സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ സാമ്പിള്‍ സര്‍വേ നടത്തും

Share News

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന സാമ്പിള്‍ സര്‍വേ നടത്തുമെന്ന് ഈ വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വാര്‍ഡിലെയും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ച് കുടുംബങ്ങളിലാണ് സര്‍വേ നടത്തുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മേഖലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വേ നടത്തുക.


സര്‍വേ ഈ വര്‍ഷം ഡിസംബര്‍ 31നകം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ഫെബ്രുവരി അവസാനത്തോടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍വേയ്ക്ക് ആവശ്യമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തില്‍ 43 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ മാസം അഞ്ച് മേഖലാ യോഗങ്ങള്‍ കൂടി നടക്കും. പാലക്കാട് 20നും കൊട്ടയത്ത് 21നും കൊല്ലത്ത് 22നും കാസര്‍കോട് 26നും കണ്ണൂരില്‍ 27നുമാണ് യോഗം നടക്കുക. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം. മനോഹരന്‍ പിള്ള, എ. ജി. ഉണ്ണികൃഷ്ണന്‍, മെമ്പര്‍ സെക്രട്ടറി ജ്യോതി കെ. എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

October 7, 2021

Share News