
“മകന്റെ മുന്നിൽ യുവതിയെ പീഡപ്പിച്ചു ഭർത്താവ് ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ “
തലക്കെട്ട് വല്ലാതെ പൊള്ളിക്കുന്നു.

സെമിച്ചൻ ജോസഫ്
തുടർന്നങ്ങോട്ട് വായിക്കുമ്പോൾ മദ്യലഹരിയിൽ അന്ധനായി തീർന്ന ഭർത്താവ് തന്നെ നാലു വയസ്സുകാരൻ മകൻറെ സാന്നിധ്യം പോലും ഗൗനിക്കാതെ സ്വന്തം ഭാര്യയെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾക്ക് പീഡനത്തിനായി വിട്ടുകൊടുത്തു എന്നു മനസ്സിലാക്കാം. ഈ വാർത്തയെ ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടു അവഗണിക്കാൻ കഴിയില്ല. ഓൺലൈൻ വഴി മദ്യവിൽപ്പന ആരംഭിച്ചതിനുശേഷം സമാനമായ നിരവധി സംഭവങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മദ്യം മനുഷ്യൻറെ സാമാന്യബോധത്തെ യും യുക്തിയും എപ്രകാരം ബാധിക്കുന്നു എന്നതിന് ഇതിൽപരം തെളിവ് ആവശ്യമില്ല. ഈ വാർത്ത മറ്റ് ചില യാഥാർത്ഥ്യങ്ങളിലേക്കും വിരൽചൂണ്ടു ന്നുണ്ട്. ലോക്ക് ഡൗണിന്റെ നാളുകൾ സമ്മാനിച്ച ശാന്തിയുടെയും സമാധാനത്തെയും സാമൂഹികാന്തരീക്ഷം നമുക്ക് നഷ്ടപ്പെടുന്നു. നമ്മുടെ കുടുംബ അന്തരീക്ഷവും പൊതു ഇടങ്ങളും വീണ്ടും ലഹരിയുടെ പിടിയിൽ അമരുന്ന കാഴ്ച നിസ്സംഗതയോടെ കണ്ടു നിൽക്കേണ്ടി വരുന്ന മലയാളിയുടെ അവസ്ഥയോർത്ത് സഹതപിക്കുക വേണ്ടിവരുന്നത് സങ്കടകരമാണ്.
നഷ്ടപ്പെടുത്തിയത് വലിയ അവസരം
മദ്യത്തിൻറെ ഭീകരാവസ്ഥ യിൽ നിന്നും അനേകരെ രക്ഷപ്പെടുത്താം ആയിരുന്ന ഒരു അസുലഭ അവസരം കേരളം നഷ്ടപ്പെടുത്തി എന്നു വേണം വിലയിരുത്താൻ.
ലോക ഡൗൺ ന്റെ ആദ്യനാളുകളിൽ വിഡ്രോവൽ സിംപ്റ്റം സുമായി മ വിളിച്ച പലരും സാവധാനം മദ്യം ലഭിക്കാത്ത അവസ്ഥയോട് പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. ശരിയായ ഡിഅഡിക്ഷൻ ട്രീറ്റ്മെൻറ്ലൂടെയും കൗൺസിലിംഗിലൂടെയും ചിലരെങ്കിലും ഇനി മദ്യപിക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ മുന്നേറുന്നു. ഇത്തരം കുടുംബങ്ങളിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സന്തോഷം കാണുമ്പോൾ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ വലിയ ചാരിതാർത്ഥ്യം തോന്നി.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മുതൽ നിരവധി കാരണങ്ങൾ അക്കമിട്ട് നിരത്തി നമുക്കു മദ്യനയത്തെയും സുലഭമായ മദ്യ ലഭ്യതയെയും ഒക്കെ ന്യായീകരിക്കാൻ സാധിക്കും എന്നാൽ ഇന്നാട്ടിലെ സാധാരണക്കാരായ അമ്മമാരുടെ കണ്ണുനീരിനെ മായ്ച്ചുകളയാൻ ഇത്തരം ന്യായീകരണങ്ങൾ മതിയാവുകയില്ല.