താഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.

Share News

കോവിഡ് കാരണം സ്കൂൾ മുറ്റത്ത് കുരുന്നുകളുടെ കാലൊച്ച കേൾക്കാതായിട്ട് ഒരു വേനലും വർഷവും കടന്നു പോയിരിക്കുന്നു. കർക്കിടകപ്പുലരിയിൽ മാനം കറുപ്പിച്ച കാലവർഷ മേഘങ്ങൾക്കു കീഴെ, അവൾ – ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി – അർദ്ധ പ്രാണയായി ഇപ്പോൾ ‘വെന്റിലേറ്ററി’ലാണ്!

ഈ കൊറോണക്കാലം അവൾക്കു വിധിച്ചത്, ഇനിയും എത്ര നാൾ നീളുമെന്നറിയാത്ത ഏകാന്തതയുടെ ഒരു ക്വാറന്റൈനായിരുന്നു. നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ ദിവസവും സ്കൂളിൽ വന്നുപൊയ്ക്കാണ്ടിരുന്ന കുരുന്നുകളാണ് പെട്ടന്നൊരുനാൾ വീട്ടുതടങ്കലിലായത്. സാമൂഹിക അകലം നിർണ്ണയിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ അവരെ വീടുകളിൽ മാസ്കു ചെയ്തതോടെ തനിച്ചായത് അവരുടെ വിദ്യാലയ മുത്തശ്ശിയാണ്.

താഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി. സ്പിരിറ്റിന്റെ ചീഞ്ഞ മണമുള്ള സാനിറ്റൈസറിന്റെ വഴുവഴുപ്പിൽ അവൾക്കു മനംപുരട്ടി. ഓട്ടം നിലച്ച സ്കൂൾ വാനുകൾക്കു ചുറ്റും തുരുമ്പും കീടങ്ങളും പരതി നടന്നു. ഉറകെട്ടുപോയ ഉപ്പ് മനുഷ്യരാൽ ചവിട്ടിമെതിക്കപ്പെടുമെന്നതു പോലെ കുട്ടികളും കുസൃതികളുമില്ലാത്ത വിദ്യാലയത്തിന് വെറുമൊരു കെട്ടിടം മാത്രമായി വസ്തുഭേദം സംഭവിച്ചു. പറവകൾക്കു ചേക്കേറാനും പെരുച്ചാഴികൾക്കു പ്രജനനത്തിനും പാമ്പുകളുടെ പ്രണയ വിഹാരത്തിനുമായി അതു വിട്ടുകൊടുക്കപ്പെട്ടു. കാട്ടുപൊന്തകൾ തഴച്ച പാഠശാലയുടെ പറമ്പിൽ ആടുമാടുകൾ ആർത്തിയോടെ മേഞ്ഞു. അവരും ‘ഭൂമിയുടെ അവകാശി’കളാണല്ലോ!

വാൽസല്യം കിനിയുന്ന ഒരമ്മയുടെ ഊർജ്വസ്വലതയുള്ള യൗവ്വനത്തിൽ നിന്നും വർണ്ണരഹിതവും ദുർബലവുമായ വിരസ വാർദ്ധക്യത്തിലേക്ക് എത്ര പെട്ടന്നാണ് അവൾ വഴുതിപ്പോയത്! പ്രിയപ്പെട്ടവരുമായുള്ള അകലവും അടുപ്പവുമൊക്കെ നമ്മുടെ ആയുസ്സു നിശ്ചയിക്കുന്നതിൽ ചിലപ്പോഴെങ്കിലും പ്രധാനമാണ്. നിറങ്ങൾ നഷ്ടപ്പെട്ടു വിളറിയ അവളുടെ കവിളിൽ കോവിഡിന്റെ പ്രഹരം മാത്രം ചുവന്നു തിണർത്തുകിടന്നു. കോവിഡ് കടന്നുപോകാൻ വേണ്ടിയുള്ള ഈ ഏകാന്ത കാത്തിരിപ്പ് അകാലത്തിൽ അവളെ വൃദ്ധയാക്കിക്കളഞ്ഞു എന്നുവേണം കരുതാൻ. അവൾ അവളല്ലാതായതു പോലെ! അവൾ മാത്രമല്ല, ചിലപ്പോഴൊക്കെ നമ്മളും!

സ്കൂൾ വിട്ടു കുട്ടികളൊക്കെ പൊയ്ക്കഴിഞ്ഞാൽ, വിജനമായ രാവിന്റെ ഭയപ്പെടുത്തുന്ന ഇരുട്ടു വാപിളർന്നു വരും. അരണ്ട നിലാവെളിച്ചം വീണ പരിസരങ്ങളിൽ പക്ഷെ അപ്പോഴും കുട്ടികളുടെ ആരവം കേൾക്കാം. നീളൻ വരാന്തകളിലും ബദാംമരച്ചുവടുകളിലും അവരുടെ ആത്മാക്കൾ തോളിൽ കയ്യിട്ടു നടക്കുന്നതു കാണാം. പകലിൽ പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ പോയ കഥകൾ മിണ്ടിയും പറഞ്ഞും രാവിലേക്കു കൈ നീട്ടി അവർ കയറിവരും. അടച്ചിട്ട മുറിയിലേക്ക് ആഞ്ഞെറിഞ്ഞൊരു കളിപ്പന്തു കണക്കെ ഹൃദയഭിത്തികളിൽ തട്ടിത്തട്ടി വട്ടംചുറ്റി അതങ്ങനെ മുഴങ്ങി നിൽക്കും. എന്നാലിപ്പോൾ അങ്ങനെയല്ല; ഇരുളിനെ വിഴുങ്ങുന്ന കൂരിരുളല്ലാതെ മറ്റൊന്നും അവിടെയില്ല!

പഴയ പ്രഭാതങ്ങളിൽ നഴ്സറിയുടെ വരാന്തയിലൂടെ ഒന്നു നടന്നാൽ, വെളളക്കുപ്പായത്തിന്റെ ഒരു മിന്നായം കണ്ടാൽ ഒന്നാമത്തെ ക്ലാസിൽ നിന്നും ഈണത്തിൽ ആരംഭിക്കുന്ന ഒരു ഗുഡ്മോണിംഗുണ്ട്! അതങ്ങനെ ഒരു മെക്സിക്കൻ വേവുകണക്കെ ക്ലാസോടു ക്ലാസോരം കടന്നുപോവും! നിഷ്ക്കളങ്കതയുടെ നൂലിട്ടു തുന്നിയ ആശംസയുടെ ആ പട്ടുറുമാൽ… ഹൊ എന്റെ സാറേ…! എന്നാൽ ഇപ്പോളവിടെ ‘മ്യൂട്ടു’ ചെയ്യപ്പെട്ട കളിപ്പാവകളുടെ ‘പോസ്’ ചെയ്യപ്പെട്ട നൃത്തമാണുള്ളത്! അടുത്ത ദിവസം വരുമ്പോൾ പാടിത്തീർക്കാൻ കുഞ്ഞുങ്ങൾ നാലു മാസം മുമ്പു ബാക്കിവച്ചു പോയ ‘റൈമിന്റെ’ ശിഷ്ടങ്ങളുമുണ്ട്! പുറത്തു മനുഷ്യ ജീവിതങ്ങളെ കൊറോണ പന്താടുമ്പോൾ ഇവിടെ അകത്ത്, പാവക്കുട്ടികൾ തങ്ങളുടെ കൊച്ചെജമാനൻമാരെയും കാത്ത് കട്ട വെയിറ്റിംഗിലാണ്!

രാവിന്റെ മറപറ്റി, ഒച്ചയുണ്ടാക്കാതെ വളപ്പിനുള്ളിൽ ഒന്നിറങ്ങി നടക്കണം. കാതോർത്താൽ കാൽച്ചുവട്ടിൽ കഥകളും കദനങ്ങളും ഒരുപാടു കേൾക്കാം. മറന്നു വച്ച ഒരു ടിഫിൻ ബോക്സ്, പറന്നു വീണ ഒരു കടലാസുതുണ്ട്, ഊർന്നു വീണ ഒരു ചായപ്പെൻസിൽ, ഉടഞ്ഞു വീണ വളത്തുണ്ടുകൾ, വെളുത്ത ചുവരിൽ പതിഞ്ഞ കൈമുദ്രകൾ, തേപ്പുകിട്ടിയ ബ്ലാക്ക് ബോർഡുകൾ, തേഞ്ഞൊട്ടിയ ചോക്കിൻ കഷ്ണങ്ങൾ, ‘മൈക്ക് ടൈസന്റേ’യും ‘അണ്ടർടേക്കറിന്റേ’യും ഫൈറ്റിനിടയിൽ നൂലുപൊട്ടി വീണ ഷർട്ട് ബട്ടണുകൾ തുടങ്ങി ഒട്ടനേകം പേർ ആരോടെന്നില്ലാതെ പരിഭവിക്കുന്നത് ചീവീടുകളുടെ ബിജിഎമ്മിൽ നമുക്കു കേൾക്കാം! ഓരോരുത്തർക്കും പറയാനുള്ളത് അന്തമില്ലാത്ത കഥകളാണ്! എന്നാലിപ്പോൾ കാലം തെറ്റി വന്ന ഒരു കൊടുങ്കാറ്റും മഹാമാരിയും ഓർമ്മകളിൽ നിന്നു പോലും അവയെ തൂത്തെറിഞ്ഞിരിക്കുന്നു!

ഓഫീസിന്റെ ചില്ലുവാതിൽ തുറന്ന് പ്രിൻസിപ്പൽ പുറത്തേക്കിറങ്ങുന്ന മാത്രയിൽ വരാന്തകൾ ഞൊടിയിടയിൽ ഹോട്ട്സ്പോട്ടാകും; ക്ലാസ് മുറികൾ കണ്ടെയ്ന്റ്മെന്റ് സോണുകളും! കണ്ണും കാതും ചുണ്ടും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ അതിജാഗ്രത കൈവരിക്കും. പടുകൂറ്റൻ കരിമേഘത്തിന്റെ നിഴൽ ഭൂമിയെ മൂടും പോലെ നിശബ്ദതയുടെ കരിമ്പടത്തിലേക്ക് പരിസരങ്ങൾ ഒതുങ്ങും. ‘ഇന്റർബെൽ’ മുഴങ്ങുമ്പോൾ മാത്രമാണ് ഷട്ടറുകൾ ഭേദിച്ച് അണകെട്ടിയ ശബ്ദപ്രവാഹം പാഞ്ഞൊഴുകിയിരുന്നത്! എന്നാലിപ്പോൾ ഇവിടം, പേടിപ്പെടുത്തുന്ന നിശബ്ദതയുടെ ഭീകരമായ ഒരവസ്ഥാന്തരത്തെ നേരിടുകയാണ്!

കോവിഡ് എല്ലാം പുനർനിർണ്ണയിക്കുകയാണ്. മനുഷ്യന്റെ ശബ്ദവും നിശബ്ദതയും കൂട്ടവും ഏകാന്തതയും സഞ്ചാരവും സാധനയും സാധ്യതകളും എല്ലാം…! എന്തെന്നാൽ ഇപ്പോൾ അവനാണല്ലോ മനുഷ്യ ജീവിതത്തിന്റെ ചമയ്ക്കപ്പെട്ട അധികാരി!

പക്ഷെ നമ്മൾ മനുഷ്യരാണ്! തോറ്റു കൊടുക്കാൻ നമുക്കു കഴിയാത്ത ഈ യുദ്ധത്തിൽ ഇവിടെ ഇപ്പോൾ അധ്യാപകരും പടക്കളത്തിലാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അവർ ആവുന്നത്ര പൊരുതുകയാണ്. വിസ്മയവും കൗതുകവുമുണരാത്ത മടുപ്പിക്കുന്ന ക്യാമറക്കണ്ണുകളിലേക്ക് നോക്കി അവർ വാശിയോടെ വാക്കിന്റെ വാൾ വീശുന്നു. സാധാരണ ക്ലാസെടുക്കുന്നതിന്റെ നാലിരട്ടി ഒരുക്കത്തോടെ ഓൺലൈൻ പാഠങ്ങൾ വീറോടെ തൊടുത്തുവിടുന്നു. കണ്ടെയ്ന്റ്മെന്റ് സോണുകൾക്കും ഹോട്ട്സ്പോട്ടുകൾക്കും ഇടയിലൂടെ അവരുടെ ശബ്ദം വീട്ടകങ്ങളിൽ കുട്ടികളെ തേടിച്ചെല്ലുന്നു. വിദൂരത്തു നിന്നു ഹൃദയവിരൽ നീട്ടി ഒരു ഫൈബർ നൂലിലൂടെ അവർ കുട്ടികളെ തൊടുന്നു. മരണം പതിയിരിക്കുന്ന മഹാമാരി മുന്നിൽ നിൽക്കുമ്പോഴും മക്കൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കാൻ മാതാപിതാക്കൾ കണ്ടെയ്ന്റ്മെന്റ് സോണുകൾ മുറിച്ചുകടക്കുന്നു. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തെയും നാം ചേർത്തു വയ്ക്കുന്നു! കോവിഡിനോടു പൊരുതി, തോൽക്കാൻ മനസ്സില്ലാത്തവരുടെ ഒരു പുതിയ ലോകം നമ്മൾ കെട്ടിപ്പടുക്കുന്നു! മഹാമാരി ബാധിക്കാത്ത ഹൃദയങ്ങൾ കൊണ്ട് നാം കെട്ടിപ്പിടിക്കുന്നു!

ഒരു ശരാശരി അധ്യാപകന്റെ ഹൃദയത്തിലടിഞ്ഞു കൂടിയ കോവിഡ് വ്യഥകൾ പുറത്തെടുത്താൽ, അത് ഇത്രയെങ്കിലും വരും!

Sheen Palakkuzhy

Related links
സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
https://nammudenaadu.com/she-would-be-remembering-father-from-the-heaven/

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു