
പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന് .
സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ:

പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ഒരു അത്ഭുതം.

വിശുദ്ധ പിയോ ഉപയോഗിച്ചിരുന്ന കാസയും പീലാസും പുസ്തകങ്ങളും കുർബാനയ്ക്കുള്ള തിരുവസ്ത്രങ്ങളും, അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും ചില്ല് കൂട്ടിൽ ഇട്ട് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു (താഴെ വീഡിയോ കൊടുത്തിട്ടുണ്ട്).
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ പാദ്രെ പിയോയുടെ അഴുകാത്ത ശരീരം,

അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി. ഇന്ന് ധാരാളം ആൾക്കാർ തങ്ങളുടെ ആഗ്രഹം സാധിച്ച് കിട്ടുന്നതിനായ് ചെറിയ കുറിപ്പുകളും ഫോട്ടോയും ആ മുറിയിലേക്ക് ഇടാറുണ്ട്.

പാദ്രെ പിയോ ജീവിച്ച പുണ്യഭൂമിയിൽ ഒരിയ്ക്കലും നടക്കില്ല എന്ന് കരുതിയ ഒരു തീർത്ഥാടനം:




സ്വപ്നത്തിലും ഭാവനയിലും മാത്രം ഉള്ള ഒരു ആഗ്രഹം ആയിരുന്നു ഇറ്റലിയിലെ ജോവാനി റോത്തോന്തോ എന്ന സ്ഥലത്തുള്ള പാദ്രെ പിയോയുടെ കബറിടം സന്ദർശിയ്ക്കണം എന്നത്. കാരണം ഞാൻ സേവനം ചെയ്യുന്ന സ്ഥലത്തു നിന്ന് അവിടെ എത്താൻ രണ്ട് മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉള്ളതിനാലും, ഞങ്ങൾക്ക് ആ സ്ഥലത്തിന്റെ അടുത്തെങ്ങും ഒരു കോൺവെന്റ് ഇല്ലാത്തതിനാലും എന്റെ ഉള്ളിലെ ആഗ്രഹം ഞാൻ ആരോടും പറയാതെ ഒരിയ്ക്കലും നടക്കുവാൻ സാധ്യതയില്ലത്ത ഒന്നായ് ഒരു ഭാഗത്ത് മാറ്റി വച്ചു. എന്നാൽ 2019 മെയ്യ് മാസത്തിൽ അപ്രതീക്ഷിതമായ് ഞങ്ങളുടെ കോൺഗ്രിഗേഷന്റെ യൂത്തിന് വേണ്ടിയുള്ള ഒരു പ്രോഗ്രാം ഓർഗനൈസ് ചെയ്യുവാൻ വേണ്ടി ഞാനും ഞങ്ങളുടെ സന്യാസസഭയുടെ അസിസ്റ്റൻ്റ് ജനറാളും കൂടി “ഭോജ” എന്ന സ്ഥലത്തിനടുത്തുള്ള ഒരു ഇടവകയിൽ പോകാനിടയായി.

മൂന്ന് ദിവസത്തെ പ്രോഗ്രാമിനിടയിൽ രണ്ടാം ദിവസം ആ ഇടവകയിലെ അച്ചനും യുവജനങ്ങളും കൂടി ഞങ്ങൾക്ക് ഒരു സർപ്രൈസ് തരുവാൻ തീരുമാനിച്ചു. ഇന്ന് ചെറിയ ഒരു തീർത്ഥാടനം പോകാം എന്ന് പറഞ്ഞപ്പോൾ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ തീർത്ഥാടനം പാദ്രെ പിയോയുടെ കമ്പറിടത്തിലേയ്ക്ക് ആയിരുന്നു എന്ന്. 40 കിലോമീറ്റർ അകലയുള്ള ജോവാനി റോത്തോന്തോയിൽ എത്തി കണ്ണു കൊണ്ട് കണ്ടപ്പോൾ മാത്രമാണ് വിശ്വസിയ്ക്കാൻ സാധിച്ചത്. നല്ല ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, കാരണം മറ്റാർക്കും അറിയാത്ത എന്റെ മനസ്സിലെ ആഗ്രഹം കണ്ടറിഞ്ഞ് അത് സഫലമാക്കി തന്നു.

എന്റെ മനസ്സിലെ ന്യായമായ ഒരു ചെറിയ മോഹം പോലും സഫലമാക്കിത്തരാൻ കാത്തിരിയ്ക്കുന്ന എന്റെ ക്രിസ്തുവിന് നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ ജോവാനി റോത്തോന്തോ എന്ന ആ പുണ്യഭൂമിയോട് യാത്ര പറഞ്ഞത്…

Soniya Kuruvila Mathirappallil
(Sr Sonia Teres)