വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.

Share News

മാധ്യമ പ്രവർത്തകൻ എം ജെ ബാബു എഴുതുന്നു

വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.

പലരും പരിചിതമായ മുഖങ്ങൾ. ഇടമലക്കുടി യാത്രയിൽ കാൻ്റിനിലെ ചായ കുടി. പരിചയക്കാരോട് വിശേഷമറിയൽ. അതിനും മുമ്പ് യുവജന സംഘടന പ്രവർത്തകൻ എന്ന നിലയിൽ എത്രയോ തവണ പെട്ടിമുടിയിൽ. വാങ്ക, ടീ ശാപ്പിട്ട് പോകലാം എന്ന് പറയുന്നവർ.

ഇടമലക്കുടിയിൽ അതിസാരം രൂക്ഷമായിരുന്ന കാലത്ത് വിവരം അറിയിച്ചിരുന്നവരുണ്ട്. അവരുടെ മക്കളും പേരക്കുട്ടികളും. അവരിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുണ്ട്.വലിയ സ്വപ്നങ്ങൾ കണ്ടിരുന്നവർ, ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നവർ വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവരറിഞ്ഞിരിക്കില്ല, ആ ഉറക്കം ഉണരില്ലെന്ന്.

ഉരുൾപൊട്ടലിൻ്റെ സൂചന പോലുമുണ്ടായിരുന്നില്ല.

പെട്ടിമുടി മലയിൽ നിന്നുള്ള അരുവിക്കൊപ്പം ഉരുളും രാത്രിയിലെത്തി.

അവരുടെ കരച്ചിൽ, പ്രാർത്ഥന അതൊന്നും മഴയുടെ ശബ്ദത്തിൽ തൊട്ടടുത്തെ ദേവാലയങ്ങളിൽ പോലും എത്തിയില്ല.

മറ്റ് ലയങ്ങളിൽ താമസിക്കുന്നവർ നിസഹായരായിരുന്നു. വൈദ്യുതി ഇല്ല, ഫോണുകൾക്ക് ചാർജില്ല. എങ്കിലും അവർ ഉള്ള വെളിച്ചവുമായി ഇറങ്ങി.ഒരു രാത്രി മുഴുവൻ പ്രാർത്ഥനയും കരച്ചിലുമായി കാത്തിരുന്നു – നേരം പുലർന്ന് കിട്ടാൻ.

വെളിച്ചമെത്തിയിട്ട് വേണമായിരുന്നു രക്ഷാപ്രവർത്തനം നടത്താൻ. പക്ഷെ, വിധി മറിച്ചായിരുന്നു.

ആദരാഞ്ജലികൾ എന്ന് പറഞ്ഞ് അവസാനിപ്പിക്കാനാവുന്നില്ല.

നിങ്ങളിൽ പലരുടെയും മുഖം മായുന്നില്ല.

. ഇല്ല ഒരിക്കലും മായില്ല.

മൂന്നാർ നിലനിൽക്കുന്ന കാലത്തോളം നിങ്ങളും സ്മരിക്കപ്പെടും.

Share News