
രാജ്യത്ത് ഉഷ്‌ണതരംഗത്തിനു സാധ്യത:അഞ്ചു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണതരംഗം ശക്തമാകുന്നതിനാൽ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത രണ്ടു ദിവസത്തേക്ക് 45 ഡിഗ്രി സെല്ഷസിന് മുകളില്‍ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി.
ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.
മേയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാദ്ധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു