വിദ്വേഷത്തിന്റെ മതിലുകൾ തകരട്ടെ…|ഡോ. സെമിച്ചൻ ജോസഫ്

Share News

ലോകത്തിൻറെ ഗതിവിഗതികൾ മാറ്റിമറിച്ച , വിപ്ലവങ്ങൾ സൃഷ്‌ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയിൽ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ഒരു സമൂഹത്തിൻറെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കുമെന്നു തെളിയിച്ച അനേകം മഹാരഥൻമാരെ ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കണ്ടുമുട്ടാൻ കഴിയും. അവരുടെ വാക്കുകൾ സഞ്ചരിച്ചത് ചുണ്ടിൽ നിന്നും ചെവികളിലെക്കല്ല മറിച്ചു കേൾവിക്കാരുടെ ഹൃദയങ്ങളിലേക്കാണ്.

സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ‘ചിക്കാഗോ പ്രസംഗ’വും മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്…’ എന്നാരംഭിച്ച പ്രസംഗവുമെല്ലാം പതിറ്റാണ്ടുകൾക്കിപ്പുറവും ജന മനസ്സുകളിൽ ജീവിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ ജനസാമാന്യത്തെ സോദ്ദേശ പരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുക മാത്രമല്ല ചരിത്രത്തിൽ പ്രാസംഗികർ ചെയ്തിട്ടുള്ളത്. അഡോൾഫ് ഹിറ്റ്ലറും ഡൊണാൾഡ് ട്രംപും വരെ അറിയപ്പെടുന്ന പ്രഭാഷരായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോൾ നമുക്കത് മനസ്സിലാക്കാം.
വിദ്വേഷ പ്രസംഗങ്ങൾ ക്കെതിരെയും ഒരു ദിനം
വിവിധ സമൂഹങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ സൃഷ്ടിച്ച അശാന്തിയും അരക്ഷിതാവസ്ഥയും ലോകമെമ്പാടും ഗുരുതരമായ ആശങ്കയായി മാറിയിരിക്കുന്നു.


ലോകമെമ്പാടും വിദ്വേഷ പ്രസംഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, അക്രമത്തിന് പ്രേരണ നൽകാനും സാമൂഹിക ഐക്യത്തിനും സഹിഷ്ണുതയ്ക്കും തുരങ്കം വയ്ക്കാനും ബാധിക്കപ്പെട്ടവർക്ക് മാനസികവും വൈകാരികവും ശാരീരികവുമായ ദോഷം വരുത്താനും കഴിയുന്ന പ്രസംഗങ്ങൾ നിയന്ത്രിക്കേണ്ടതു നമ്മുടെ സാമൂഹ്യരോഗ്യത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവിൽനിന്നാണ് ജൂൺ 18 വിദ്വേഷ പ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിന മായി ആചരിക്കുവാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചത്.


യുഎൻ പറയുന്നതനുസരിച്ച്, മതം, ദേശീയത, വംശം, നിറം, , ലിംഗം അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിറ്റി ഫാക്‌ടർ എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ആക്രമിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള സംഭാഷണമോ എഴുത്തോ ആണ് വിദ്വേഷ പ്രസംഗം. അസ്ഥിരമായ ലോകത്ത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആയുധമാകരുത് നമ്മുടെ വാക്കെന്നു ഈ ദിനാചരണം ഓർമ്മപ്പെടുത്തുന്നു.

വിദ്വേഷ പ്രസംഗകർ അരങ്ങു വാഴുമ്പോൾ..
വിദ്വേഷ പ്രസംഗം ലക്ഷ്യമിടുന്നത് നിർദ്ദിഷ്ട വ്യക്തികളെയും ഗ്രൂപ്പുകളെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ നിലനിൽപ്പിനെ തന്നെയാണെന്ന് സമകാലിക സംഭവങ്ങൾ അടിവരയിടുന്നു.

നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും മത,സാമുദായിക സാംസ്കാരിക നായകന്മാരും എല്ലാം ഈ കാര്യത്തിൽ സൂക്ഷ്മത പുലർത്തേണ്ടതാണ്. വിദ്വേഷം അപകടകരമാണ് – അതിനാൽതന്നെ അതിനെതിരായ പോരാട്ടം നമ്മുടെ കടമയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാണിക്കുന്നു.

വിദ്വേഷത്തിന്റെ വിനാശകരമായ ഫലം ദുഃഖകരമെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, അതിന്റെ അളവും സ്വാധീനവും ആശയവിനിമയത്തിന്റെ ഈ പുത്തൻ നവ മാധ്യമ കാലത്തു വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

വിദ്വേഷ സംഭാഷണങ്ങൾ അനിയന്ത്രിതമായ ഈ പോക്ക് തുടർന്നാൽ സമാധാനത്തിനും വികസനത്തിനും ജനങ്ങളുടെ സൗഹാർദ്ദപരമായ സുസ്ഥിതിക്കും ഹാനികരമാകും എന്ന് മാത്രമല്ല അത് സംഘർഷങ്ങൾക്കും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കളമൊരുക്കുകയും ചെയ്യും.


വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളർത്തുന്നതോ, ഭരണ കാര്യങ്ങൾ തടസ്സപ്പെടുത്തുന്നതോ, ക്രമസമാധാനത്തിന് ഭീഷണിയാകുന്നതോ, മനപ്പൂർവമായ വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും പാതയിലേക്ക് നയിക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് സ്വമേധയാ മാറിനിൽക്കുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന പ്രഥമമായ കാര്യം. അത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ നിതാന്ത ജാഗ്രതയോടെ മാതൃകാപരമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

ഡോ. സെമിച്ചൻ ജോസഫ്


( തൃക്കാക്കര ഭാരത മാതാ കോളേജിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രൊഫസർ ആണ് ലേഖകൻ )

Share News