ഇന്ത്യക്കെതിരെ വീണ്ടും നേപ്പാള്‍; രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇന്ത്യയില്‍ നിന്ന് വന്നവര്‍

Share News

കാഠ്‍മണ്ഡു: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍. രാജ്യത്തെ കൊവിഡ്-19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളില്‍ രോഗബാധിതരുടെ എണ്ണം 10000-നടുത്ത് എത്തിയിരിക്കുകയാണ്.

രാജ്യത്ത് ആകെയുള്ള 77 ജില്ലകളില്‍ 75-ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച മാത്രം 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9026 ആയി.

വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ബസുദേവ് പാണ്ഡെ പറ‌ഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും പാണ്ഡെ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 98 ശതമാനവും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരുന്നുവെന്നും ഡോ. പാണ്ഡെ ചൂണ്ടിക്കാട്ടി.

നേപ്പാളില്‍ 23 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അടുത്തിടെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ 69 വയസ്സുകാരന്‍ ഞായറാഴ്‍ച മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്‍ച 194 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1772 ആയി. നിലവില്‍ 7231 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമാണ് ഇന്ത്യയില്‍ നിന്നുള്ള വൈറസ് എന്ന് നേരത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞത് വിവാദമായിരുന്നു. അതിന് പിന്നാലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‍കരിച്ച പുതിയ ഭൂപടവും നേപ്പാള്‍ പുറത്തിറക്കി. ഇന്ത്യ അതിര്‍ത്തിയിലെ ലിപുലേഖ്, കാലാപാനി, ലിംപുയധര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കുകയും ചെയ്‍തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു