
“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്
കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്
പ്രിയപ്പെട്ട കമ്മിഷണർ,

താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്.
ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്.
ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാൽ, ഇന്നലെയും കലൂരിൽ ഒരാൾ കൊല്ലപ്പെട്ടു. ഒന്നര മാസത്തിനിടയിൽ നഗരത്തിൽ കൊല്ലപ്പെട്ടത് 6 പേർ. ഇത്രയേറെയാളുകൾ കൊല്ലപ്പെടുമ്പോൾ നഗരത്തിൽ പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാൽ താങ്കൾ പരിഭവിക്കരുത്.

താങ്കളുടെ അറിവിലേക്കായി ചില തീയതികളും അന്നു നടന്ന സംഭവങ്ങളും ഓർമ്മിപ്പിക്കട്ടെ.
1. ഓഗസ്റ്റ് 10: എറണാകുളം ടൗൺഹാളിനു സമീപമുള്ള ഹോട്ടലിൽ കൊല്ലം സ്വദേശി കുത്തേറ്റു കൊല്ലപ്പെട്ടു.
2. ഓഗസ്റ്റ് 14: സൗത്ത് മേൽപ്പാലത്തിനു താഴെ വരാപ്പുഴ സ്വദേശി കുത്തേറ്റു കൊല്ലപ്പെട്ടു.
3. ഓഗസ്റ്റ് 16: കാക്കനാട് ഫ്ലാറ്റിൽ മലപ്പുറം സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
4. ഓഗസ്റ്റ് 28: നെട്ടൂരിൽ പാലക്കാട് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തി.
5. സെപ്റ്റംബർ 10: കലൂരിൽ 28 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി.
6. സെപ്റ്റംബർ 24: കലൂരിൽ പള്ളുരുത്തി സ്വദേശി രാജേഷിനെ (24) കുത്തിക്കൊലപ്പെടുത്തി.
താങ്കളുടെ പോലിസിന്റെ മൂക്കിൻ തുമ്പത്ത്, നഗരത്തിൽ മാത്രം നടന്ന കൊലപാതകങ്ങളെ കുറിച്ചാണു ഞാൻ പറഞ്ഞത്. നഗരത്തിൽ മനുഷ്യനു ജീവനു വിലയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിയെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
കൊലപാതകങ്ങൾ നടന്നതിനു ശേഷം പോലിസ് പ്രതിയെ പിടികൂടിയെന്നു കൊട്ടിഘോഷിച്ചിട്ടു കാര്യമില്ല. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കാത്ത വിധം നഗരത്തിലെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണു പോലിസിന്റെ പ്രഥമ ദൗത്യം. അക്കാര്യത്തിൽ പോലിസിനു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് പറയാൻ എനിക്കൊട്ടും മടിയില്ല.

നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.
നഗരത്തിന്റെ മുക്കിലും മൂലയിലും ലഹരി ഉപയോഗം വ്യാപകമാണ്.
ഓരോ ദിവസവും ലഹരിയുടെ വലകൾ കൂടുതൽ പേരെ മുറുക്കുകയാണ്. നമ്മുടെ ചെറുപ്പക്കാരും, കുട്ടികളുമെല്ലാം ആ ലഹരിവലയിൽ കുടുങ്ങി ഇല്ലാതാകുകയാണ്.ലഹരി സംഘങ്ങൾ പോലിസിനെ ഭയപ്പെടുന്നില്ലെന്നതു തന്നെ കരുതണം. അതുകൊണ്ടാണ് ഇത്രയും വ്യാപകമായ രീതിയിൽ ലഹരി ഇടപാടുകൾ ഇവിടെ നടക്കുന്നത്.
ലഹരിയുടെ പിടിയിൽ നിന്നു നമ്മുടെ നാടിനെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തവും നിയമപാലകർക്കുണ്ട്.പോലിസും എക്സൈസും ചേർന്ന് ഇതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് ഉടനടി നടപ്പാക്കേണ്ടതുണ്ട്.

നഗരത്തിന്റെ മുക്കിലും മൂലയിലും പോലിസ് സാന്നിധ്യം ഉറപ്പു വരുത്തുന്ന വിധം പട്രോളിങ് ശക്തമാക്കണം.കൊലപാതകങ്ങളെയും ലഹരി ഇടപാടുകളെയും തടയാൻ താങ്കളും പോലിസും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്ന മുഴുവൻ കാര്യങ്ങൾക്കും മുൻകൂട്ടി തന്നെ പൂർണ പിന്തുണ പ്രഖ്യാപിക്കട്ടെ.

ഇനിയും ഒരു കൊലപാതകങ്ങൾ പോലും നടക്കാത്ത വിധം നഗരത്തിനു പൂർണ സുരക്ഷ ഉറപ്പാക്കാൻ താങ്കൾക്കു കഴിയട്ടെ. വീടുകളിൽ ധൈര്യമായിരിക്കാൻ ഓരോ നഗരവാസിക്കും കഴിയുന്ന വിധത്തിൽ ഈ നാടു മാറുമെന്ന പ്രത്യാശയോടെ,
സ്നേഹപൂർവം,

ടി.ജെ. വിനോദ് എം.എൽ.എ,
എറണാകുളം

