മാധ്യമസ്വാതന്ത്ര്യം മാനിച്ചേ തീരൂ

Share News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ തടയാനെന്ന പേരില്‍ പൊലീസ് ആക്ട് ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിനു വലിയ നാണക്കേടുണ്ടാക്കി. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള പൊലീസ് നിയമമാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെയും നിയമവിദഗ്ധരുടെയും എതിര്‍പ്പു രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭേദഗതി തിരുത്താന്‍ തയ്യാറായത്.

2011 ലെ കേരള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു വിവാദമായ ഓര്‍ഡിനന്‍സ്. ഒരു ഗൃഹപാഠവും ചെയ്യാതെ, ഒട്ടും വീണ്ടുവിചാരമില്ലാതെ തികച്ചും അലസമായി രൂപകല്പന ചെയ്ത ഓര്‍ഡിനന്‍സാണിത്. സ്ത്രീകളെ താറടിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നവരുടെ ദുഷ്‌കൃത്യങ്ങള്‍ക്ക് കര്‍ശനനടപടികളിലൂടെ അറുതി വരുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, അതിന്റെ പേരില്‍ ഭേദഗതി വരുത്തിയ പൊലീസ് ആക്ട് ജനാധിപത്യവീക്ഷണങ്ങള്‍ക്കു വിരുദ്ധമാണെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. സമൂഹമാധ്യമങ്ങള്‍ക്കു പുറമേ എല്ലാത്തരം സ്വതന്ത്രമാധ്യമപ്രവര്‍ത്തനങ്ങളെയും കൂച്ചുവിലങ്ങിടാനുള്ള തന്ത്രപരമായ സര്‍ക്കാര്‍ നീക്കങ്ങളെയാണ് സമൂഹമൊന്നാകെ ചെറുത്തു തോല്പിച്ചത്.

ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യഭരണവ്യവസ്ഥയുടെ സൗന്ദര്യമാണ്. ഉത്തമബോധ്യത്തോടെ നടത്തുന്ന വിമര്‍ശനങ്ങളെ വ്യാഖ്യാനിച്ചു കുറ്റകരമാക്കാമെന്ന അവസ്ഥയുണ്ടായാല്‍ ജനജീവിതത്തിന്റെ സ്വാഭാവികതാളക്രമം തെറ്റും. ഭയം ഭരണം നടത്തുന്നിടത്ത് പൗരസ്വരം നിലയ്ക്കും. ജനാധിപത്യത്തിലെ പൗരസ്വാതന്ത്ര്യംതന്നെയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.

be careful Road Warning Sign.

സ്ത്രീകള്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന സൈബറാക്രമങ്ങളുടെ പേരില്‍ തികച്ചും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിധ്വംസകവുമായ നിയമഭേദഗതിയുമായി വന്ന സര്‍ക്കാരിന്റെ നിലപാട് കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെ വിമര്‍ശനത്തിനു കാരണമായി. നിയമഭേദഗതിയോടു സി.പി.എം. കേന്ദ്രനേതൃത്വംതന്നെ വിയോജിപ്പറിയിച്ചതും നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതും പിണറായി സര്‍ക്കാരിനു തിരിച്ചടിയായി. ഫലമോ, രണ്ടുദിവസംകൊണ്ടാണ് വിജ്ഞാപനം മരവിപ്പിക്കേണ്ടിവന്നത്.

‘മനസ്സിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാകാനിടയുള്ള കാര്യങ്ങളും വിഷയങ്ങളും’ ‘ഏതെങ്കിലും തരത്തിലള്ള വിനിമയോപാധിയിലൂടെ നിര്‍മ്മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ’ ചെയ്യുന്നത് കുറ്റകരമാണെന്നു പറയുന്നു. ഓര്‍ഡിനന്‍സിന് ഏതുതരം വിമര്‍ശനത്തെയും ആക്ഷേപത്തെയും കുറ്റകരമാക്കാനുള്ള ‘വ്യാഖ്യാനസ്വാതന്ത്ര്യം’ ലഭിക്കുമെന്നതിനാലാണ് അത് ജനാധിപത്യഭരണകൂടത്തിനു നിരക്കാത്തതാണെന്നും പിന്‍വലിക്കണമെന്നും മുറവിളിയുണ്ടായത്. അവ്യക്തമായ നിയമത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന പുതിയ സര്‍ക്കാര്‍തന്ത്രത്തെയാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ തോല്പിച്ചത്.

അവ്യക്തമായ ക്രിമിനല്‍ വ്യവസ്ഥകള്‍ ജനസ്വാതന്ത്ര്യവും സുരക്ഷിതത്വവും അപകടത്തിലാക്കുമെന്നും ചിലപ്പോള്‍ അവ നിരപരാധികളെവരെ കുടുക്കിലാക്കുമെന്നും സുപ്രീംകോടതി ശ്രേയാം ശൃംഗാള്‍ കേസില്‍ (2015) നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. ഐ.ടി. നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയതും വികലവും വികൃതവുമായ നിയമവ്യവസ്ഥകള്‍ സ്വാതന്ത്ര്യവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാലായിരുന്നു. അസാധുവാക്കപ്പെട്ട ആ വകുപ്പുകള്‍ പുതിയ രൂപത്തിലാക്കി പിന്‍വാതിലിലൂടെ അകത്തുകയറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം.

സ്ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങളെ സവിശേഷമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 എ, 354 ബി, 354 സി, 354 ഡി വകുപ്പുകള്‍. സൈബറിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം വകുപ്പുകളെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് സര്‍ക്കാരും പൊലീസും ചെയ്യേണ്ടത്. സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരായ 1986 ലെ കേന്ദ്രനിയമവ്യവസ്ഥകളെയും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ തയ്യാറാകേണ്ടതാണ്. ഏതായാലും, പൊലീസ് നിയമഭേദഗതി വിവാദമായ പശ്ചാത്തലത്തില്‍, ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതോടെ, വീണ്ടും വെളിച്ചം കണ്ടുണര്‍ന്നത് ജനാഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്രമാധ്യമപ്രവര്‍ത്തനങ്ങളുമാണ്.

ഫാ. കുര്യന്‍ തടത്തില്‍

Share News