
കണ്ണില്ലാത്ത ക്രൂരത:പൈനാപ്പിളില്‍ പടക്കം നിറച്ച് കെണിവെച്ചു, പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞു
മലപ്പുറം:കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ പടക്കം നിറച്ച് വെച്ച കെണിയില്‍പെട്ട് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.ദുഷ്ട മനുഷ്യർ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു ജീവനുമാണ് . സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.
മെയ് 27നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ കണ്ടെത്തിയത്. ഏതാണ്ട് 15 വയസ് പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ മുറിവുകളുമായി വേദന കടിച്ചമര്‍ത്തി ജീവിക്കുകയായിരുന്നു.
നിലമ്പുർ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും ചങ്ക് തകര്‍ക്കുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.