കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്.

Share News

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്.

കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിൻ്റെ മേധാവിത്തം അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൻ്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്.മാണി സാർ ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും അതിനെല്ലാം തടയിടാൻ അദ്ദേഹത്തിനായിരുന്നു.

നേരത്തെ യുഡിഎഫിൽ നിന്നു മാറി നിന്നപ്പോഴും കേരള കോൺഗ്രസ് ഒറ്റയ്ക്ക്പിടിച്ചു നിന്നത് മാണി സാറിൻ്റെ നേതൃശേഷിയിലും വ്യക്തി മികവിലുമായിരുന്നു . ലീഗ് അടക്കമുള്ളവർ കെ എം മാണിക്ക് ധാർമിക പിന്തുണയും നൽകിയിരുന്നു. തൽസ്ഥിതി അതല്ല.മാണിസാറിൻ്റെ കരിസ്മയുള്ള നേതാവിൻ്റെ അഭാവം കോൺഗ്രസിന് കാര്യങ്ങൾ ഇപ്പോൾ കൂടുതൽ എളുപ്പമാക്കി.

ജോസ് പക്ഷത്തെ പുറത്താക്കിയതിൻ്റെ ഉത്തരവാദിത്തം കോൺഗ്രസ് മുൻ കൈയിലുണ്ടായതാണെന്നും അത് UDF എടുത്ത തീരുമാനമെന്ന നിലയിൽ ലീഗ് അംഗീകരിക്കുകയാണെന്നുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. അതായത് പുറത്താക്കാനുള്ള തീരുമാനത്തിൽ ലീഗിന് കാര്യമായ റോളില്ലായിരുന്നു എന്ന് വ്യക്തം.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കുന്നതിന് ജോസ് കെ മാണി വിഭാഗം വച്ച ഉപാധികൾ ( നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ) അംഗീകരിച്ചിരുന്നെങ്കിൽ കോട്ടയം ജില്ലയിലെങ്കിലും വീണ്ടും കേരള കോൺഗ്രസ് മേധാവിത്തത്തിന് കോൺഗ്രസ് വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാകുമായിരുന്നു.

ലയിക്കുന്ന കാലത്തെ സീറ്റ് ധാരണ വരുന്ന തിരഞ്ഞെടുപ്പുകളിലും നടപ്പാക്കണമെന്ന ജോസ് പക്ഷത്തിൻ്റെ നിർദേശം P.J. ജോസഫ് വിഭാഗത്തിനും നഷ്ടക്കച്ചവടമായേനെ. PJജോസഫിൻ്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് ജോസ് പക്ഷത്തിൻ്റെ ഉപാധി കാരണമായിട്ടുണ്ടാകും.

ജോസ് പക്ഷം എൽഡിഎഫിലോ എൻഡിഎയിലോ പോയാൽ അത് കേരള കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പരമ്പരാഗത അണികൾ അംഗീകരിക്കുമോ എന്ന് സംശയമാണ്.

വീണ്ടുമൊരു പിളർപ്പായിരിക്കും ഫലം.നേരത്തെ ചെയ്തതുപോലെ ഒറ്റയ്ക്കു നിൽക്കുക,അനുകൂലമായ സമയത്ത് വിലപേശി പ്രത്യേക വിഭാഗമായി യുഡിഎഫിൽ തിരികെയെത്തുക എന്ന തന്ത്രമായിരിക്കും ജോസ് പക്ഷം സ്വീകരിക്കുക എന്നാണ് തോന്നുന്നത്‌. അധികാരം പിടിക്കാൻ യു ഡി എഫ് വിട്ടുവീഴ്ചയ്ക്കു തയാറായെന്നുമിരിക്കും.

വിറയൽ മാറിയിട്ടില്ല എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞതിൽ എല്ലാമുണ്ട്. യുഡിഎഫിൽ നിന്നുള്ള പുറത്താക്കൽഒരിക്കലും ജോസ് പക്ഷം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണത്.

Roy Kottarachira

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു