പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി.

Share News

ആദർശത്തിന്റെ വിളക്കുമരം.

പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി. വിദ്യാര്ഥി കാലത്തു തന്നെ ഒരു പ്രക്ഷോഭകാരിയായി അറിയപ്പെട്ട കെ.എം.ചാണ്ടി എസ്. ബി. കോളേജിൽ ദിവാൻ ഭരണത്തി നെതിരെ വിദ്യാർത്ഥി സത്യാഗ്രഹം നയിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് നാന്ദി കുറിച്ചത്‌.

പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുംഡോ.പി.സി.അലക്സാണ്ടറും പിൽക്കാലത്തു അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന അക്കമ്മ അലക്സാണ്ടറും പി. എം. അബ്രഹാം ഐ.എ. എസും ഒക്കെ സതീർഥ്യരായി. അവിടെ പഠിക്കുന്ന കാല ത്താണ് ചാണ്ടി സാർ പ്രശസ്ത ഗാന്ധിയൻ ഡോ. ജി. രാമചന്ദ്രൻ നടത്തിയിരുന്ന ടാഗോർ അക്കാദമിയിൽ ചേർന്നു പ്രവർത്തിച്ചത്. ഗാന്ധി മാർഗ്ഗ ത്തിലേക്കുള്ള ആദ്യ പടി അതായിരുന്നു. തിരിയെ പാലായിൽ വന്നപ്പോൾ ആർ. വി. തോമസ് അദ്ദേഹത്തെ പി.ടി. ചാക്കോ കോട്ടയത്തേക്ക് മാറിയതിനെ തുടർന്നുണ്ടായ ഒഴിവിൽ മീനച്ചിൽ താലൂക്ക് സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിസ്ഥാനത്തേക്കും നിർദ്ദേശിക്കുക യായിരുന്നു. നല്ല പ്രഭാഷകനും ഒന്നാംതരം സംഘാടകനുമായിരുന്നു ചാണ്ടി സാർ. പ്രായം വച്ചാൽ വളരെ ചെറുപ്പവും. 23 വയസ്സു മാത്രം. പക്ഷെ പ്രായത്തിൽ കവിഞ്ഞ പക്വതയും ഉറച്ച ആദർശ നിലപാടുകളും ചാണ്ടി സാറിന്റെ ജനസമ്മതി ഉയർത്തി. സ്വാതന്ത്ര്യ സമര കാലത്തു പലതവണ അറസ്റ്റും തടവ് ശിക്ഷയും ഉണ്ടായി. ഒന്നാംതരം പ്രക്ഷോഭകൻ.

സ്വാതന്ത്ര്യ ലബ്ധിയെ തുടർന്ന് ഇരുപതിയാറാം വയസ്സിൽ 1948ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ. എ ആയി എതിരി ല്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആർ. വി.തോമസും ചെറിയാൻ കാപ്പനും ഉൾപ്പെടെ മീനച്ചിൽ താലൂക്കിൽ നിന്നു മത്സരിച്ച എല്ലാ കോണ്ഗ്രസ് സ്ഥാനാർത്ഥികളും അപ്രാവശ്യം എതിരില്ലാതെയാണ്തെരഞ്ഞെടുക്കപ്പെട്ടത്.നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും ചാണ്ടിസാറിനായി. ആർ. വി. തോമസ് പിന്നീട് നിയമ സഭാ സ്പീക്കർ ആയും എതിരി ല്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്തു പ്രൊഫ. ചാണ്ടി നിയമസഭയിലെ ഭരണകക്ഷി ചീഫ് വിപ്പുമായി. ചെറിയാൻ കാപ്പനും കെ.എം. ചാണ്ടിയും അക്കാലത്തു നല്ല നിയമസഭാ സമാജികരെന്നും പേരെടുത്തു. പാലായുടെ ഒരു രാഷ്ട്രീയ നല്ലകാലമായിരുന്നു അതെന്നു പറയാം. ജനങ്ങൾ അവരെ ചാണ്ടി–കാപ്പൻ മാരെന്നു ഒന്നിച്ചാണ് പറഞ്ഞിരുന്നത്. പിൽക്കാലത്തു മന്ത്രി സ്ഥാനത്തേക്കും അവരുടെ പേരുകൾ പല തവണ നിര്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഉൾപ്പാർട്ടി പോരുകളിൽ പെട്ടു അതു നടക്കാതെ പോവുകയായിരുന്നു. പാലാ കോളേജിന്റെ സ്ഥാപനത്തിലും പാലാ വലിയ പാലത്തിന്റെ നിർമ്മാണത്തിലുമൊക്കെ ചാണ്ടി–കാപ്പൻ മാരുടെ സജീവ നേതൃത്വമുണ്ടായിരുന്നു.

കോണ്ഗ്രെസ്സിന്റെ സംഘടനാ രംഗത്തും ചാണ്ടി സാർ വളരെ സജീവമായി.ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, ഖജാൻജി, എ. ഐ. സി. സി. മെമ്പർ,പിപിൽക്കാലത്തു കെ.പി.സി.സി. പ്രസിഡന്റ്, പിന്നീട് പോണ്ടിച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ, ഗുജറാത്ത് ഗവർണ്ണർ, മധ്യപ്രദേശ്ഗവർണ്ണർ തുടങ്ങി ഒട്ടേറെ പദവികൾവഹിച്ച അദ്ദേഹം ഇടക്കാലത്ത് ഇന്ത്യൻ റബ്ബർ ബോർഡ് ചെയർമാൻ സ്ഥാനത്തു ആറു വർഷത്തോളം ഉണ്ടായിരുന്നു. അക്കാലം റബർ കർഷകരുടെ നല്ലകാലവുമായിരുന്നുവെന്നും നിസ്സംശയം പറയാം. അതുപോലെ മറ്റൊരു കർഷക സൗഹൃദ കാലം റബ്ബർ മേഖലയുടെ ചരിത്രത്തിൽ പി.സി. സിറിയക് ഐ. എ. എസ് റബ്ബർ ബോർഡ് ചെയർമാ നായിരുന്നപ്പോൾ മാത്രമേ ഉണ്ടായിട്ടു ള്ളൂവെന്നും പറയണം.

പാലാ കോളേജിൽ ആദ്യകാലം മുതൽ അധ്യാപകനായിരുന്ന ചാണ്ടി സാർ വർഷങ്ങളോളം ഇംഗ്ലീഷ് വകുപ്പിന്റെ പ്രൊഫസറുമായിരുന്നു. ഒന്നാംതരം അധ്യാപകനായിരുന്നു ചാണ്ടി സാർ. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴും ക്ലാസ്സുകൾ ഒന്നും അദ്ദേഹം ഒരിക്കലും മുടക്കിയിരുന്നുമില്ല. ചാണ്ടിസാറിന്റെ ഷേക്ക് സ്പിയർ ക്ലാസ്സുകളായിരുന്നു കൂടുതൽ ആകർഷകം. ഇംഗ്ലീഷും മലയാളവും ഒരുപോലെ കേമം.നല്ല വായനയുണ്ടായിരുന്ന അദ്ദേഹം ലൈബ്രറി കൗണ്സിലിന്റ നേതൃ നിലയിലും സജീവമായിരുന്നു.ജവഹർലാൽ നെഹ്റു, യൂ. എൻ. ദേബാർ, വി.കെ. കൃഷ്ണ മേനോൻ, അതുല്യ ഘോഷ് തുടങ്ങിയ ദേശീയ നേതാക്കൾ കേരളത്തിൽവരുമ്പോൾ അവരുടെ പ്രസംഗങ്ങൾ മലയാള ത്തിലേക്ക് അന്ന് തർജമ ചെയ്‌തിരുന്നത്‌ കെ.എം.ചാണ്ടി, സി.എം. സ്റ്റീഫൻ, ചൊവര പരമേശ്വരൻ മുതലായ നേതാക്കൾ ആയിരുന്നു. ദീർഘകാലം എം.എൽ.എ ആയിരുന്നുവെങ്കിലും ചാണ്ടി സാറിനു പിൽക്കാലത്തു പാർലമെന്റിലേക്കു മത്സരിച്ച രണ്ടു പ്രാവശ്യവും ജയിക്കാനായില്ല. കോണ്ഗ്രെസ്സിൽ അക്കാലത്തു മുണ്ടായിരുന്ന കടുത്ത ഉൾപ്പാർട്ടി വിഭാഗീയതയുടെ ഒരു ഇരയായി രുന്നു ചാണ്ടി സാറെന്നുപറയുന്നതാവും കൂടുതൽ ശരി.

രാഷ്ട്രീയത്തിലെ മാന്യനും സൗമ്യനു മായിരുന്ന ഒരു നേതാവായിരുന്നു പ്രൊഫ. കെ.എം. ചാണ്ടി യെന്നു പറയുന്നതാവും യാഥാർഥ്യതോട് ചേരുന്ന ഒരു നിരീക്ഷണം. എതിരാളികളോടുപോലും അദ്ദേഹം ഒരിക്കലും പകയോ വിരോധമോ വച്ചു പുലർത്തിയിരുന്നതുമില്ല. വിമോചനസമരം നയിച്ചവരിൽ മുൻനിരയിലായിരുന്നു അദ്ദേഹം. പാർട്ടിയിൽ യാഥാസ്ഥിതിക വിരുദ്ധനും പുരോഗമന വാദിയുമായിരുന്നെങ്കിലും ഒരു പരിധിവരെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനു മായിരുന്നു കെ.എം. ചാണ്ടി സാർ. വിമോചന സമര സമിതിയുടെ സംസ്ഥാന കൺവീനറായി അന്ന് ഭാരത കേസരി മന്നത്തു പദ്മനാഭൻ നാമനിർദേശം ചെയ്തതും പ്രൊഫ. കെ.എം. ചാണ്ടി സാറിനെത്തന്നെ ആയിരുന്നല്ലോ.

കേരളത്തിൽ യൂത്ത് കോണ്ഗ്രെസ്സി ന്റെയും ഐ. എൻ.ടി.യൂ. സി യുടെ യും സ്ഥാപക നേതാക്കളിലൊ രാളുമായിരുന്നു ചാണ്ടി സാർ. കോളജ് അധ്യാപക സംഘടനയുടസംസ്ഥാന അധ്യക്ഷനായും അഖിലേന്ത്യ റബ്ബർ കർഷക സംഘടനയുടെ ചെയർമാനായും ചാണ്ടി സാർ ദീർഘകാലം പ്രവർത്തിച്ചിരുന്നു. അര നൂറ്റാണ്ടു കാലം പൊതു രംഗത്തു പ്രവർത്തിച്ചിട്ടും ചാണ്ടിസാറിനെതിരെ ഒരിക്കൽ പോലും ഒരാരോപണവും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ പോലും ഉന്നയിച്ചതുമില്ല.അതീവ സംശുദ്ധവും അതി സുതാര്യവുമായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുപ്രൊഫ. കെ. എം. ചാണ്ടി.മൂന്നു സംസ്ഥാനങ്ങളിൽ ഗവർണ്ണർആയിരുന്നപ്പോഴും ഭരണഘടനാ തത്വങ്ങളെ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ചു. ഗുജറാത്തു ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി സാർ ആദ്യം പോയത് ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമത്തിലേക്കായിരുന്നു. മനസ്സിൽ അദ്ദേഹം എന്നും ഒരു ഗാന്ധി ഭക്തനായിരുന്നു വെന്നതാണ് സത്യം.വ്യക്തി ജീവിതത്തിലും എന്നും ഗാന്ധിയൻ തത്വങ്ങളെ അദ്ദേഹം മുറുകെപ്പിടിച്ചു. ഉറച്ച ഒരു ദൈവ വിശ്വാസിയുമായിരുന്നു ചാണ്ടിസാർ. ഏതു യാത്രയിലും അദ്ദേഹം ഞായറാഴ്ചക്കുർബാന ഒരിക്കലും മുടക്കിയിരുന്നില്ല.

താരം താണ തമാശകൾ പോലും ചാണ്ടിസാറിന് ഇഷ്ടമായിരുന്നില്ല.ഏതിലും എന്തിലും എന്നും അദ്ദേഹം ഒരു ഉയർന്ന നിലവാരം പുലർത്തിയിരുന്നുവെന്നതാണ് ശരി.വാക്കിലും പ്രവർത്തിയിലും പ്രൗഡിയുടെ ഒരു ആഢ്യത്വം അദ്ദേഹത്തി നുണ്ടായിരുന്നു. അനുയായികളുടെ തോളിൽ കൈയിടുന്ന ശൈലിയും ചാണ്ടി സാറിനു അന്യമായിരുന്നു. ആരോടായാലും മാന്യമായ ഒരകലം എന്നതായിരുന്നു ചാണ്ടി സാറിന്റെ രീതി. ലളിതമായിരുന്നു വസ്ത്ര ധാരണമെങ്കിലും അതിലും ഒരു ക്ലാസ് ലുക്ക് അദ്ദേഹം നില നിർത്തി. ക്വാളിറ്റി ഖദറിന്റെ മുണ്ടും ജൂബ്ബയും. തോളിൽ ഖാദിയുടെ തേച്ചു മടക്കിയഒരു ഷാൾ. ബാറ്റയുടെ ബ്ലാക്ക്‌ ഓർ ബ്രൗണ് ഷൂസ്സായിരുന്നു പഥ്യം. സാധാരണ രാഷ്ട്രീയ നേതാക്കളുടെ രീതിയിലുള്ള പൊട്ടിച്ചിരിയും പതിവില്ല. ചിരിയിൽപ്പോലും എപ്പോഴും ചാണ്ടിസാർ ഒരുതരം മിതത്വം പാലിച്ചിരുന്നുവെന്നു ള്ളതാണ് സത്യം. ഒരുതരം രാജകീയമായ ചിരിയായിരുന്നു ഈ സോഷ്യലിസ്റ്റ് നേതാവിന്റെ രീതി.

എല്ലാ അർഥത്തിലും പ്രൊഫ കെ.എം. ചാണ്ടി സാർ വ്യത്യസ്തനായ ഒരു നേതാവായിരുന്നു. ആദർശം കൊണ്ടും സ്വഭാവ സംശുദ്ധി കൊണ്ടും ബൗദ്ധിക നിലവാരം കൊണ്ടും പ്രൗഡമായ അകലം കൊണ്ടും പ്രഭാഷണത്തിലേ ആഢ്യത്വം കൊണ്ടുമൊക്കെ ചാണ്ടി സാർ വ്യത്യസ്തനായി എന്നതാണ്വാസ്തവം. ജീവിതത്തിലെ ഋതുഭേദങ്ങളെ ഇതുപോലെ നിർമ്മമത യോടെയും, തികഞ്ഞ സമചിത്തത യോടെയും നേരിട്ട നേതാക്കളും ചുരുക്കമായിരിക്കണം. അപ്പോഴും രീതികൾക്കോ ശൈലികൾക്കോ മാറ്റമില്ല. ചാണ്ടി സാറിന്റെ സവിശേഷതയും അതുതന്നെ ആയിരുന്നു. എനിക്കദ്ദേഹം ഗുരുവായിരുന്നല്ലോ. എന്റെ രാഷ്ട്രീയകാലത്തു നേതാവുമായിരുന്നു. രാഷ്ട്രീയത്തിൽ രണ്ടു വഴിയായ പ്പോഴും അദ്ദേഹം എനിക്ക് മാർഗ ദർശിയും ഉപദേശകനുമായി. എന്റെ ഗാന്ധി ഭക്തിയിൽ അദ്ദേഹം വളരെ പ്രസന്നനായിരുന്നെങ്കിലും മൊറാർജി ഭക്തിയിൽ അത്ര സന്തുഷ്ടനാ യിരുന്നില്ല. ചാണ്ടി സാർ എന്നും ഒരു ഇന്ദിരാഗാന്ധി പക്ഷവാദി ആയിരുന്നു. ഒരിക്കൽപ്പോലും പക്ഷെ അതിന്റെ പേരിൽ എന്നോട് ഒരു നീരസം കാട്ടുകയോ പറയുക യോ കാണിക്കുകയോ ചെയ്തിട്ടു മില്ല. മനസ്സാക്ഷിയനുസരിച്ചു ശരി എന്ന് തോന്നുന്ന നിലപാട് എടുത്തു കൊള്ളുന്നതിനാണ് ഉപദേശിച്ചതും. അതായിരുന്നു ചാണ്ടിസാറിന്റെ മഹത്വവും എനിക്ക് കിട്ടിയ അനുഗ്രഹ ഗുരുത്വവും എന്നു ഞാൻ വിശ്വസിക്കുന്നു.

കെ.എം.ചാണ്ടി സാർ ജനിച്ചിട്ടു 100വർഷം തികയുകയാണ്. കടന്നു പോയിട്ടു22 വർഷവും. നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽപ്പോലും പാലായുടെ രാഷ്ട്രീയ സംശുദ്ധിയുടെ സൽപ്പെരുയർത്തിയ കെ.എം. ചാണ്ടിസാറിന്റെധന്യ സ്മരണക്കു പ്രണാമം.

ഡോ. സിറിയക് തോമസ്.

Share News