
മിലിയുടെ നിലവിളി നിലയ്ക്കുന്നില്ല
മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു.

പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു.
മിലിയുടെ കരച്ചിലിന്റെ കാര്യം ഞങ്ങൾക്ക് അറിയാം. മിലിയെപ്പോലെ വേർപാടിന്റെ വേദന ഞങ്ങളിലും നിറഞ്ഞു നിൽക്കുന്നു.
ദിവസങ്ങൾ കഴിയുമ്പോൾ ഞങ്ങൾ മറന്നാലും, മിലിയെന്ന ഈ അമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങളെ മറക്കുവാൻ കഴിയുമോ?
മിലിക്കും ഞങ്ങൾക്കും വേദന ഉണ്ടാക്കുന്ന ആ സംഭവം ഒഴിവാക്കുവാൻ കഴിയാതെ വന്നു.
ഇന്നലെ 11 മണിക്ക് കിങ്ങിണിയെയും 4 കുഞ്ഞുങ്ങളെയും ഭാര്യ എൽസിയാണ് സുരക്ഷിതമായി മറ്റൊരു സ്ഥലത്തേയ്ക്ക് യാത്രയാക്കിയത്. വളരെ സങ്കടത്തോടെയാണ് ഞാൻ അതിന് മൗനമായി അനുവാദം നൽകിയത്. മറ്റൊരു നിവൃത്തിയും ഇല്ലായിരുന്നു. ഇന്നലെ പല തവണ എൽസി എന്നെ ആശ്വസിപ്പിക്കുവാൻ പറഞ്ഞു “അവർ വളരെ നന്നായി നോക്കും. അവർ നാലുപേർ ഒരുമിച്ചാണല്ലോ. പിന്നെ മിലി മാത്രം ഇവിടെ.. എന്തുചെയ്യും ഇതല്ലാതെ “-അങ്ങനെപോയി സംഭാഷണം. ഇന്നലെ വീട്ടിലിൽ അതികം സംഭാഷണം ഇല്ലായിരുന്നു. കാരണം മിലിയുടെ പരക്കംപാച്ചിൽ എല്ലാവരെയും ദുഖത്തിലാഴ്ത്തി.
ഇത് എഴുതുമ്പോഴും മിലി കരഞ്ഞുകൊണ്ട് കരഞ്ഞുനടക്കുന്നു.

മിലിയ്ക്കു പേരിട്ടത് മോൾ ഏയ്ഞ്ചൽ ആണ്. മിലി വീട്ടിലെ പ്രിയപ്പെട്ട പൂച്ചയാണ്. ഇന്നലെ രാവിലെവരെ വീട്ടിൽ 8 പൂച്ചകളുണ്ടായിരുന്നു .
വീട്ടിൽ പൂച്ചകളില്ലായിരുന്നു. രണ്ട് വർഷംമുമ്പ് മോന്റെ കുട്ടുകാർ അമലിന്റെ ബർത്ത്ഡേയ്ക്ക് സമ്മാനം നൽകിയത് പൂച്ചയെ ആയിരുന്നു. വിദേശയിനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചകുഞ്ഞിന് മോൾ ചാർളി എന്ന് പേരിട്ടു.
വളരെ വൈകാതെ 2 പൂച്ചകൾകുടി എത്തിച്ചേർന്നു. അത് കൊച്ചിയിൽ പഠിക്കാനെത്തിയ
ഭാര്യയുടെ സഹോദരി പുത്രൻ സനലാണ് കൊണ്ടുവന്നത്. സുഡു, മിലി എന്നി പേരുകൾ നൽകിയതും ഏയ്ഞ്ചൽ തന്നെ. പേരുകൾ നൽകാനുള്ള അവകാശം മറ്റാർക്കും നൽകുവാൻ മോൾ തയ്യാറല്ല. അവളിടുന്ന പേരുകൾ എല്ലാവരും അംഗീകരിക്കുന്നു.
സുഡു ഇപ്പോഴും വീട്ടിലുണ്ട്. ഇടയ്ക്ക് അടുത്ത വീടുകളിലും പറമ്പിലുമൊക്കെ പോയി സുഡു വീടിന്റെ മുമ്പിൽ ഉണ്ടാകും.
മിലി5 തവണ പ്രസവിച്ചു. കുഞ്ഞുങ്ങളെ നന്നായി നോക്കുമെന്ന് കരുതിയവർക്ക് എൽസി കൊടുത്തുവിട്ടു.ഞങ്ങളുടെ സഹപ്രവർത്തകയായ മിനി ഡേവിസ് 2 കുഞ്ഞുങ്ങളെ കൊണ്ടുപോയി .മറ്റൊരവസരത്തിൽ വീട്ടിൽ മത്സ്യം കൊണ്ടുവരുന്ന ചേട്ടന്3 എണ്ണം നൽകി .
മിലിയുടെ ഒരു കുഞ്ഞാണ് ഇന്നലെ ഞങ്ങൾക്ക് യാത്രയാക്കേണ്ടി വന്ന കിങ്ങിണി.
കിങ്ങിണി 2 കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ അടുത്ത ആഴ്ചയാണ് മിലി വിണ്ടും 2 കുഞ്ഞുങ്ങളെ പ്രസവിച്ചത്.
4 കൊച്ചുപൂച്ചകളെ മിലിയും കിങ്ങിണിയും ഒരുമിച്ച് സംരക്ഷിക്കുന്ന മനോഹരമായ കാഴ്ചകൾ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.വൈകിട്ടത്തെ പ്രാർത്ഥനയ്ക്ക് പൂച്ചകളെല്ലാം അടുത്തുതന്നെയുണ്ടായിരിക്കും. ഓടിക്കളിക്കുന്ന ചാടിമറിയുന്ന കൊച്ചുപൂച്ചകൾ മനസ്സിന് വലിയ സന്തോഷം നൽകിയിരുന്നു.
ഓരോ പൂച്ച പ്രസവിക്കുമ്പോഴും ആഘോഷം ആയിരുന്നു. കാണുവാനുള്ളആകാംക്ഷ . സംരക്ഷണം.. എന്നാൽ പിന്നിടുള്ള വളർച്ചയുടെ ദിവസങ്ങൾ വിഷമം പിടിച്ചതാണ്. വീടിന്റെ പല ഭാഗത്തും കാഴ്ട്ടം. കോരി കോരി എൽസി മടുക്കും.
വീടിന്റെ വാതിൽ തുറക്കുമ്പോൾ ഒന്നിന് പുറകെ ഓരോന്നായി എത്തും.വരുന്ന അതിഥികൾക്ക് ചിലർക്ക് സന്തോഷം, മറ്റുചിലർക്ക് മടിയും പേടിയും. പലപ്പോഴും പിടിച്ചു റൂമിൽ അടയ്‌ക്കേണ്ടിവരും.
ഇന്നലെ കൊടുത്തുവിട്ട കുഞ്ഞു പൂച്ചകൾക്ക് മോൾ പേരിട്ടില്ലായിരുന്നു. അതിന് കാരണം അറിയില്ല. ആർക്കെങ്കിലും കൊടുക്കണം, എല്ലാത്തിനെയും വളർത്തുവാൻ കഴിയില്ലെന്ന് എൽസി പ്രഖ്യാപിച്ചിരുന്നു. പേരിട്ടു ലാളിച്ചാൽ പിരിയുമ്പോൾ വിഷമം കൂടുമെന്ന് തോന്നിക്കാണും. ഇന്നലെ രാവിലെയും മോൾ LLB പരീക്ഷയ്ക്ക് പഠിയ്ക്കുന്നതിനിടയ്ക്കും പൂച്ചകുഞ്ഞുങ്ങളെ ലാളിക്കുന്നത് കണ്ടു. മിലിയുടെ ദുഃഖം അവൾക്കും ഉണ്ട്.
ഇടയ്ക്ക് പൂച്ചകൾ മതിലുചാടി അടുത്ത വീടുകളിലും എത്തും. രണ്ടു തവണ ദിവാകരൻ ചേട്ടൻ പരാതിയുമായി എത്തി. കിടപ്പുമുറിയുടെ പുറത്ത് പൂച്ചമലമൂത്രവിസർജ്ജനം നടത്തുന്നതിന്റെ വിഷമം. ന്യായമായ പരാതി. പരിഹരിക്കാതെ നിവൃത്തിയില്ല. എത്ര നോക്കിയാലും രാത്രിയിൽ ഏതെങ്കിലും തുറന്നുകിടക്കുന്ന ജനലിലൂടെ പൂച്ചകൾ ചാടും. പിന്നെ ഇഷ്ട്ടമുള്ള സ്ഥലം നോക്കി അത് പോകും.
7000/- രൂപ നൽകി ഒരു മനോഹരമായ കൂട് ഞാൻ വാങ്ങി. അതിൽ ഇട്ടെങ്കിലും നിലയ്ക്കാത്ത നിലവിളിമൂലം അതിൽ ഇട്ട് സംരക്ഷിക്കുവാൻ കഴിയാതെ വന്നു. കൂട്ടിലിട്ടു വളർത്തുന്നതിൽ എൽസിക്ക് ഒട്ടും താല്‌പര്യം ഇല്ലായിരുന്നു .ചാർളിയുടെ കഴുത്തിൽ ഒരു കൊച്ചു വളയം ഇട്ട് കെട്ടിയാണ് ഇപ്പോൾ വളർത്തുന്നത്. എങ്കിലും ഇടയ്ക്ക് ചാർളി ചാടിപ്പോകും. ചാർളി വിദേശ ഇനം ആയതിനാൽ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുമോയെന്ന ഭയവും ഉണ്ട്.
മിലിയുടെ മനോഹരമായ 2 കുഞ്ഞുങ്ങളെ കണ്ട തങ്കമണി ചേച്ചിയാണ് ആദ്യം ആവശ്യം ഉന്നയിച്ചത്.കിങ്ങിണിയുടെ മക്കൾക്കു കുട്ടു നഷ്ട്ടപെടുമല്ലോ. പിന്നെ അമ്മമാരിൽ നിന്നുമുള്ള അകൽച്ച വിഷമം ആകുമല്ലോ എന്നുള്ള തോന്നൽ. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കിങ്ങിണിയും 4 മക്കളും എന്ന ചിന്ത പങ്കുവെച്ചു. ഒരുമിച്ച് എല്ലാവരെയും കൊണ്ടുപോകുവാൻ തയ്യാറായി. അത് ഇന്നലെയായിരുന്നു.
പതിവില്ലാതെ 11 മണിക്ക് കിങ്ങിണി യ്ക്ക് എൽസി തീറ്റ കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. കസേരകളിൽ ചാടിക്കളിക്കുന്ന കുഞ്ഞുങ്ങളെ ഒരിക്കൽകുടി നോക്കിയ ശേഷം ഞാൻ മുകളിലെ നിലയിലെ ഓഫീസിലേയ്ക്ക് പോയി.തങ്കമണിചേച്ചി കൊണ്ടുപോകുന്നത് കാണുവാൻ കഴിയാത്തതിന്റെ പേരിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മിലിയുടെ കരച്ചിൽ ആരംഭിച്ചു. എന്റെ മേശയ്ക്ക് അടുത്ത് വന്നും മിലി കരഞ്ഞു തുടങ്ങിയപ്പോൾ താഴെ എൽസി, അതുവരെ നന്നായി സ്നേഹത്തോടെ സംരക്ഷിച്ച കുഞ്ഞുങ്ങളെ യാത്രയാക്കിയെന്നു മനസ്സിലായി.
ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയപ്പോൾ, എൽസിയുടെ ദുഃഖം ഞാൻ മനസ്സിലാക്കി. വിട് സജീവമാക്കിയിരുന്ന കിങ്ങിണിയും കുഞ്ഞുങ്ങളെയുംപിരിയേണ്ടിവന്നതിന്റെ വേദന അവൾക്കും നന്നായി ഉണ്ടായിരുന്നു.
മുമ്പ് മിലിയുടെ ആദ്യ പ്രസവത്തിലെ ഒരു കുഞ്ഞിന് കിങ്ങിണി എന്നായിരുന്നു പേര്. ഒരിക്കൽ പുറത്തുപോയ അത് തിരിച്ചെത്തിയില്ല. അതും, മറ്റൊരു പൂച്ച ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ നഷ്ടപ്പെട്ടപ്പോഴും ഉണ്ടായ ദുഃഖം ഓർക്കുന്നു. പൂച്ചയെ ചികിൽസിക്കാൻ ഞാനും എൽസിയും അമൽ മോനും ഡോക്ടറുടെ അടുത്ത് പല തവണ പോയിട്ടുണ്ട്.
ജീവൻ ജീവിതം.. ആർക്കും വിലപ്പെട്ടത്. പൂച്ചയും പട്ടിയും കോഴിയും ആടും പശുവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആണല്ലോ. ഈ ജീവികൾ നൽകുന്ന സ്നേഹം , നമ്മൾ നൽകുന്ന കരുതൽ അതെല്ലാം നമ്മെ വളർത്തുന്നു.

നമ്മൾ വളർത്തുന്ന ജീവികളെ ശ്രദ്ധിക്കുക. അതിന്റെ മക്കളെ എത്ര ശ്രദ്ധയോടെയാണ് സംരക്ഷിക്കുന്നത്. ഒരുപക്ഷെ മനുഷ്യരെക്കാൾ.
ഉദരത്തിൽ ഉണ്ടായ കുഞ്ഞിനെ ക്രൂരമായി കൊല്ലുവാൻ സമ്മതിക്കുന്ന മാതാവും , അതിന് പ്രേരണ നൽകുന്ന പിതാവും?. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ചു ഉപേക്ഷിക്കുന്ന മാതാവ്?… ഇവർക്കെല്ലാം എങ്ങനെ ഇത് സാധിക്കുന്നു.?!
മക്കളെ ഉപേക്ഷിച്ചു എങ്ങനെ മാതാപിതാക്കൾക്ക് പോകുവാൻ കഴിയും?.. എല്ലാം മനസ്സിന്റെ അവസ്ഥ ആണല്ലോ.

മിലിയുടെ കരച്ചിൽ കേട്ടപ്പോൾ എഴുതിപ്പോയതാണ്. ഇനിയും എഴുതുവാൻ നിരവധി പൂച്ച വിശേഷങ്ങൾ ഉണ്ട്.
അതെല്ലാം വിട് സന്തോഷിപ്പിച്ച, നിരവധി കാര്യങ്ങൾ പഠിപ്പിച്ച, മനസ്സിൽ സന്ദേശം നൽകിയ പ്രിയപ്പെട്ട പൂച്ചകളെക്കുറിച്ചാണ്.
അമലിന് ചാർളിയെ സമ്മാനമായി നൽകുവാൻ നേതൃത്വം നൽകിയ സുഹൃത്ത് അർജുൻെറ വീട്ടിൽ 16 പൂച്ചകളുണ്ട് .അവരുടെ സ്നേഹവും കരുതലും അതിശയിപ്പിച്ചിട്ടുണ്ട് .അവരുടെ സന്തോഷം വളരെ വലുതാണ് .
മിലി ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. പതുക്കെ പതുക്കെ മിലി മറക്കുമായിരിക്കും, ഞങ്ങളും.!!.
എന്നാൽ മിലിയ്ക്കു മുലപ്പാൽ നൽകുവാൻ, കൂടെ കടത്തുവാൻ കുഞ്ഞുങ്ങളില്ല.വീടിന്റെ എല്ലാ ഭാഗത്തും പല തവണ പോയി നോക്കി കാണാതെ മക്കളെ മറക്കുമായിരിക്കും. വിണ്ടും മിലി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമായിരിക്കും.
കിങ്ങിണി അതിന്റെ 2 കുഞ്ഞുങ്ങൾക്കും, അമ്മയായ മിലിയുടെ 2മക്കൾക്കും മുലപ്പാലും നൽകി നന്നായി സംരക്ഷിക്കുന്നുണ്ടാകും.
എൽസി പറഞ്ഞ വാക്കുകൾ മനസ്സിൽനിന്നും മായുന്നില്ല. “കുഞ്ഞുങ്ങളെ കൊണ്ടുപോകും എന്നാൽ പെറ്റ അമ്മ പൂച്ചയെ അരും കൊണ്ടുപോകില്ല “-. എൽസിയുടെ അഭ്യർത്ഥന പരിഗണിച്ചു, തങ്കമണി
ചേച്ചി കിങ്ങിണിയെയും കൊണ്ടുപോയല്ലോ. നന്ദി. സന്തോഷം. മാതാപിതാക്കളെ മറക്കുന്ന മക്കളുടെ എണ്ണം വർദ്ധിക്കുന്നു .ഭാര്യയെ / ഭർത്താവിനെ വളർത്തിവലുതാക്കിയ അവരെ മറക്കുന്നു
.
എന്റെ ശരീരത്തിൽ ഓടിക്കയറുവാൻ ശ്രമിച്ച, മേശപ്പുറത്തു ചാടിക്കയറിയ കുഞ്ഞുപൂച്ചകളെ സന്തോഷത്തോടെ ഓർക്കുന്നു. അവരെല്ലാം സുരക്ഷിതമായി കഴിയുന്നുവെന്ന എൽസിയുടെ വാക്കുകൾ എനിക്ക് പ്രത്യാശ നൽകുന്നു.
ഇന്ന് രാവിലെയും എൽസി വിശുദ്ധ കുർബാനയ്ക്കു പോയിവന്നു. എഴുത്ത് നിർത്തുന്നു.
ഒരുകാര്യം എനിക്ക് ഉറപ്പുണ്ട് ഇന്നത്തെ പ്രാർത്ഥനയ്ക്ക് എൽസിയുടെ ഒരു നിയോഗം കിങ്ങിണിയും മക്കളും, പിന്നെ മിലിയും ആയിരിക്കും. പോയവരുടെ ഭാവി, മിലിയുടെ ആശ്വാസം… അതായിരിക്കും.

മിലി എനിക്ക് നൽകുന്ന സന്ദേശം മനസ്സിൽ നിറയുന്നു.


സാബു ജോസ് ,എറണാകുളം
sabujosecochin@gmail .com
9446329343