
മലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.
മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ.
തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്.
പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് ഓഫ് ദ ഷെപ്പേർഡ്’ ആണ് ആദ്യകൃതി.
കോവിഡിനു മുമ്പും പിമ്പുമുള്ള ലോകങ്ങളെ പറുദീസാനഷ്ടത്തിന്റെയും പറുദീസാനേട്ടത്തിന്റെയും ഛായകളിൽ ചിത്രപ്പെടുത്തിയിരിക്കുകയാണു ‘പകർച്ചാമുക്തി’യിൽ.
ദക്ഷിണ ഇറ്റലിയിൽ 1985-ൽ ഒരു വ്യാജവൈദികൻ പടർത്തിയ കപട പകർച്ചവ്യാധി ഭീഷണിയെത്തുടർന്ന് ജനങ്ങളൊഴിഞ്ഞുപോയ മൊണ്ടേരുഗ ഗ്രാമത്തിൽ അഭയം കണ്ടെത്തിയ ജിസുപ്പേ എന്ന ഇരുപത്തിയൊന്നുകാരൻ ഡ്രൈവറും വിധവയായ അമ്മയും. അവരുടെ അതിജീവനകഥയുടെ നടുവിലേക്കു 2020-ൽ പൊടുന്നനെ വന്നുചേരുന്ന കോടീശ്വരപുത്രിയും ജിസുപ്പേയുടെ പലായനത്തിനു പഴയ കാരണക്കാരിയുമായ മിഷേലിലൂടെ ഐപ് പുതിയ ലോകത്തിന്റെ പടം വിശ്വസനീയമായും ഹൃദയഹാരിയായും വരച്ചുവയ്ക്കുന്നു.
പത്രവാർത്തകൾമുതൽ ഗവേഷണപ്രബന്ധങ്ങൾവരെ പരതി ദക്ഷിണ ഇറ്റലിയുടെ മൂന്നര പതിറ്റാണ്ടിന്റെ വസ്തുയാഥാർത്ഥ്യം തിട്ടപ്പെടുത്തി അതിനുള്ളിലാണ്, മനുഷ്യന്റെ പറുദീസാനഷ്ടത്തിന്റെയും വീണ്ടെടുപ്പിന്റെയും കഥയായി ‘പകർച്ചാമുക്തി’ അവതരിപ്പിച്ചിരിക്കുന്നത്.
യുഗമാറ്റത്തിന്റെ ഈ കഥയിലേക്കു മുഖ്യദൂതനായ മിഖായേലിനെയും സൈന്യഗണത്തെയും പ്രത്യക്ഷീകരിക്കുന്നിടത്ത് ഐപ്പ് മാത്യൂസ് പുതുപ്പറമ്പിൽ പ്രയോഗിക്കുന്ന രചനാതന്ത്രം ഏറെ ശ്രദ്ധിക്കപ്പെടും. വിശ്വാസവും യാഥാർത്ഥ്യവും ഭാവനയും തികഞ്ഞ സ്വരലയത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു.
ജിസുപ്പേ-മിഷേൽ പുനഃസമാഗമനത്തിനും മഹാമാരിയുടെ കെട്ടടങ്ങലിനും ശേഷമുള്ള പുതിയ ലോകത്തെ കാണിച്ചുതരാൻ 11 അധ്യായങ്ങൾക്കുശേഷം വച്ചിരിക്കുന്ന കഥാവശിഷ്ടമാണ് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗം.
”നല്ലൊരു ചെറുപ്പക്കാരന്റെ ജീവിതകഥയിലേക്ക് മനുഷ്യവികാരങ്ങളുടെ വർണരാജി മുഴുവൻ നെയ്തടുക്കിയ കഥ”, ”ഉത്കണ്ഠയുടെയും നൈരാശ്യത്തിന്റെയും ഈ നാളുകളിൽ നല്ല നാളെയുടെ പ്രത്യാശ പകരുന്ന കൃതി”, ”നാട്ടിൻപുറങ്ങളും അവിടങ്ങളിലെ മനുഷ്യരും ലോകത്തെവിടെയും ഒരുപോലെയാണെന്നു തെളിയിക്കുന്ന കൃതി” എന്നിങ്ങനെ പോകുന്നൂ നിരൂപണങ്ങൾ.
-ജയനാരായണൻ