
വേൾഡ് പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയ പ്രതിഭ.
കൊച്ചിയിൽ സൗത്ത് ഓവർ ബ്രിഡ്ജിന്റെ കാൽനടപ്പാതയിലൂടെ നീങ്ങുമ്പോഴാണ് കുറച്ചകലെയായി ക്യാമറയിൽ ദൃശ്യങ്ങൾ എടുത്തുകൊണ്ടിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ട്രൈപ്പോഡിൽ ഉറപ്പിച്ച ഡിജിറ്റൽ ക്യാമറയിൽ അയാൾ കൊച്ചിയെ പകർത്തുകയാണ്. ഈ മൊബൈൽ യുഗത്തിൽ അതൊരു സാധാരണ കാഴ്ച തന്നെയായിരുന്നു. പക്ഷേ ആ മനുഷ്യനെ കണ്ടപ്പോൾ എവിടെയോ ഒരു അസാധാരണത്വം തോന്നി. കടന്നുപോകുന്നതിനായി അദ്ദേഹം ട്രൈപ്പോഡ് സൗമനസ്യത്തോടെ നീക്കിവച്ചു തന്നു. അതിനിടയിലൂടെ പോകാമായിരുന്നിട്ടും കാലു മുന്നോട്ടു വച്ചില്ല. ഞാനദ്ദേഹത്തോടു ‘ഹലോ’ പറഞ്ഞു.മൃദുവായി ചിരിച്ച് തിരികെ ‘ഹലോ’ പറഞ്ഞുകൊണ്ട് അയാൾ വീണ്ടും തുരുതുരാ ചിത്രങ്ങൾ എടുക്കുന്നതില്‍ വ്യാപൃതനായി.’കുറച്ചു നിമിഷങ്ങൾ കാത്തുനിൽക്കൂ..’ എന്നദ്ദേഹം എന്നോടു പറഞ്ഞു.
പാലത്തിലൂടെ വരിവരിയായി ഇഴഞ്ഞുനീങ്ങുന്ന സ്വകാര്യ ബസുകളുടെ ചിത്രങ്ങള്‍ പകർത്തുകയാണ്. അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ഓഫിസുകൾ വിട്ടിറങ്ങിയവരുടെ തിരക്കാണ്. ആളുകളെ കുത്തിനിറച്ച നിലയിലാണ് ഓരോ ബസ്സുകളും. മികച്ച ഫ്രെയിമുകൾ നഷ്ടപ്പെടാതിരിക്കാനായി അദ്ദേഹം ട്രൈപ്പോഡുമായി അങ്ങോട്ടുമിങ്ങോട്ടും റോഡിലിറങ്ങിയും ഫുട്പാത്തിലേക്കു കയറിയും പായുകയാണ്. ബസുകൾക്കും ചെറുവാഹനങ്ങൾക്കും പിന്നിൽ കാത്തുനിൽക്കാനുള്ള ക്ഷമയില്ലാതെ അച്ചടക്കം ലംഘിച്ചു മുന്നോട്ടു കുതിക്കുന്ന ചില ബൈക്കുയാത്രക്കാരുടെ പടമെടുക്കുന്നതും കണ്ടു.
ആ നിമിഷം ആ മനുഷ്യൻ ആരെന്ന് മനസ് ഓർമപ്പെടുത്തി. മുൻപ് ശ്രദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഓർമ്മയിലെത്തി.മറന്ന പേര് വീണ്ടും നാവിൻ തുമ്പത്തു വന്നു.രാജ്യാന്തര പ്രശസ്തനായ ഫൊട്ടോഗ്രാഫർ പീറ്റർ ബിയലോബ്രെസ്കി.ജർമനിയിലെ ആർട്സ് ബ്രെമൻ സർവകലാശാലയിലെ ഫൊട്ടോഗ്രഫി വിഭാഗം പ്രൊഫസറും ഡിപ്പാർട്ട്മെന്റ് ഹെഡും. വേൾഡ് പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയ പ്രതിഭ.
‘സിറ്റി പോട്രെയിറ്റ്സ്’ എന്ന പേരിൽ ലോകത്തെ പ്രമുഖ നഗരങ്ങളിലെ ജീവിതത്തിരക്ക് ചിത്രീകരിക്കുന്ന ഫൊട്ടോ പരമ്പരയിൽ കൊച്ചിയിലെ ജീവിതം അടയാളപ്പെടുത്താനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയ്ക്കു പുറമേ ഡൽഹിയും മുംബൈയും കൊൽക്കത്തയും ചിത്രീകരിക്കുന്നുണ്ട്. ഈജിപ്ത് കലാപകാലത്ത് പ്രൊഫ. പീറ്റർ ബിയലോബ്രെസ്കി പകർത്തിയ ചിത്രങ്ങൾ ‘കെയ്റോ ഡയറി’ എന്ന പേരിൽ പുസ്തകമായിരുന്നു. ഏലൂർ ലെൻഡിങ് ലൈബ്രറിയിൽ ഞാനാ പുസ്തകം കണ്ടിട്ടുണ്ട്. തുടർന്നു വന്ന ‘ഏഥൻസ് ഡയറി’യും വളരെ പ്രസിദ്ധി നേടിയിരുന്നു.
സൗത്ത് ഓവർ ബ്രിഡ്ജിന് അടുത്താണ് മലയാള മനോരമ ഓഫിസ്. പാലം ഇറങ്ങിവന്നു നിൽക്കുന്നത് മനോരമയ്ക്കു തൊട്ടരികിലാണ്. പത്രപ്രവർത്തകനാണെന്നും ഓഫിസിലേക്കു വരണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഏതു ഭാഷയിലാണ് പത്രം അച്ചടിക്കുന്നതെന്ന് അദ്ദേഹം തിരക്കി. ഭാരതത്തിൽ എത്ര ഭാഷയാണുള്ളതെന്ന് അത്ഭുതം കൂറി. ഇന്ത്യയിലെ ഒരു പത്രം ഓഫിസ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ എയർപോര്‍ട്ടിലേക്കു മടങ്ങേണ്ടതിനാൽ വരാനാവില്ലെന്നും ക്ഷമാപണത്തോടെ പറഞ്ഞു.
കേരളത്തിലെ നഗരങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?’ പടമെടുക്കുന്ന തിരക്കിനിടയിലും എന്റെ ചോദ്യം അദ്ദേഹം അവഗണിച്ചില്ല. .‘കടലും കായലും തോടുമൊക്കെ അതിരിട്ടുനിൽക്കുന്ന പട്ടണങ്ങൾ… നിങ്ങളുടെ നഗരങ്ങൾ മനോഹരമാണ്. പക്ഷേ ഒട്ടും ആസൂത്രണമില്ല. എന്തിനാണ് ഇത്രയധികം സ്വകാര്യ വാഹനങ്ങൾ റോഡിലുള്ളത്? നാലു പേർക്കു സഞ്ചരിക്കാവുന്ന കാറിൽ മിക്കവാറും ഒരാൾ മാത്രമാണു യാത്ര ചെയ്യുന്നത്. പൊതു വാഹന സംസ്കാരം പ്രോത്സാഹിപ്പിക്കണം. നഗരങ്ങൾ മലിനമാകുന്നതു തടയണം.’അദ്ദേഹം ട്രൈപോഡ് മടക്കി. ക്യാമറ ശ്രദ്ധാപൂർവം അതിന്റെ ബാഗിലാക്കി.
കൈ കുലുക്കി ‘ബൈ’ പറയുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു, ‘പത്രപ്രവർത്തനത്തിന്റെ ഒരു ദോഷം പത്രപ്രവർത്തകനായി മാറുന്നതിലൂടെ ഒരാളിലെ സ്വതന്ത്രബുദ്ധിയുള്ള അന്വേഷകൻ മരിക്കുന്നു എന്നുള്ളതാണ്. ചരിത്രത്തേയും വർത്തമാനത്തേയും മുൻവിധികളില്ലാതെ സ്വീകരിക്കാൻ നിങ്ങൾക്കാകണം. എന്നിട്ട് നിങ്ങളുടെ നിഗമനങ്ങളിൽ എത്തിച്ചേരണം. മൗലികമായ കണ്ടെത്തലുകൾക്കു മാത്രമാണ് അംഗീകാരം ഉണ്ടാവുക. ഇന്ത്യയിലെ നഗരങ്ങൾ സവിശേഷമാണ്. സാംസ്കാരിക ചരിത്രത്തെ രേഖപ്പെടുത്തുക എന്നതുകൂടി ഒരു ജേർണലിസ്റ്റിന്റെ ചുമതലയാണ്. അതു മറക്കരുത്.’ അദ്ദേഹം കൈവീശി തിടുക്കത്തിൽ നടന്നുനീങ്ങി.

ടി.ബി. ലാൽ
Author
Journalist @ Malayala Manorama