എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്

Share News

അനുമോദനം
💐💐💐💐💐💐💐

അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം

ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ

അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു

അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല

അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല

നിനക്ക് അറിയാലോ മോനെ ഇതിന് മുൻപ് ഞാൻ വന്നപ്പോഴെല്ലാം നിൻ്റെ കൂട്ടുകാർ നിന്നെ കളിയാക്കുന്നത്.

അമ്മ അതൊന്നും കാര്യമാക്കണ്ട എൻ്റെ കൂട്ടുകാർ കളിയാക്കുമെന്നോർത്ത് എനിക്ക് എൻ്റെ അമ്മയെ കളയാൻ പറ്റോ

മോനെ അതല്ല

അമ്മ ഒന്നും പറയണ്ട ഇനിയും പറഞ്ഞ് നിന്നാൽ സമയം പോകും വേഗം ഒരുങ്ങി ഇറങ്ങ്.

ഇന്ന് സ്കൂൾ വാർഷികമാണ് ഈ കഴിഞ്ഞ അദ്ധ്യയന വർഷം നടന്ന +2 പരീക്ഷയിൽ ഉയർന്ന് മാർക്ക് വാങ്ങിയ കുട്ടികളെ ഇന്ന് അനുമോദിക്കൽ ചടങ്ങ് ഉണ്ട്

സ്കൂളിൽ എത്തിയപ്പോളെക്കും കൂട്ടുകാരെല്ലാം ചുറ്റുംകൂടി.

എടാ ഇന്ന് നിന്നെ അനുമോദിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എത്തിയിട്ടുണ്ട് പിന്നെ സിനിമാ താരങ്ങളും കളക്ടറും

നിങ്ങളും ഉണ്ടല്ലോ

ദാ പരിപാടി തുടങ്ങാറായി വാനമുക്ക് ഹാളിൽ കയറി ഇരിക്കാം

നിങ്ങൾ കയറി ഇരുന്നോളു ഞാനിപ്പോ വരാം

അമ്മയെ നോക്കിയിട്ട് ആ പരിസരത്തൊന്നും കണ്ടില്ല ഈ അമ്മ എവിടെ പോയോ ആവോ ഇനി തിരിച്ച് വീട്ടിൽ പോയോ എന്തായാലും ഹാളിലും കൂടെ നോക്കാം ഹാളിൽ കയറി ചുറ്റിലും കണ്ണോടിച്ചു ഒരൊഴിഞ്ഞ മൂലയിൽ ഒറ്റക്ക് ഇരിക്കുന്നു

വാ അമ്മേ മുൻപിൽ പോയി ഇരിക്കാം

വേണ്ട മോനെ അമ്മ ഇവിടെ ഇരുന്നോളാം ഇവിടെ ഇരുന്നാൽ അമ്മക്ക് കാണാം അമ്മേടെ പൊന്നുമോൻ സമ്മാനം വാങ്ങുന്നത്.

പരിപാടി തുടങ്ങാറായി എല്ലാവരും ഹാളിലേക്ക് പ്രവേശിക്കുക എന്ന അനൗൺസ്മെൻ്റ് കേട്ടതും അമ്മ പറഞ്ഞു

അമ്മേടെ കുട്ടി പോയി സമ്മാനം വാങ്ങി വാ ഉം ചെല്ല്.

തുടർന്ന് വാർഷികം ഉത്ഘാടനവും ആശംസ പ്രസംഗങ്ങളും നടന്നു.

പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ മാത്രമല്ല ഒരു മാർക്ക് പോലും നഷ്ടപെടുത്താത്ത നമ്മുടെ സ്കൂളിൻ്റെ അഭിമാനമായ വിവേകിൻ്റെ അനുമോദിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയെ ക്ഷണിച്ച് കൊള്ളുന്നു ആദരം ഏറ്റുവാങ്ങുന്നതിനായി വിവേക് സ്റ്റേജിലേക്ക് വരിക.

വിവേക് നിറഞ്ഞ കൈയ്യടികളുടെ അകമ്പടിയോടെ സ്റ്റേജിലെത്തി.

സാർ എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ വിവേക് പറയു

എനിക്കൊരു ആഗ്രഹമുണ്ട് അവിവേകമാണങ്കിൽ ക്ഷമിക്കണം

എന്തായാലും പറയു വിവേക്

ഇന്നത്തെ ഈ ചടങ്ങിൽ എനിക്ക് എൻ്റെ അമ്മയുടെ കൈയ്യിൽ നിന്ന് ആദരം ഏറ്റുവാങ്ങണം എന്നാണ് എൻ്റെ ആഗ്രഹം

എൻ്റെ ആഗ്രഹം മൈക്കിലൂടെ കേട്ടതുകൊണ്ടാകണം സദസ്സ് നിശബദമായി.

അതേ സാർ എന്നെ അനുമോദിക്കാനുള്ള അർഹത എൻ്റെ അമ്മക്കാണ്.

വിവേകിൻ്റെ ഈ ശബ്ദം കേട്ടതും അമ്മ ആരും കാണാതിരിക്കാനായി കുനിഞ്ഞ് ഇരുന്നു.

വിവേകിൻ്റെ അമ്മ പ്ലീസ് കം

സാർ ഞാൻ പോയി അമ്മയെ വിളിച്ച് കൊണ്ടു വരാം

ശരി വിവേക്

വിവേക് സ്റ്റേജിൽ നിന്നിറങ്ങി എല്ലാവരുടെയും കണ്ണുകൾ വിവേകിൻ്റെ പിന്നാലെ പോയി.

വിവേക് ഹാളിൻ്റെ പുറകിൽ നിന്ന് പഴയ സാരിയുടുത്ത് ക്ഷീണിച്ച് എല്ലുന്തിയ ശരീരമുഴുവൻ വെള്ളപാണ്ഡുള്ള ഒരു സ്ത്രീയെ തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് സ്റ്റേജിലേക്ക് കയറി വന്നു.ഇത് കണ്ട് എല്ലാവരുടെയും മുഖമൊന്ന് മങ്ങി

സാർ ഇതാണ് എൻ്റെ അമ്മ

അമ്മ സാറിൻ്റെ മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു

സാർ ക്ഷമിക്കണം എൻ്റെ മോൻ അവിവേകമാണ് കാണിച്ചത് എന്നറിയാം

ആര് പറഞ്ഞു അവിവേകമാണന്ന് എന്നും ചോദിച്ച് കൊണ്ട് സ്റ്റേജിലിരുന്ന കളക്ടർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഇത് കണ്ട് സ്റ്റേജിലിരുന്നവരും സദസ്സിലിരുന്നവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

അനുമോദ ചടങ്ങിന് ശേഷം എന്നോട് സംസാരിക്കാൻ പറഞ്ഞു

എനിക്ക് പറയാനുള്ളത് നന്ദി മാത്രം ആദ്യം നന്ദി പറയേണ്ടത് എൻ്റെ അമ്മയോടാണ് കാരണം ഞാനൊരു കഥ പറയാം

ഒരു സ്ത്രി അവളുടെ ദേഹമാകെ വെള്ളപാണ്ഡ് ഈ ഒറ്റ കാരണത്താൽ വിവാഹം നടന്നില്ല ഒറ്റക്ക് ജീവിച്ചിരുന്ന നേരത്ത് എപ്പഴോ തെരുവിൽ അലയുന്ന ഒരു കുട്ടിയെ കാണുന്നു. അച്ഛനാരന്നോ അമ്മയാരന്നോ അറിയാത്ത ഒരു തെരുവ് ബാലൻ ആ ബാലനെ സ്ത്രീ ഏറ്റെടുത്തു അവരുടെ ജീവിതം ആ ബാലന് വേണ്ടി മാറ്റി വെച്ചു. വീട്ടുകാർ എതിർത്തപ്പോൾ ആ മൂന്നു വയസുകാരൻ്റെ കൈയ്യും പിടിച്ച് ആ വീടിൻ്റെ പടികളിറങ്ങി .പിന്നെ ആ സ്ത്രീ വിശ്രമിച്ചിട്ടില്ല. ആ ബാലൻ പഠിക്കാൻ മിടുക്കാനായിരുന്നു. ആ ബാലൻ ഇന്ന് വളർന്ന് ഈ അനുമോദനം ഏറ്റുവാങ്ങുമ്പോൾ ആ സ്ത്രിക്കല്ലേ അത് തരാനുള്ള അർഹത. ആ സ്ത്രീയാണ് ആ വിശിഷ്ട വ്യക്തി. അതു കൊണ്ട് എല്ലാവരും എന്നോടും എൻ്റെ അമ്മയോടും ക്ഷമിക്കണം.

ഞാൻ കണ്ടതിൽ വെച്ചേറ്റവും ശക്തയായ സ്ത്രീ എൻ്റെ അമ്മയാണ്. അമ്മയുടെ ദേഹത്തെ പാണ്ഡ് ഉള്ളു എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ് അല്ലായിരുന്നെങ്കിൽ ഇന്ന് ഈ വിവേക് ഉണ്ടാകുമായിരുന്നില്ല. അതു കൊണ്ട് എനിക്ക് കിട്ടിയ ഈ അനുമോദനവും അവാർഡും എൻ്റെ അമ്മക്കുള്ളതാണ്. നിറഞ്ഞ കൈയ്യടികൾ സദസ്സിൽ നിന്നുയർന്നപ്പോൾ വിവേക് തൻ്റെ അമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് പുതിയ സ്വപ്നങ്ങൾ കണ്ടു കൊണ്ട് പുറത്തേക്ക് പോയി

ബേബി ചിറ്റിലപ്പള്ളി

Share News