മിഷൻ ഞായർ ഓർമ്മകൾ ..

Share News

ലോകമെങ്ങും മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ മിഷണറിമാരെയും ഓർക്കുന്ന സുദിനം ആണിന്ന്.

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നു എന്നതിന്റെ പേരിൽ ശാരീരികമായും മാനസികമായും ആത്മീയമായും പീഡിപ്പിക്കപ്പെടുന്ന അല്ലെങ്കിൽ രക്തസാക്ഷിത്വം വഹിക്കേണ്ടിവരുന്ന അനേകർ ഇന്ന് കൂടിക്കൊണ്ടികൊണ്ടിരിക്കുകയാണ്. മറുവശത്ത്, അവനെ എനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ട് ഈശോനാഥനെ തള്ളിപ്പറയുന്നവരുടെയും ഉപേക്ഷിച്ചുകളയുന്നവരുടെയും എണ്ണവും കൂടിവരുന്നു എന്നത് മറ്റൊരു ദുരന്തമാണ്. നൂറ്റാണ്ടുകൾക്കുമുൻപ് പ്രവചിക്കപ്പെട്ട കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറ്റപ്പെടുന്ന ഒരു കാലഘട്ടം ആണിത്.

മിഷൻ മേഖലയിൽ മുറിവേൽപ്പിക്കപ്പെടുന്നവരോ കൊല്ലപ്പെടുന്നവരോ ഒരുപക്ഷേ, നമ്മുടെ പകരക്കാരായിരിക്കാം. നമുക്കുവേണ്ടി കൂടിയാണ് ഇത് അവർ അനുഭവിക്കേണ്ടിവരുന്നത്.ഇന്ന് നമ്മൾ ഇവരെയൊക്കെ ഓർക്കേണ്ട ദിനമാണ്.

മിഷൻ ഞായർ എന്ന് കേൾക്കുമ്പോൾ വീടുകളിൽ കയറിയിറങ്ങി മിഷൻ പിരിവ് നടത്തുന്ന ഓർമ്മകൾ ആണ് നമ്മിൽ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത്. മിഷൻ പ്രവർത്തനങ്ങൾക്ക് ശക്തിയും പിന്തുണയും നല്കാൻ നമ്മൾ ചെയ്തിരുന്ന അതിമഹത്തായ ഒരു പ്രേഷിത പ്രവർത്തനം തന്നെയായിരുന്നു ഇത്.
ഒരുപക്ഷേ, പണവും പദാർത്‌ഥങ്ങളും പങ്കുവയ്ക്കുന്ന കാലത്തിൽനിന്നും അപ്പുറം നിണവും നിസ്വാർത്ഥവിശ്വാസവും പകർന്നുകൊടുക്കേണ്ട ഒരു കാലത്തിലാണ് നാമിപ്പോൾ. ആദ്യത്തേതിൽ, നമ്മൾ നഷ്ടപ്പെടുത്താൻ മനസ്സ് കാണിച്ചിരുന്നത് നമ്മുടെ അധ്വാനഫലങ്ങൾ ആയിരുന്നെങ്കിൽ, രണ്ടാമത്തേതിൽ നമ്മളെ തന്നെ അഥവാ നമ്മുടെ ജീവനെതന്നെ ആണെന്നതാണ് നാം തിരിച്ചറിയേണ്ടത്. രക്തം ചിന്തേണ്ടുന്ന അല്ലെങ്കിൽ ജീവൻ ഹോമിക്കുന്ന മിഷൻ ഞായറുകൾ ആണ് ഇനി ഓരോ ക്രിസ്തു അനുയായിയുടെയും മുന്നിലുള്ള വെല്ലുവിളി.

-എം ഡി ജോയ്

Share News