
തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ടത്തിൽ 78 ശതമാനം പോളിംഗ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 78.25 ശതമാനത്തിന് പുറത്താണ് പോളിങ്. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും റീ പോളിങ് ഇല്ലെന്നും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പതിനാറാം തീയതിയാണ് വോട്ടെണ്ണല്‍.
മൂന്നാംഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. മലപ്പുറവും കോഴിക്കോടുമാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. രണ്ടിടത്തും 78.1 ശതമാനമാണ് പോളിങ് ശതമാനം. കണ്ണൂര്‍ 77.6, കാസര്‍കോട് 76.3.
കോഴിക്കോട് കോര്‍പറേഷനില്‍ 64.4 ശതമാനവും കണ്ണൂര്‍ കോര്‍പറേഷനില്‍ 63 ശതമാനവുമാണ് പോളിങ്. മുന്‍സിപ്പാലിറ്റികളില്‍ കണ്ണൂരിലെ ആന്തൂരിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്, 85 ശതമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ആദ്യ മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷമുണ്ടായി. ഇതേതുടർന്നു പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില ബൂത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്നങ്ങള്‍ കാരണം പോളിംഗ് വൈകിയിരുന്നു.