പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു.
പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു.
പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി.
കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള പ്രവാസികൾ തങ്ങളുടെ കുടുംബങ്ങൾക്കു മാത്രമല്ല, മാതൃരാജ്യത്തിനും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ബിഷപ്പ് അനുസ്മരിച്ചു.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ എന്നും സജീവമായി പ്രവർത്തിക്കുന്ന പ്രവാസികൾ ലോകം മുഴുവനും ബാധിച്ചിരിക്കുന്ന കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട്. വിദേശങ്ങളിലുള്ളവരും നാട്ടിൽ അവരുടെ കുടുംബാംഗങ്ങളും വ്യത്യസ്തമായ പ്രതിസന്ധികളെ നേരിടുമ്പോൾ സാധ്യമായ സഹായസഹകരണങ്ങൾ രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു.
മലയാളികളുടെ പൊതുവായും വിവിധ സമൂഹങ്ങളുടെയും രൂപതകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ സ്ഥലങ്ങളിലുള്ള വിവിധ പ്രസ്ഥാനങ്ങളെയും നന്ദിയോടെ അനുസ്മരിച്ച ബിഷപ്പ് അവരുമായി സഹകരിച്ചാണ് രൂപതയുടെ പ്രവാസി കാര്യാലയം പ്രവർത്തിക്കുന്നതെന്നും ഓർമ്മിപ്പിച്ചു.
വിവിധ സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിവിധ ലക്ഷ്യങ്ങളോടെ മലയാളികൾ യാത്ര ആരംഭിച്ചപ്പോൾ പാലാ രൂപതക്കാരുടെ മുഖ്യ സാന്നിധ്യം ഉണ്ടായിരുന്നു. തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ജനിച്ച നാടിന്റെ നന്മയും കാത്തു സൂക്ഷിക്കുന്നതിൽ പാലാ രൂപതയിലെ വിശ്വാസികൾ മുൻഗണന നൽകിയിരുന്നതിനെ ബിഷപ്പ് നന്ദിയോടെ അനുസ്മരിച്ചു.
പാലാ രൂപതയിലെ വിശ്വാസികൾ തങ്ങളുടെ കുടുംബങ്ങളിൽനിന്നും വിദൂരത്തേക്ക് പോയിട്ടുള്ള കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും പരിശീലനത്തിനും നന്മയ്ക്കും എന്നും താല്പര്യം കാണിച്ചിരുന്നതിനെ ബിഷപ്പ് അഭിനന്ദിച്ചു.
ഇപ്പോൾ രൂപതാ തലത്തിൽ ഉള്ള ഒരു ഏകോപനം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.