
10ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്’ എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. തൊഴില്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
കാര്‍ഷിക മേഖലയിലും കാര്‍ഷികേതര മേഖലയിലും പത്തുലക്ഷം തൊഴില്‍ സൃഷ്ടിക്കും. ഈ തൊഴില്‍ അവസരങ്ങള്‍ യുവതിയൂവാക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് അദദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നഗരങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നേടാന്‍ തൊഴിലുറപ്പ് വേദനത്തിന് തുല്യമായ തുക സ്റ്റൈപ്പന്റായി നല്‍കി പദ്ധതി രൂപീകരിക്കും.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍, പട്ടിണിയില്ലാത്ത കേരളം, ഭവന രഹിതരില്ലാത്ത കേരളം തുടങ്ങിയ മൈക്രോ പ്ലാനുകള്‍ നടപ്പാക്കും. പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്ക് പരിരക്ഷ ഉറപ്പാക്കും. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്ത അഞ്ചുലക്ഷം പേര്‍ക്ക് വീട് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.