സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്….

Share News

#സിന്ധു_യാത്രാ_മാതാവ്

ക്ലിന്റൺ ഡാമിയൻ

പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…”

സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് അറിയപ്പെടുന്നത് ) കേരളത്തിൽ വിഴിഞ്ഞത്ത് മാത്രമേ പരിശുദ്ധ ദൈവമാതാവിന്റെ വിശേഷണവും സ്വരൂപവും വിഴിഞ്ഞം ഇടവകയിൽ മാത്രമേ കാണാനാകൂ..

.സിന്ധു യാത്രാ മാതാവ് എന്നത് ഇംഗ്ലീഷിൽ Our Lady of Good Voyage എന്നാണ് എഴുതുന്നത്…ലോകത്ത് ആദ്യമായി ഈ വിശേഷണം നൽകുന്നതും പോർച്ചുഗലിലാണ്…പോർച്ചുഗലിലെ എറിസിറിയ എന്ന സ്ഥലത്താണ് ആരംഭിക്കപ്പെട്ടത്.പോർച്ചുഗലിനോടൊപ്പം സ്പെയിനിലും ഇതേ വിശേഷണം നൽകി തുടങ്ങി. സമുദ്രങ്ങളെ കീറിമുറിച്ച് രാഷ്ട്രങ്ങളിലേയ്ക്ക് കുതിച്ചു പാഞ്ഞ പോർച്ചുഗീസ് നാവിക പാരമ്പര്യത്തിൽ വിജനവും വിദൂരവും അനന്തമായ ആഴിയിൽ അവർ നേരിട്ട പ്രതിസന്ധികളിൽ മാദ്ധസ്ഥ്യം തേടിയത് ഔവർ ലേഡി ഓഫ് ഗുഡ് വോയേജ് എന്ന സിന്ധു യാത്രാ മാതാവിനോടായിരുന്നു..

.അങ്ങനെയൊരു പ്രതിസന്ധിയിൽ രൂക്ഷ താണ്ഡവമാടിയ ആഴിയിൽ പകച്ചു നിന്ന ഒരു കൂട്ടം പോർച്ചുഗീസ് നാവികർ മാദ്ധസ്ഥ്യം തേടുകയും തങ്ങളെ രക്ഷിക്കണമെന്നും അതിനു പകരമായി തങ്ങളുടെ പക്കലുണ്ടായിരുന്ന സിന്ധു യാത്രാ മാതാവിനെ പേടകത്തിലാക്കി ആ പേടകം ഏത് തീരത്ത് ചെന്ന് എത്തുന്നുവോ സിന്ധു യാത്രാ മാതാവിന്റെ നാമത്തിൽ അവിടെയൊരു ദേവാലയം പണിയാമെന്നും പ്രതിജ്ഞ ചെയ്തു…അങ്ങനെ അവർ ആഴിയിലേയ്ക്ക് അയച്ച പേടകം വന്നു ചേർന്നത് ആയി രാജാക്കൻമാരുടെ കാലം മുതലേ തുറമുഖമായിരുന്ന, ചേര – ചോള – പാണ്ഡ്യ യുദ്ധങ്ങളുടെ പാരമ്പര്യമുള്ള വിഴിഞ്ഞം തീരത്തായിരുന്നു…

വിഴിഞ്ഞം ജനത തങ്ങളുടെ ഇടവക മദ്ധ്യസ്ഥയായി സിന്ധു യാത്രാ മാതാവിനെ സ്വീകരിച്ചു…അവിടെ ഒരു ദേവാലയം ഉയർന്നു.ഇതാണ് ഐതീഹ്യം…അതിനു ശേഷം 1875 ൽ ദേവാലയം പുതുക്കി പണിയപ്പെട്ടുവിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പഴയ പള്ളിലെ ചുമരിൽ പോർച്ചുഗീസ് ഭാഷയിൽ കൊത്തിവച്ചിട്ടുണ്ട്.ആ ചെറു ദേവാലയത്തിന്റെ സുന്ദരമായ അൾത്താര പോർച്ചുഗീസ് പാരമ്പര്യം വിളിച്ചോതുന്നു…1950 കളിൽ പണി തുടങ്ങിയ പുതിയ പള്ളി എൺപതുകളിലാണ് പൂർത്തീകരിക്കപെട്ടത്. അതിനെപ്പറ്റി വിവരിക്കുന്ന വിഴിഞ്ഞം ഇടവക വികാരിയായിരുന്ന ഫാ.ജി. സ്റ്റീഫൻ എഴുതി ഒവിആർ സംഗീതം നൽകി അഡോൾഫ് ജെറോം ആലപിച്ച ഗാനമുണ്ട് ( https://youtu.be/ALyyiUgLJU8)തുണുകളില്ലാത്ത മേൽക്കുരയിൽതീർത്തപുതിയ പള്ളിയുടെ വാസ്തു ചാരുത നാൽപതു വർഷങ്ങൾക്കു ശേഷവും ഒരു വിസ്മയം തന്നെയാണ്..

.ഏകദേശം അയ്യായിരത്തിനടുത്ത് കുടുംബങ്ങളുള്ള,പതിനെട്ടായിരത്തോളം ജനസംഖ്യയുള്ള ഞങ്ങളുടെ ഇടവകയിൽ ഭൂരിപക്ഷമായ മത്സ്യത്തൊഴിലാളികൾ കടലിൽ അന്നം തേടി പോകുന്നത് സിന്ധു യാത്രാ മാതാവിന്റെ മാദ്ധസ്ഥ്യം തേടിയാണ്…കടലിൽ പോകുമ്പോഴും തിരികെ വരുമ്പോഴും നഗ്നനേത്രങ്ങൾ കൊണ്ട് കാണാകുന്ന വസ്തുക്കളിൽ ഒന്ന് ഞങ്ങളുടെ പുതിയ പള്ളിയാണെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു വച്ചിട്ടുണ്ട്…

.ക്രിസ്തുമസ് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച്ച കൊടിയേറി ഒൻപതാം നാൾ വരുന്ന ശനിയാഴ്ച്ച വിഴിഞ്ഞത്തിന്റെ വിരിമാറിലൂടെ പഴയ പള്ളിയിൽ നിന്നും തിരുസ്വരൂപം വഹിച്ചു കൊണ്ട് പുതിയ പള്ളിയിൽ വന്നു ചേർന്ന് പത്താം നാൾ പൊന്തിഫിക്കൽ വിശുദ്ധ കുർബ്ബാനയർപ്പിച്ച് പുതിയ പള്ളി മുറ്റത്തെ തിരുന്നാൾ കൊടിയിറക്കി എട്ടാമിടത്തിൽ പഴയ പള്ളിയിലെ കൊടിയും ഇറക്കുമ്പോൾ വിഴിഞ്ഞത്തിന്റെ ഉത്സവമേളം അവസാനിക്കുന്നു.

...പറയുവാൻ ഏറെയുണ്ട്……..അത്രത്തോളം സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്.

പരിശുദ്ധ സിന്ധു യാത്രാ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..

CLINTON DAMIAN

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു