
സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് ഒരുലക്ഷത്തിലേറേ ആളുകൾ
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്നു മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര് നാട്ടിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ 3.80 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1,01,779 പേർ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാൻ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരിൽ 11,189 പേർ മെയ് 25 വരെ സംസ്ഥാനത്തു മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെത്തുമ്പോൾ സംസ്ഥാനത്ത് ചില ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ വരുന്നതിനു മുമ്പ് 16 പേർ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വർധിക്കും.മഹാരാഷ്ട്രയില്‍നിന്നു വന്ന 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 71 പേര്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 133 പേര്‍ക്ക് രോഗബാധ ഉണ്ടായി.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആരേയും പുറന്തള്ളുന്ന നയമില്ല. അവർ എത്തുമ്പോൾ ശരിയായ പരിശോധനയും ക്വാറൻറൈനും ആവശ്യമാണ്. അതിനുവേണ്ടിയാണ് സർക്കാരിൻറെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു