
വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
ആദരാഞ്ജലി
വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ

പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ കൈ്രസ്തവസാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കാം.
ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്ത ന്നെ ശ്രദ്ധേയനായി. വത്തിക്കാൻ കൂരിയായിലെ അദേഹത്തിന്റെ സേവനവും സാന്നിധ്യവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ അടിയുറച്ചതും പാരമ്പര്യ നിലപാടുകളോട് ചേർന്നുപോകുന്നതുമായിരുന്നു. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയോടു ചേർന്നുനിന്ന് സഭയുടെ പ്രബോധനങ്ങൾ വ്യക്തമായും ശക്തമായും നൽകുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

2005 ൽ മാർപാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടർന്നു. പൗരസ്ത്യസഭകളുമായി മാർപാപ്പ അടുത്തബന്ധം പുലർത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭകളോടുള്ള സാഹോദര്യത്തിലൂടെ സഭകൾതമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സീറോമലബാർസഭയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി പിതൃസഹജമായ കരുതലോടെ നിർണായകമായ തീരുമാനങ്ങൾ തന്റെ ഭരണകാലത്തു ബനഡിക്ട് പാപ്പ എടുത്തതും നന്ദിയോടെ അനുസ്മരിക്കുന്നു.

മാർപാപ്പയുടെ ഗൗരവമേറിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്ന തിരിച്ചറിവിൽ പാപ്പാസ്ഥാനം രാജിവച്ചുകൊണ്ട് സഭാ ശുശ്രൂഷാരംഗത്ത് പരിശുദ്ധ പിതാവ് നൽകിയ മാതൃക കാലഘട്ടത്തിനുതന്നെ വഴികാട്ടിയായി നിലകൊള്ളുന്നു. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരങ്ങളായി നിലനിൽക്കും. ദൈവം നൽകിയ എല്ലാ കഴിവുകളും വികസിപ്പിച്ചെടുത്ത് ദൈവത്തിനു മഹത്ത്വമേകിക്കൊണ്ടു കത്തോലിക്കാസഭയ്ക്കു ധീരമായ നേതൃത്വം നൽകിയ പരിശുദ്ധ പിതാവിനെ ഓർത്തു ദൈവത്തിനു നന്ദി പറയാം.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വർഗ്ഗത്തിലിരുന്ന് മാർപാപ്പ നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്നതിൽ സംശയമില്ല.

കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കുമാറാകട്ടെ!

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്


അതുല്യ വ്യക്തിത്വം: *
-പ്രൊലൈഫ് അപ്പോസ്‌തലേറ്റ്
കൊച്ചി: മനുഷ്യജീവിതത്തിന്റെ മഹത്വംലോകത്തിന് വെളിപ്പെടുത്തുന്നതിൽ സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ ചാക്രിയലേഖനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുവാൻ ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ പരിശ്രമിച്ച മാർപാപ്പയാണ് ബനഡിക്ട് പതിനാറമനെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കത്തോലിക്കാസഭയുടെ അടിസ്ഥാന മൂല്യങ്ങളിലും പാരമ്പര്യങ്ങളിലും അടിയുറച്ചുനിന്ന് ദൈവശാസ്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ, ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗവിവാഹങ്ങളെയും ശക്തമായി എതിര്‍ത്തും, കുടുംബമൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചും, വിശ്വാസസംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യനിലപാടുകളെടുത്ത ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ നേതൃത്വവും പ്രൊ ലൈഫ് പ്രവർത്തകർ ആദരവോടെ എക്കാലവും സ്മരിക്കുമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

