അനുബന്ധ തൊഴില്‍ മേഖലകളിലെത്താനാണ് ശ്രമിയ്‌ക്കേണ്ടത്.
ഏതു വഴിയില്‍ പോകാനാണ് താല്പര്യമെന്ന് കഴിയുന്നത്ര കാലേക്കൂട്ടി തീരുമാനിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വീസാണ് ലക്ഷ്യമെങ്കില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെത്തുമ്പോള്‍ മുതല്‍ പൊതുവിജ്ഞാനത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം ആര്‍ജ്ജിക്കാന്‍ ശ്രമിക്കാം. ബിരുദാനന്തര ബിരുദം/പ്രൊഫഷണല്‍ ഡിഗ്രി നേടിയതിനു ശേഷം മാത്രം പൊതുവിജ്ഞാനം നേടുന്നതില്‍ പരിമിതികളുമുണ്ട്.
പല പ്രവര്‍ത്തന മേഖലകളെപ്പറ്റിയും നമ്മുടെ ധാരണ അപര്യാപ്തമോ, വികലമോ ആയിരിക്കാം. അതതു രംഗത്തുള്ളവരുമായി ഇടപെട്ടാല്‍ പ്രസക്തമായ ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഇതിനുളള ശ്രമം പാഴ്‌വേലയായി കരുതരുത്. ജേര്‍ണലിസത്തിന്റെയും ഫാഷന്‍ ഡിസൈനിംഗിന്റെയും എയര്‍ഹോസ്റ്റസ് ജോലിയുടേയും മറ്റും ‘ഗ്ലാമര്‍’ കണ്ട് മോഹിച്ച് ചെല്ലുന്ന പലരും ആ രംഗത്തെ പരിശീലന ശ്രമങ്ങളും ഉത്തരവാദിത്തങ്ങളും നേരിട്ട് മനസിലാക്കുമ്പോള്‍ പിന്‍തിരിയാറുണ്ട്. കഴിയുന്നത്ര ഗൃഹപാഠം ചെയ്തിട്ടു വേണം പഠന മാര്‍ഗം ഏതെന്നു നിര്‍ണയിക്കുവാന്‍.
ഏതു മേഖലയില്‍ വിജയിക്കണമെങ്കിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ സംതൃപ്തി കണ്ടെത്തുവാന്‍ സാധിക്കണം. അല്ലാത്തവര്‍ തൊഴില്‍രംഗത്ത് പരാജയപ്പെടുന്നു. വിജയിക്കുവാന്‍ ആദ്യമായി ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും അഭിരുചി മനസിലാക്കി അതിനു യോജിക്കുന്ന കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയാണ്. കുട്ടികളുടെ അഭിരുചി മനസിലാക്കി അവര്‍ക്ക് താല്‍പര്യമുള്ള കോഴ്‌സിനു ചേര്‍ക്കുവാന്‍ പലപ്പോഴും മാതാപിതാക്കള്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം.
ഒരു കുട്ടി ഉണ്ടാകുമ്പോഴേ മാതാപിതാക്കള്‍ തീരുമാനിക്കും ഇവന്‍/ഇവള്‍ ആരാകണമെന്ന്. ചോര കണ്ടാല്‍ തല കറങ്ങുന്ന കുട്ടിയേയും പണമുണ്ടെങ്കില്‍ മെഡിസിനു ചേര്‍ക്കും. എനിക്കു പരിചയമുള്ള ഒരു കുട്ടിക്ക് ‘ലോ’ പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ, കോടീശ്വരന്മാരായ മാതാപിതാക്കള്‍ക്ക് മകളെ ഡോക്ടറാക്കണം. അന്‍പതു ലക്ഷം രൂപ കൊടുത്ത് ബാഗ്ലൂരില്‍ മെഡിസിന് സീറ്റ് തരപ്പെടുത്തി. വര്‍ഷം നാലു കഴിഞ്ഞിട്ടും ആദ്യസെമസ്റ്ററിലെ ഒരു പേപ്പറുപോലും എഴുതി ജയിക്കാന്‍ സാധിച്ചിട്ടില്ല.

വിദേശ രാജ്യങ്ങളിലൊക്കെ ഏഴാം ക്ലാസാകുമ്പോഴേ കുട്ടികളുടെ അഭിരുചി മനസിലാക്കി അനുയോജ്യമായ ഉപരിപഠന മേഖലയിലേക്ക് തിരിച്ചു വിടും. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ മേഖല അടിമുടി മെച്ചപ്പെടുത്തണം. നിത്യജീവിതത്തില്‍ പിന്നീടൊരിക്കലും പ്രയോജനം ലഭിക്കാത്ത അനേകം വിഷയങ്ങളും പുസ്തകങ്ങളും ഓരോ കുട്ടിയും പഠിച്ചു തള്ളുന്നു. മാര്‍ക്കു കിട്ടാന്‍ വേണ്ടി മാത്രം ഇവിടെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതിനെ ‘ഡെഡ് ലേണിംഗ്’ എന്നാണ് പറയുന്നത്. ഈ അവസ്ഥ മാറ്റി പഠിക്കുന്ന വിഷയങ്ങള്‍ നിത്യജീവിതത്തില്‍ ഉപോയഗപ്രദമാക്കത്തക്ക ‘ലിവിംഗ് ലേണിംഗ്’ വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടത്. വിദ്യാര്‍ഥിയുടെ ടാലന്റ് ഒന്ന്, എത്തപ്പെടുന്ന മേഖല മറ്റൊന്ന് – അധ്യാപകനാകാന്‍ ആഗ്രഹിച്ചയാള്‍ പോലീസുകാരനായാലുള്ള അവസ്ഥ എന്താകും. ഒരിക്കലും ആ തൊഴിലില്‍ സംതൃപ്തി കിട്ടില്ല.
ഫലമോ? മാനസികമായും ശാരീരികമായും തളര്‍ന്നുപോകും. ഇരുപത്തഞ്ചു വയസാകുമ്പോഴേ അന്‍പതു വയസുകാരന്റെ അവസ്ഥയുണ്ടാകും. ഓരോ കുട്ടിയിലുമുള്ള ജന്മസിദ്ധ വാസനകള്‍ കണ്ടെത്തുവാനും അതനുസരിച്ച് അവരുടെ വിദ്യാഭ്യാസഗതി തിരിച്ചുവിടുവാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. അല്ലാതെ മാതാപിതാക്കളുടെ താത്പര്യം മാത്രം സംരക്ഷിക്കപ്പെടുവാനുള്ള ചട്ടുകങ്ങളായി കുട്ടികളെ കാണരുത്. ഇത് കുട്ടികളില്‍ പ്രതികാര ബുദ്ധി വളര്‍ത്തുവാനേ ഉതകൂ.
ഓരോ കുട്ടികളും ഓരോ രത്‌നങ്ങളാണ്. അവരുടെ ആഭിമുഖ്യം വ്യത്യസ്ത മേഖലകളിലായിരിക്കും. അല്ലാതെ എല്ലാറ്റിനും എ പ്ലസ് കിട്ടുന്നവന്‍ മിടുക്കന്‍ എന്നുള്ള സമീപനം മാറ്റണം. സംസ്‌കൃതത്തിലൊരു ചൊല്ലുണ്ട്.
“മന്ത്രമക്ഷരം നാസ്തി
നാസ്തിമൂല മനൗഷധം
അയോഗ്യ പുരുഷോ നാസ്തി
യോജക തന്ത്ര ദുര്‍ല”
എല്ലാ അക്ഷരങ്ങളും മന്ത്രത്തിന് യോജ്യമാണ്. എല്ലാ സസ്യങ്ങളും ഔഷധത്തിന് യോഗ്യമാണ്. അതുപോലെ എല്ലാ മനുഷ്യരിലും കഴിവുകളുണ്ട്. പക്ഷേ, ഇവ കണ്ടെത്തി ശരിയാംവണ്ണം കുട്ടിയോജിപ്പിക്കാന്‍ പറ്റുന്നവര്‍ ദുര്‍ലഭം.
പ്ലസ് ടുവിന് കഷ്ടിച്ച് പാസായവരും ‘സേ’ എഴുതി പാസായവരും ഒക്കെ നമ്മുടെ എന്‍ജിനീയറിംഗ് കോളേജിലും മെഡിക്കല്‍ കോളേജിലും മറ്റു പഠിക്കുന്നു. ഇതില്‍ ഭൂരിപക്ഷം കുട്ടികളുടെയും താത്പര്യമല്ല, മറിച്ച് മാതാപിതാക്കള്‍ക്ക് എന്റെ മകള്‍ / മകന്‍ എന്‍ജിനീയറിംഗിനാണ് പഠിക്കുന്നതെന്ന് വീമ്പു പറയുവാന്‍ മക്കളെ ബലിയാടാക്കുകയാണ് ചെയ്യന്നത്. ഇന്ന് മെഡിസിനോ എന്‍ജിനീയറിംഗിനോ ഒക്കെ അഡ്മിഷന്‍ കിട്ടുകയെന്നത് വലിയ കാര്യമൊന്നുമല്ല.
പക്ഷേ ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഡോക്ടറായും എന്‍ജിനീയറായും പുറത്തു വരുന്നുള്ളൂ. ഓരോ കോഴ്‌സിനും നിങ്ങളുടെ മക്കളെ വിടുമ്പോള്‍ സ്വയം ഒരു ആത്മപരിശോധന നടത്തണം. ഈ കടമ്പ കടക്കുവാനുള്ള ‘ഐ. ക്യു.’ നിങ്ങളുടെ മക്കള്‍ക്കുണ്ടോ എന്ന്. അവര്‍ നിങ്ങളുടെ മക്കളാണ്. നിങ്ങളുടെ ‘ഐ.ക്യു’വിന്റെ തോതിനനുസൃതമായിരിക്കും മക്കളുടെയും ‘ഐ.ക്യു’ തോത്. പല ഉന്നത കോഴ്‌സുകളിലും നാലുപേരില്‍ ഒരാളാണ് ഈ കടമ്പ കടക്കുന്നത്. ഇങ്ങനെ കടമ്പ കടന്നു വരുന്നവരില്‍ നാലില്‍ ഒരാള്‍ മാത്രമേ ജോലിക്ക് യോഗ്യത നേടുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ എട്ടില്‍ ഒരാള്‍ മാത്രം രക്ഷപ്പെടുന്നുവെന്നു സാരം.

ഏതൊരു കോഴ്‌സ് തെരഞ്ഞെടുക്കുമ്പോഴും പലവട്ടം ആലോചിക്കുക, ഇത് എനിക്കു പറ്റിയ പഠന മേഖലയാണോ എന്ന്. ഇന്ന് പലര്‍ക്കും സംഭവിക്കുന്നത് ആരുടെയൊക്കെയോ അഭിപ്രായം കേട്ട് കോഴ്‌സിനു ചേരും. പിന്നീടാണ് മനസ്സിലാക്കുന്നത്, ഇത് എനിക്ക് യോജിച്ചതല്ല എന്ന്. പണനഷ്ടവും സമയനഷ്ടവും ഫലം. നിങ്ങള്‍ക്ക് ഏതു പ്രഫഷനിലും വിജയിക്കണമെങ്കില്‍ ആ പ്രഫഷനിലെ ഒരു വിജയിയെ പിന്‍തുടര്‍ന്നാല്‍ വിജയം എളുപ്പമാകും. മനോഹരമായ ചിന്തകള്‍കൊണ്ടു നിറച്ച ഒരു പൂന്തോട്ടമാകണം. നമ്മുടെ മനസ്, അതിന് ഏറ്റവും കൂടുതല്‍ വേണ്ടത് നമ്മള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ നമുക്ക് ആത്മസംതൃപ്തി നല്‍കുന്നതാകണം.
എന്‍റെ അഭിരുചി എന്താണ്?
ഉളളിന്റെ ഉളളിലേയ്ക്ക് സ്വയം ഇറങ്ങി ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ അഭിരുചി അറിയാം. ഏതാനും മാതൃകാ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1 . നിങ്ങള്‍ക്ക് ആരായിത്തീരാനാണ് ആഗ്രഹം?
2. ആ ജോലിയില്‍ തിളങ്ങാനാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്താണ് കാരണം?
3. ഏതു വിഷയം പഠിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം?
4. വീട്ടില്‍ ഏതു ജോലി ചെയ്യുമ്പോഴാണ് നിങ്ങള്‍ക്ക് ഏറ്റവും ആനന്ദം?
5. ‘ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍’ എന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന ക്ലാസ് ഏത് വിഷയത്തിന്റേതാണ്?
6. നിങ്ങള്‍ ഏറ്റവും ആസ്വദിച്ചു ചെയ്ത പ്രോജക്ട് ഏതാണ്?
7.നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊരു ഭാരമായിത്തീരുമെന്നു തോന്നുന്നുണ്ടോ?
8. അപരിചിതരോട് ഇടപെടാന്‍ മടിയുണ്ടോ?
9. നിങ്ങള്‍ക്ക് ആളുകളോടൊപ്പമായിരിക്കാന്‍ ഇഷ്ടമാണോ?
10. നിങ്ങളുടെ സ്വഭാവവും ചിന്താഗതിയുമില്ലാത്ത ആളുകളുമായി ഇടപെടാന്‍ ഇഷ്ടമുണ്ടോ?
11. ഓഫീസ് ജോലി ഇഷ്ടമാണോ?
12. പുതിയ അറിവുകള്‍ തേടി കണ്ടുപിടിച്ച് മനസിലാക്കാന്‍ ഇഷ്ടമാണോ?
13. ഞാനിപ്പോള്‍ എങ്ങനെയുളള കുട്ടിയാണ്?
14. എന്റെ ജോലിയില്‍ എനിക്ക് പ്രചോദനമാകുന്നതെന്താണ്?
15. എന്താണ് എന്റെ കഴിവുകള്‍? ഇവ ഏത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇതു പോലുളള ചോദ്യങ്ങള്‍ക്ക് ‘സത്യസന്ധ’മായി ഉത്തരം നല്കി അഭിരുചി കണ്ടുപിടിക്കാന്‍ സ്വയം ശ്രമിക്കാവുന്നതാണ്.
മാതാപിതാക്കളുടെ പങ്ക്
ഇന്ന് മാതാപിതാക്കളെല്ലാം തന്റെ മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ ബുദ്ധിവൈഭവമോ വാസനാ വിശേഷമോ കഴിവുകളോ ഒന്നും ആരും കണക്കിലെടുക്കുന്നില്ല. ജന്മനാ ലഭിക്കുന്ന പല ഗുണങ്ങളും വാസനയും വളര്‍ന്നു വരുന്ന വീട്ടിലെ അന്തരീക്ഷവുമാണ് ഓരോ കുട്ടിയേയും ജീവിതത്തില്‍ വിജയിക്കുവാന്‍ സഹായിക്കുന്നത്. ജന്മനാ ലഭിച്ച ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ദോഷങ്ങള്‍ കുറയ്ക്കുവാനും അച്ഛനമ്മമാര്‍ക്ക് കഴിയും.
മക്കളുടെ കരിയര്‍ എന്തായിരിക്കണമെന്ന് മാതാപിതാക്കള്‍ക്കെല്ലാം ആകാംക്ഷയുണ്ട്. മക്കള്‍ ഏറ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെയെല്ലാം ആഗ്രഹം. അത് സ്വാഭാവികമാണ്. കുട്ടികളുടെ കഴിവ് എത്രത്തോളമുണ്ടെന്നും പ്രത്യേകാഭിരുചി എന്താണെന്നും മനോഭാവം എന്താണെന്നും അച്ഛനമ്മമാര്‍ക്ക് ചെറുപ്പത്തിലെ മനസ്സിലാക്കുവാന്‍ കഴിയും. സാക്ഷാത്ക്കരിക്കാതെ പോയ മോഹങ്ങള്‍ രക്ഷിതാക്കളുടെ മനസ്സില്‍ ഉണ്ടായിരിക്കാം. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതു കുട്ടികള്‍ വഴിയെങ്കിലും നേടാമെന്നു കരുതി അവരെ നിര്‍ബന്ധിക്കാതിരിക്കുക. അവരുടെ ജന്മവാസനയ്ക്കും പഠന താല്പര്യങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കണം.

കോഴ്‌സിന്റെ ഭാരം കുട്ടിക്ക് താങ്ങാനാവുമോ എന്നതു ശ്രദ്ധിക്കണം. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവര്‍ക്കുമുണ്ട് പരിമിതി. കണക്കില്‍ വാസനയില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് എഞ്ചിനീയറിംഗിന് അയച്ചാല്‍ പഠിക്കാന്‍ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാര്‍ക്കില്‍ ഡിഗ്രി നേടിയാല്‍ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തളളിനീക്കേണ്ടിവരും. മറിച്ച്, ഇഷ്ടമുളള വിഷയം പഠിക്കാന്‍ കുട്ടിയെ അനുവദിച്ചാല്‍ ഉന്നത നിലയിലെത്തുകയും ചെയ്യും.
മറ്റെല്ലാ ഘടകങ്ങളും ഒത്തുവന്നാലും ചില കോഴ്‌സുകള്‍ക്കുളള പണച്ചെലവ് ചില കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്തതാവും. ബാങ്ക് വായ്പകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
കരിയര്‍ / കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് കുട്ടികളില്‍ തൊഴിലിനോടുളള ആഭിമുഖ്യം ഉണ്ടാകുന്നത്.
1.തങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്ന ഈ ഘട്ടം 11 വയസുവരെയുളള പ്രായമാണ്. ഈ പ്രായത്തില്‍ കുട്ടികളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ആരാധനയുമാണ് തൊഴില്‍ മുന്‍ഗണനകളായി മനസ്സില്‍ രൂപപ്പെടുന്നത്. കുട്ടികളെ നിരീക്ഷിച്ച്, അവര്‍ സ്വമനസ്സാല്‍ താല്പര്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മനസിലാക്കുകയാണ് മാതാപിതാക്കള്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്.
2.തൊഴില്‍ കണ്ടെത്തലിന്റെ സമയമായ 11 മുതല്‍ 17 വയസ്സുവരെയുളള കാലഘട്ടമാണ് അടുത്തത്. ഇവിടെ കുട്ടിയുടെ താല്പര്യം, കഴിവ്, മൂല്യബോധം എന്നിവയാണ് തൊഴിലിനോടുളള ആഭിമുഖ്യത്തിന്റെ അളവുകോലാവുന്നത്.
3.തൊഴിലിനു വേണ്ടിയുളള തയ്യാറെടുപ്പായ 17 വയസു മുതലുളള ഈ ഘട്ടത്തില്‍ കുട്ടിയുടെ വ്യക്തിപരമായ കഴിവുകളും വിദ്യാഭ്യാസ യോഗ്യതയുമാണ് പ്രധാനം.
രണ്ടും മൂന്നും ഘട്ടങ്ങളില്‍ തൊഴിലിനെക്കുറിച്ചും മക്കളുടെ താല്പര്യങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വിവിധങ്ങളായ തൊഴില്‍ മേഖലകളെപ്പറ്റിയുളള വിവരങ്ങള്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം ശേഖരിച്ച് മക്കള്‍ക്ക് നല്കണം. സാമൂഹികമായ മുന്‍വിധികളെ ആധാരമാക്കിയുളള തീരുമാനങ്ങള്‍ ഒഴിവാക്കണം. തെരഞ്ഞടുക്കാന്‍ പോകുന്ന കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ അനുബന്ധതൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുത്തു വേണം ഇവിടെ മാതാപിതാക്കള്‍ തീരുമാനമെടുക്കാന്‍.

ഇക്കാലത്ത് ജോലി ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥി വ്യക്തിപരമായ മികവ് തെളിയിക്കണമെന്നത് തര്‍ക്കമറ്റ വസ്തുതയായി മാറിയിരിക്കുന്നു. തൊഴില്‍ നിര്‍ണ്ണയത്തില്‍ വ്യക്തിപരമായ ഈ മികവിനെ അടിസ്ഥാനമാക്കി ആളുകളെ ആറായി തിരിക്കാം. ഇതില്‍ ഓരോ തരക്കാരും അവരുടെ സ്വഭാവമനുസരിച്ചുളള തൊഴിലില്‍ എത്തിയാല്‍ നന്നായി ശോഭിക്കാന്‍ കഴിയുമെന്ന് കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. നിങ്ങളിതില്‍ ഏതു തരത്തില്‍പ്പെടുന്നുവെന്ന് താഴെക്കാണുന്ന ചാര്‍ട്ട് നോക്കി കരിയര്‍ പ്ലാനിംഗ് നടത്താം.

ജലീഷ് പീറ്റര്‍@9447123075