ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട

വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ.

ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ എത്തുമ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന എനിക്കു കൊച്ചി വിമാനത്താവളത്തിൻ അദ്ദേഹത്തെ സ്വീകരിക്കുവാനും കഴിഞ്ഞു.

ലീഡർ കെ.കരുണാകരനാണ് എന്നെ അദ്ദേഹത്തിലേക്കടുപ്പിച്ചത്. 1984 ൽ ഞാൻ പാർലമെൻ്റിൽ എത്തിയതുമുതൽ ആ ബന്ധം ഏറെ ദൃഢമായി. ഇക്കഴിഞ്ഞ മാർച്ച് വരെ പലപ്പോഴും അദ്ദേഹവുമായി നേരിട്ടു ബന്ധപ്പെടാൻ എനിക്കായി.

2010 ൽ അദേഹം ധനകാര്യ മന്ത്രിയായിരിക്കെ ഞാൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഭക്ഷ്യ സുരക്ഷാ ബില്ല് സംബന്ധിച്ച് മന്ത്രിസഭയിലും പാർലമെൻ്റിലും നടന്ന ചർച്ചകളിൽ ഏറ്റവും ശക്തമായ പിന്തുണ നല്കിയത് പ്രണബ് മുഖർജിയായിരുന്നു.

രാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹത്തോടൊപ്പം വിയറ്റ്നാം, ഉക്രയിൻ, പാലസ്തീൻ, ജോർദാൻ, ഇസ്രായേൽ എന്നീ ഔദ്യോഗിക യാത്രകളിൽ പങ്കാളിയാകാനും എനിക്കു കഴിഞ്ഞു. ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.

ഏതു വിഷയത്തിലും അഗാധമായ ജ്ഞാനം പുലർത്തിയിരുന്ന അദ്ദേഹത്തെ ജീവനുള്ള കമ്പ്യൂട്ടർ എന്നുകൂടി വിശേഷിപ്പിച്ചിരുന്നു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ മറുപടികൾ എല്ലാ അംഗങ്ങൾക്കും വളരെ തൃപ്തിയുളവാക്കും വിധമായിരുന്നു.

അദേഹം ധനകാര്യ മന്ത്രിയായിരിക്കെ ആർ.ബി.ഐ ഗവർണ്ണറായി നിയോഗിക്കപ്പെട്ട ഡോ.മൻമോഹൻ സിംഗ് പിന്നീട് പ്രധാനമന്ത്രിയായി എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം പാർലമെൻ്റിൽ പ്രവർത്തിക്കാനും പ്രണബ് ദായിക്കായി.

രാജ്യം വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലത്ത് അദ്ദേഹത്തിൻ്റെ അസാന്നിധ്യം നാടിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്

.ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

എനിക്കു വളരെ അടുപ്പമുള്ള അദ്ദേഹത്തിൻ്റെ കുടുംബാംഗളോട് അനുശോചനം അറിയിക്കുന്നു.

KV Thomas

Share News